ബാഗലെകോട്ടെ-ബെല്‍ഗാം റോഡിലൂടെ നടക്കുകയായിരുന്ന എസ്. ബണ്ഡേപയെ ഞാന്‍ കണ്ടുമുട്ടി. കുറച്ചുസമയം തന്റെ മൃഗങ്ങള്‍ക്കു തങ്ങാനായി ഒരു കൃഷിസ്ഥലം അന്വേഷിക്കുകയായിരുന്നു അദ്ദേഹം. “ഭൂവുടമകളെ കണ്ടെത്തുകയാണ് ഞങ്ങളുടെ ജോലി, എന്റെ മൃഗങ്ങള്‍ അവരുടെ നിലത്തിന് നല്കുന്ന ചാണകത്തിന് അവര്‍ നല്ല വിലതരും”, അദ്ദേഹം പറഞ്ഞു. അതൊരു തണുപ്പ് കാലമായിരുന്നു, കൃഷിജോലികള്‍ കുറവുള്ള ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കുറുബ ഇടയര്‍ യാത്ര തുടങ്ങുന്ന സമയം.
കര്‍ണാടകയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കുറുബ ഇടയര്‍ ആ സമയം മുതല്‍ ഏകദേശം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ വരെ രണ്ടോ മൂന്നോ കുടുംബങ്ങളുടെ കൂട്ടങ്ങളായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സാധാരണയായി ഒരേ പാതയിലൂടെത്തന്നെയാണ് നീങ്ങുന്നത്. സ്വന്തം കണക്കുപ്രകാരം മൊത്തത്തില്‍ 600 മുതല്‍ 800 കിലോമീറ്റര്‍ വരെയാണ് അവര്‍ യാത്ര ചെയ്യുന്നത്. തരിശ് നിലങ്ങളിലാണ് അവരുടെ ആടുകളും ചെമ്മരിയാടുകളും മേയുന്നത്. കര്‍ഷകരില്‍നിന്നും മൃഗങ്ങളുടെ ചാണകത്തിന് ചെറിയൊരു തുകയും ഇടയര്‍ക്ക് ലഭിക്കുന്നു. കുറച്ചുദിവസം തങ്ങുന്നതിനു പ്രതിഫലമായി ഓരോ ഇടത്തെയും ‘നല്ല ഭൂവുടമ’കളില്‍ നിന്നും പരമാവധി 1,000 രൂപവരെ തനിയ്ക്ക് ലഭിക്കുമെന്ന് ബണ്ഡേപ പറഞ്ഞു. അതിനുശേഷം അദ്ദേഹം അടുത്ത ഇടത്തേക്ക് പോവുകയും അവിടെ നിന്നും സാമാന്യം നല്ലരീതിയില്‍ ഇടപാട് നടത്താൻ പറ്റുന്ന അടുത്തുള്ള കൃഷിയിടങ്ങള്‍ നോക്കുകയും ചെയ്യും. മുന്‍പൊക്കെ ഭക്ഷ്യധാന്യങ്ങൾ, ശർക്കര, വസ്ത്രങ്ങൾ എന്നിവയൊക്കെ ലഭിച്ചിരുന്നെന്നും, എന്നാൽ കർഷകരുമായി ഇക്കാര്യങ്ങളില്‍ വിലപേശല്‍ നടത്തുന്നത് ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഭൂവുടമകളുടെ ഭൂമിയില്‍ ഞങ്ങളുടെ മൃഗങ്ങളോടും കുട്ടികളോടുമൊപ്പം വസിക്കുകയെന്നത് [ഇപ്പോള്‍] എളുപ്പമല്ല”, നീലപ്പ ചച്ഡി പറഞ്ഞു. ബെൽഗാം (ഇപ്പോള്‍ ബെലഗാവി) ജില്ലയിലെ ബൈലഹോംഗല താലൂക്കിലെ ബൈലഹോംഗല-മുനവല്ലി റോഡിനടുത്തുള്ള ഒരു പാടത്തുവച്ചാണ് ഞാനദ്ദേഹത്തെ കണ്ടുമുട്ടിയത്. മൃഗങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനായി കയറുകള്‍കൊണ്ട് വേലി കെട്ടുകയായിരുന്നു അപ്പോള്‍ അദ്ദേഹം.
പക്ഷെ അതുമാത്രമല്ല കുറുബ ഇടയര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മാറ്റം. കഴിഞ്ഞ രണ്ട് ദശകത്തിലധികമായി അവരുടെ ചെമ്മരിയാടുകളില്‍ (ദക്ഷിണ-മദ്ധ്യ ഇന്ത്യയിലെ ഡെക്കാൻ മേഖലയിലെ പരുക്കൻ ഭൂപ്രദേശങ്ങളിൽ വളര്‍ത്തുന്നവ) നിന്നുള്ള കമ്പിളിനൂലിനുള്ള ആവശ്യക്കാര്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആരോഗ്യമുള്ള ഡെക്കാനി ചെമ്മരിയാടുകള്‍ക്ക് പാതി വരണ്ട കാലാവസ്ഥയില്‍ നിലനിന്നുപോകാന്‍ കഴിയും. വളരെക്കാലങ്ങളായി കുറുബ ഇടയരുടെ വരുമാനത്തിന്റെ ഒരു മുഖ്യപങ്ക് ലഭിച്ചിരുന്നത് കറുത്ത പരുക്കന്‍ കമ്പിളി പുതപ്പിനുവേണ്ടി നല്കുന്ന കമ്പിളിനൂലില്‍ നിന്നായിരുന്നു. പ്രാദേശികമായി ഇവയെ കമ്പിളി എന്ന് വിളിക്കുന്നു (മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇവയെ ഗൊംഗാഡി അഥവാ ഗൊംഗാലി എന്നു വിളിക്കുന്നു). മൃഗങ്ങളുടെ ചാണകം കർഷകർക്ക് നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമെയാണ് ഈ വരുമാനം. എളുപ്പത്തിലും പ്രാദേശികമായും ലഭിക്കുന്ന നൂല് എന്നനിലയില്‍ അവ താരമ്യേന വിലകുറഞ്ഞവയും കൂടിയ ആവശ്യം ഉള്ളവയും ആയിരുന്നു.
ബെലഗാവി ജില്ലയിലെ രാമദുര്‍ഗ്ഗ താലൂക്കിലെ ദാദിഭാവി സലാപുര ഗ്രാമത്തിലെ നെയ്ത്തുകാര്‍ അവ വാങ്ങുമായിരുന്നു. മിക്ക നെയ്ത്തുകാരും കുറുബ സമുദായത്തിന്റെ ഒരു ഉപവിഭാഗമായിരുന്നു. (കുറുബാകള്ക്ക് സ്ഥിരമായ വീടുകളും ഗ്രാമങ്ങളും ഉണ്ട് - ഇടയര്‍, നെയ്ത്തുകാര്‍, കൃഷിക്കാര്‍ തുടങ്ങിയവരാണ് വിവിധ ഉപവിഭാഗങ്ങള്‍). അവര്‍ നെയ്ത കമ്പിളിപ്പുതപ്പുകള്‍ ഒരുകാലത്ത് രാജ്യത്തെ സായുധസേനകള്ക്കിടയില് പ്രശസ്തമായിരുന്നു, പക്ഷെ ഇപ്പോള്‍ വലിയ ആവശ്യക്കാരില്ല. “ഇപ്പോഴവര്‍ സ്ലീപ്പിംഗ് ബാഗുകളാണ് ഉപയോഗിക്കുന്നത്”, ദാദിഭാവി സലാപുരയില്‍ കുഴിത്തറി (pit loom) സ്വന്തമായുള്ള പി. ഈശ്വരപ്പ എന്ന നെയ്ത്തുകാരന് വിശദീകരിച്ചു. ദാദിഭാവി സലാപുരയില്‍ ഇപ്പോഴും പരമ്പരാഗതരീതിയിലുള്ള കറുത്ത കമ്പിളിപ്പുതപ്പുകള്‍ ഉല്പാദിപ്പിക്കുന്നു.
“ഇപ്പോള്‍ വിപണികളില്‍ ധാരാളം ലഭിക്കുന്ന കലര്‍പ്പുള്ള സിന്തറ്റിക് തുണികള്‍, കമ്പിളികളുടെ മറ്റിനങ്ങള്‍ എന്നിങ്ങനെ സമാന്തരമായി ലഭിക്കുന്ന വില കുറഞ്ഞ മറ്റ് നൂലുകളും ഡെക്കാനി നൂലുകളുടെ ആവശ്യം കുറയാന്‍ കാരണമാകുന്നുണ്ട്”, ദിനേശ് സേത്ത് പറഞ്ഞു. ദാദിഭാവി സലാപുരയില്‍ നിന്നും 200 കിലോമീറ്റര്‍ മാറി ഹാവേരി ജില്ലയിലെ റാണെബെന്നൂരു പട്ടണത്തില്‍ ഒരു കട നടത്തുകയാണദ്ദേഹം.






















