“എലികൾ പുരപ്പുറത്തുനിന്ന് ചത്ത് താഴെ വീഴുന്നത് എനിക്കോർമ്മയുണ്ട്. ഇതിനേക്കാൾ ഭീതിദമായ മറ്റൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല. നിങ്ങളൊരുപക്ഷേ ചിരിച്ചേക്കാം, പക്ഷേ പുരപ്പുറത്തുനിന്ന് എലികൾ വീഴുക എന്നതിനർത്ഥം, എന്ന് തിരിച്ചുവരാനാകുമെന്നറിയാതെ വീടുകൾ ഉപേക്ഷിച്ച് പോവുക എന്നതാണ്.”
കോയമ്പത്തൂരിലെ കാളപ്പട്ടിയിൽ താമസിക്കുന്ന എ. കുഴന്തൈയമ്മാളാണ് ആ ഓർമ്മകൾ ഒരു ദൃശ്യം പോലെ വിവരിച്ചത്. 1940-കളിൽ പ്ലേഗ് കോയമ്പത്തൂരിനെ ഗ്രസിക്കുമ്പോൾ കൗമാരപ്രായമായിട്ടുണ്ടായിരുന്നില്ല, ഇന്ന് 80 കഴിഞ്ഞ കുഴന്തൈയമ്മാളിന്.
വസൂരി മുതൽ പ്ലേഗും കോളറയും വരെയുള്ള മഹാവ്യാധികളുടെ ചരിത്രം, കോയമ്പത്തൂരിൽ ഒരു സവിശേഷപ്രതിഭാസത്തിന് തുടക്കം കുറിച്ചു. മറ്റിടങ്ങളിലും ആ പ്രതിഭാസം സാധാരണമാണെങ്കിലും, ഈ നഗരത്തിൽ അത് വളരെക്കൂടുതലായിരുന്നു. പ്ലേഗ് മാരിയമ്മൻ (‘കറുത്ത മാരിയമ്മന്‍’ എന്നും വിളിക്കുന്നു) കോവിലുകളുടെ ആവിർഭാവം. ഈ നഗരത്തിൽമാത്രം അത്തരം 16 കോവിലുകളാണ് നിർമ്മിക്കപ്പെട്ടത്.
ഇതാ ഇപ്പോൾ, കോവിഡ് 19 മഹാവ്യാധി ഒരു ‘കൊറോണ ദേവി’ ക്ഷേത്രത്തിനും ജന്മം കൊടുത്തിട്ടുണ്ട്. പക്ഷേ പ്ലേഗ് മാരിയമ്മൻ മന്ദിരങ്ങൾക്കാണ് ഇപ്പൊഴും കൂടുതൽ ഭക്തരുള്ളത്. സമീപത്തുള്ള തിരുപ്പുർ ജില്ലയിലും ചില മന്ദിരങ്ങളുണ്ട്. അവിടെ നടക്കുന്ന ഉത്സവങ്ങളും ഭക്തരെ ആകർഷിക്കുന്നു.
ആയിരക്കണക്കിനാളുകളുടെ മരണത്തിലേക്ക് നയിച്ചുകൊണ്ട് 1903 മുതല്‍ 1942 വരെ 10 തവണയെങ്കിലും കോയമ്പത്തൂരിനെ പ്ലേഗ് ബാധിച്ചു. അതിനുശേഷം ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും, അതിനെക്കുറിച്ചുള്ള ഓർമ്മകൾ ഈ നഗരത്തിന്റെ പൊതുബോധത്തിന്റെ ഓർമ്മസഞ്ചയത്തിൽ മായാതെ കിടക്കുന്നുണ്ട്. കുഴന്തൈയമ്മാളിനെപ്പോലെയുള്ള പ്രായമായ ആളുകൾക്ക് പ്ലേഗിനെക്കുറിച്ചുള്ള പരാമർശംപോലും ആ നഗരത്തിന് കടന്നുപോകേണ്ടിവന്ന നടുങ്ങുന്ന അനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.
തിരക്കേറിയ ടൗൺ ഹാൾ ഭാഗത്തെ ഏറ്റവും പ്രസിദ്ധമായ പ്ലേഗ് മാരിയമ്മൻ ക്ഷേത്രത്തിന്റെ പുറത്ത്, ഒരു പൂവില്പനക്കാരി വൈകുന്നേരത്തെ തിരക്കുള്ള കച്ചവടത്തിന് തയ്യാറെടുക്കുകയായിരുന്നു. “ഇന്ന് വെള്ളിയാഴ്ചയാണ്. നല്ല തിരക്കുണ്ടാവും”, പൂക്കൾ കോർക്കുന്ന തന്റെ കൈകളിൽനിന്ന് കണ്ണെടുക്കാതെ, 40 കഴിഞ്ഞ കണ്ണമ്മാൾ പറഞ്ഞു
“അറിയാമോ, നല്ല ശക്തിയുള്ളവളാണ് അവൾ. കൊറോണ ദേവി ക്ഷേത്രം വന്നിട്ടുണ്ടെങ്കിലും കറുത്ത മാരിയമ്മൻ ഞങ്ങളുടെ സ്വന്തം ആളാണ്. ഞങ്ങൾ ഇനിയും അവളെ ആരാധിക്കും. പ്രത്യേകിച്ചും എന്തെങ്കിലും അസുഖങ്ങൾ വന്നാലും, മറ്റ് പൊതുവായ കാര്യങ്ങൾക്കും”. ‘പൊതുവായ കാര്യങ്ങൾ’ എന്ന് പറഞ്ഞത്, ഭക്തരുടെ സാധാരണമായ ആവശ്യങ്ങളെയാണ് – അഭിവൃദ്ധി, വിജയം, ദീർഘായുസ്സ് തുടങ്ങിയവ. പ്ലേഗ് അവസാനിച്ച്, നാല് പതിറ്റാണ്ടുകൾക്കുശേഷമാണ് കണ്ണമ്മാൾ ജനിച്ചത്. പക്ഷേ അവരുടെ തലമുറയിൽ പലരും ഇപ്പോഴും മാരിയമ്മന്റെ അടുത്തേക്കാണ് പോവുക.












