വെൺമണി ഗ്രാമത്തിലെ കീഴ്വെൺമണി ചേരിയില്‍ മര്‍ദ്ദകരായ ജന്മിമാര്ക്കെതിരെ വളരെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന സംഘടിത തൊഴിലാളികളുടെ സമരം 1968 ഡിസംബര്‍ അവസാന വാരം ആളിക്കത്തി. തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലെ ഈ ഗ്രാമത്തില്‍ നിന്നുള്ള ഭൂരഹിതരായ ദളിത് തൊഴിലാളികള്‍ ഉയര്‍ന്ന വേതനവും കൃഷി ഭൂമിയില്‍ നിയന്ത്രണവും ഫ്യൂഡല്‍ അടിച്ചമര്‍ത്തലിന്റെ അവസാനവും ആവശ്യപ്പെട്ടുകൊണ്ട് സമരത്തിലായിരുന്നു. എന്തായിരുന്നു ജന്മിമാരുടെ പ്രതികരണം? അവര്‍ ചേരിയിലെ 44 ദളിത് തൊഴിലാളികളെ ജീവനോടെ ചുട്ടെരിച്ചു. പട്ടിക ജാതിക്കാരുടെ ഈ പുതിയ രാഷ്ട്രീയ ഉണര്‍വ്വില്‍ കുപിതരായ സമ്പന്നരും ശക്തരുമായ ജന്മിമാര് അയല്‍ ഗ്രാമങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ തീരുമാനിക്കുക മാത്രമല്ല ഒരു വന്‍ തിരിച്ചടിയും ആസൂത്രണം ചെയ്തു.
തൊഴിലാളികള്‍ക്ക് രക്ഷപെടാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് ഡിസംബര്‍ 25-ന് രാത്രിയില്‍ ജന്മിമാര് ചേരി വളയുകയും ആക്രമിക്കുകയും ചെയ്തു. ഒരു കുടിലിലേക്ക് ഓടിക്കയറിയ 44 തൊഴിലാളികളെ പുറത്തു നിന്നും പൂട്ടുകയും അക്രമികള്‍ കുടിലിനു തീ വയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ പകുതിയും - 11 പെണ്‍കുട്ടികളും 11 ആണ്‍കുട്ടികളും – 16 വയസ്സില്‍ താഴെയുള്ളവരായിരുന്നു. രണ്ടുപേര്‍ 70 കഴിഞ്ഞവരായിരുന്നു. ആകെയുള്ളവരിലെ 29 പേര് സ്ത്രീകളും 15 പേര് പുരുഷന്മാരും ആയിരുന്നു. എല്ലാവരും ദളിതരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്) യെ പിന്തുണയ്ക്കുന്നവരും ആയിരുന്നു.
കൊലപാതകത്തില്‍ കുറ്റാരോപിതരായ 25 പേരെയും 1975-ല്‍ മദ്രാസ് ഹൈക്കോടതി മോചിപ്പിച്ചു. പക്ഷെ അവിശ്വസനീയമായ ഈ നിഷ്ഠൂരതയെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടുള്ളവരില്‍ ഒരാളായ മൈഥിലി ശിവരാമന് ശക്തവും സമഗ്രവുമായ വിശകലനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അത് കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരിക മാത്രമല്ല അതിന്റെ പിന്നിലെ വര്‍ഗ്ഗ-ജാതി പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പുറത്തു കൊണ്ടുവന്നു. ആ ദുരന്തത്തെക്കുറിച്ചുള്ള ഈ കവിത 81-ാം വയസ്സില്‍ മൈഥിലി ശിവരാമന് കോവിഡ്-19 മൂലം മരണമടഞ്ഞ ഈ വാരത്തില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.



