"ഏതൊരു ദിവസമെടുത്താലും, ഈ ഗ്രാമത്തിലെ പകുതിയോളം പുരുഷന്മാർ ഗ്രാമത്തിന് പുറത്തായിരിക്കും. ഹൈദരാബാദിലെ അംബർപേട്ട് മാർക്കറ്റിലും വിജയവാഡയിലെ ബസന്ത് റോഡിലും മുംബൈയിലെ വാഷി മാർക്കറ്റിലും ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ സമീപത്തും അല്ലെങ്കിൽ ഡൽഹിയിലെ പഹർഗഞ്ചിലുമെല്ലാം നടന്ന് കൊട്ടകളും ഊഞ്ഞാലുകളും വിൽക്കുകയായിരിക്കും അവർ.", ഉത്തരാഞ്ചലിൽ വിൽപ്പനയ്ക്കുപോയി ഈയടുത്ത് തിരിച്ചെത്തിയ മയലാപ്പിള്ളി പട്ടയ്യ പറയുന്നു.
42 വയസ്സുകാരനായ പട്ടയ്യ, മറ്റ് ഗ്രാമവാസികളെപ്പോലെ, ഏതാണ്ട് 20 വർഷം മുൻപാണ് നൈലോൺ കയർകൊണ്ട് നെയ്യുന്ന കൊട്ടകളും ബാഗുകളും ഊഞ്ഞാലുകളുമെല്ലാം നിർമ്മിച്ചുതുടങ്ങിയത്. അതിനുമുൻപ്, കൊവ്വാഡ ഗ്രാമത്തിൽ ജനങ്ങളുടെ പ്രധാന ജീവനോപാധി മത്സ്യബന്ധനമായിരുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള, 250-ടുത്ത് ആളുകൾ മാത്രം താമസിക്കുന്ന കൊവ്വാഡ (സെൻസസ് രേഖകളിൽ ജീരുകൊവ്വാഡ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു), ശ്രീകാകുളം ജില്ലയിലെ രണസ്ഥലം മണ്ഡലിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഒരു ചെറിയ തീരദേശ ഗ്രാമമാണ്.
ഇരുപതുവർഷങ്ങൾക്കുമുൻപ്, ജലമലിനീകരണംമൂലം ഈ പ്രദേശത്തെ ജലവിഭവങ്ങൾ ഗുരുതരമായി ശോഷിക്കാൻതുടങ്ങി. 1990കളിൽ, കൊവ്വാഡ ഗ്രാമത്തിൽനിന്ന് കഷ്ടി 10 കിലോമീറ്റർ അകലെയുള്ള പിദിഭീമാവരം ഗ്രാമത്തിൽ ഉയർന്നുവന്ന മരുന്ന് നിർമ്മാണശാലകൾ, കാലക്രമേണ കടൽവെള്ളത്തെയും ഭൂഗർഭജലത്തെയും മലിനമാക്കിയതായി പഠനങ്ങൾ കാണിക്കുന്നു.
ഔഷധനിർമ്മാണപ്രക്രിയകൾക്കിടെ പുറന്തള്ളപ്പെടുന്ന അപകടകരമായ മാലിന്യങ്ങൾ കണക്കിലെടുത്ത്, ഈ മേഖലയിലെ പ്രവർത്തനങ്ങളെ ഇന്ത്യൻ പരിസ്ഥിതി മന്ത്രാലയം 'റെഡ് കാറ്റഗറി' പ്രവർത്തനങ്ങൾ ആയിട്ടാണ് പരിഗണിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ, ആഗോളവത്ക്കരണത്തിന്റെ കടന്നുവരവിന് പിന്നാലെ, ഔഷധനിർമ്മാണ വ്യവസായം "ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിലൊന്നായി" മാറിയെന്ന് 'ഇമ്പാക്ട്സ് ഓഫ് ഫാർമസ്യൂട്ടിക്കൽ പൊലൂഷൻ ഓൺ കമ്യൂണിറ്റീസ് ആൻഡ് എൻവയൺമെന്റ് ഇൻ ഇന്ത്യ' എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ് ആന്ധ്രാപ്രദേശും തെലങ്കാനയും. "ഔഷധനിർമ്മാണ വ്യവസായത്തിന് തെലങ്കാനയിലും ആന്ധ്രയിലുമുണ്ടായ അനിയന്ത്രിതമായ വികസനം സൃഷ്ടിച്ച, നീണ്ടുനിൽക്കുന്ന, പ്രതികൂല പ്രത്യാഘാതങ്ങൾ' സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.









