ഞങ്ങള്‍ താമസിച്ചാണെത്തിയത്. “ഗണ്‍പതി ബാല യാദവ് നിങ്ങളെ നോക്കിക്കൊണ്ട് ഗ്രാമത്തില്‍നിന്നും രണ്ടുതവണ ഇതുവഴി കടന്നുപോയിരുന്നു”, ശിര്ഗാവില് നിന്നുള്ള ഞങ്ങളുടെ പത്രപ്രവര്‍ത്തക സുഹൃത്ത് സമ്പത്ത് മോരെ പറഞ്ഞു. “രണ്ടുതവണയും അദ്ദേഹം രാമപൂരിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോയി. നിങ്ങളെത്തിയെന്നു പറഞ്ഞാല്‍ അദ്ദേഹം മൂന്നാംതവണ തിരിച്ചുവരും.” രണ്ടു ഗ്രാമങ്ങളും തമ്മില്‍ 5 കിലോമീറ്ററുകളുടെ ദൂരമുണ്ട്. അത്രയുംദൂരം ഗണ്‍പതി യാദവ് സൈക്കിളിലാണ് സഞ്ചരിക്കുന്നത്. പക്ഷെ മൂന്നുതവണയെന്നു പറഞ്ഞാല്‍ 30 കിലോമീറ്റര്‍. അതും വേനല്‍ക്കാലത്തെ ഒരു മെയ് മാസ മദ്ധ്യാഹ്നത്തില്‍ വളരെയധികം ചെളിനിറഞ്ഞ റോഡിലൂടെ കാല് നൂറ്റാണ്ട് പഴക്കമുള്ള ഒരു സൈക്കിളില്‍. കൂടാതെ സൈക്കിള്‍ യാത്രികന് 97 വയസ്സുമുണ്ട്.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ, കാഡെഗാവ് ബ്ലോക്കിലെ, ശിര്‍ഗാവ് ഗ്രാമത്തിലുള്ള മോരെയുടെ മുത്തശ്ശന്റെ വീട്ടില്‍ ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് തയ്യാറായ സമയത്ത് ഗണ്‍പതി ബാല യാദവ് ശാന്തനായി തന്റെ സൈക്കിള്‍ ചവിട്ടുകയായിരുന്നു. വെയിലത്ത് അദ്ദേഹം അത്രദൂരം സൈക്കിള്‍ ചവിട്ടേണ്ടി വന്നതില്‍ ഞാന്‍ കാര്യമായി ക്ഷമാപണം നടത്തിയപ്പോള്‍ അദ്ദേഹം അമ്പരന്നു. “ഇത് വലിയ പ്രശ്നമല്ല”, തന്റെ പതിഞ്ഞ ശബ്ദത്തില്‍ സൗമ്യമായ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. “ഇന്നലെ ഉച്ചകഴിഞ്ഞ് വിടയിലേക്ക് ഞാനൊരു കല്യാണത്തിനു പോയിരുന്നു. അതും എന്റെ സൈക്കിളില്‍ തന്നെ ആയിരുന്നു. ഇങ്ങനെയാണ് ഞാന്‍ സഞ്ചരിക്കുന്നത്.” രാമപൂരില്നിന്നും വിടയില്‍ പോയി തിരിച്ചുവരുമ്പോള്‍ 40 കിലോമീറ്റര്‍ ആകും. കഴിഞ്ഞ ദിവസം ചൂട് കൂടുതലായിരുന്നു. താപനില 40-50 ഡിഗ്രി സെല്‍ഷ്യസിന് മദ്ധ്യേ ആയിരുന്നു.
“ഒന്നോരണ്ടോ വര്‍ഷം മുന്‍പ് അദ്ദേഹം പണ്ടര്‍പൂര്‍വരെ പോയി തിരിച്ചു വരുമായിരുന്നു, 150 കിലോമീറ്ററുകള്‍ അടുത്ത്”, സമ്പത്ത് മോരെ പറഞ്ഞു. “ഇപ്പോള്‍ അത്രയും ദൂരെ സഞ്ചരിക്കില്ല.”







