“എന്റെ കഥ നിങ്ങളുമായി പങ്കുവെക്കട്ടെ?”
നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും പ്രത്യക്ഷവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യമായിരുന്നു അത്. ചോദിച്ചയാൾക്ക് അത് ചോദിക്കാനുള്ള ന്യായമായ കാരണവുമുണ്ടായിരുന്നു. തമിഴ് നാട്ടിലെ അധികമൊന്നും അറിയപ്പെടാത്ത വില്ലുപുരം ജില്ലയിലെ ജനനി (പേർ മാറ്റിയിട്ടുണ്ട്) തന്റെ ജീവിതകഥയെക്കുറിച്ച് പറയുന്നത് “ക്ഷയരോഗം അതിനെ പൂർണ്ണമായും മാറ്റിമറിച്ചു” എന്നാണ്.
വിവാഹത്തിനുശേഷം ഒന്നര കൊല്ലം കഴിഞ്ഞ് നാലുമാസം പ്രായമുള്ള മകൻ ജനിച്ചപ്പോഴാണ് അവർക്ക് ടി.ബി. ബാധിച്ചത്. “മേയ് 2020-ലായിരുന്നു അത്. അതിനും ഒരു മാസം മുൻപേ രോഗലക്ഷണങ്ങൾ (ശക്തിയായ ചുമയും പനിയും) കണ്ടിരുന്നു”. എല്ലാ പതിവ് പരിശോധനകളും പരാജയപ്പെട്ടപ്പോൾ ടി.ബി.ക്കുള്ള പരിശോധന നടത്താൻ ഡോക്ടർമാർ പറഞ്ഞു. ക്ഷയരോഗമാണെന്ന് തെളിഞ്ഞപ്പോൾ ഞാനാകെ തളർന്നു. എനിക്ക് പരിചയമുള്ള ആർക്കും അതുണ്ടായിട്ടില്ല. എന്നെ അത് ബാധിക്കുമെന്നു ഞാൻ സങ്കൽപ്പിച്ചതുപോലുമില്ല.
“ഞങ്ങളുടെ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ഒറ്റപ്പെടുത്തുന്ന രോഗം, എല്ലാവിധ സാമൂഹികബന്ധങ്ങളും അവസാനിപ്പിക്കുന്ന ഒന്ന് – എന്നെ അത് ബാധിച്ചെന്നോ!”
വളരെയധികം സ്നേഹിച്ചിരുന്ന ഭർത്താവ്, അന്നുതൊട്ട്, 27 വയസ്സുള്ള ജനനിയെ നിരന്തരം കുറ്റപ്പെടുത്താൻ തുടങ്ങി. അവൾ തനിക്കും രോഗം പരത്തുമെന്ന് അയാൾ ഭയപ്പെട്ടു. “വാക്കുകൊണ്ടും ശാരീരികമായും അദ്ദേഹം എന്നെ പീഡിപ്പിക്കാൻ തുടങ്ങി. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ മുമ്പുണ്ടായിരുന്ന വൃക്കസംബന്ധമായ അസുഖത്താൽ അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയി. പക്ഷേ അതുപോലും എന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു അദ്ദേഹം”.
ആ സമയത്ത് ഏറ്റവുമധികം അപകടസാധ്യത ഉണ്ടായിരുന്നത് അവർക്കുതന്നെയായിരുന്നു.
സാംക്രമികരോഗങ്ങളിൽ ഏറ്റവുമധികമാളുകളെ കൊല്ലുന്നത് ഇപ്പോഴും ക്ഷയരോഗമാണ്.










