സയ്യദ് ഘാനി ഖാൻ അന്ന് ഏതാണ്ട് കുഴഞ്ഞു വീണെന്നുതന്നെ പറയാം. അന്ന് തന്റെ വിളകളെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് അസ്വാസ്ഥ്യം തോന്നി. തളിച്ച് കൊണ്ടിരുന്ന കീടനാശിനിയിൽ നിന്നുള്ള പുക അദ്ദേഹത്തിന് തലചുറ്റൽ ഉണ്ടാക്കി. "അപ്പോള്‍ ഞാന്‍ ചിന്തിച്ചു: എന്താണ് ഞാന്‍ ചെയ്യുന്നത്? എനിക്കിങ്ങനെ അസ്വാസ്ഥ്യം ഉണ്ടാകുന്നുവെങ്കിൽ കീടനാശിനി തളിച്ച ഈ അരി കഴിക്കുന്നവരെ ഞാൻ വിഷമേല്പിക്കുകയാണ്. ഈ ചെയ്യുന്നത് ഞാന്‍ നിര്‍ത്തണം", അദ്ദേഹം പറഞ്ഞു.
രണ്ടു ദശാബ്ദങ്ങൾക്കു മുൻപ് 1998-ൽ ഉണ്ടായ ഈ വഴിത്തിരിവിന് ശേഷം ഏതെങ്കിലും രാസ കീടനാശിനികളോ വളങ്ങളോ ഉപയോഗിയ്ക്കുന്നത് ഘാനി ഉപേക്ഷിച്ചു. അന്ന് മുതൽ അദ്ദേഹം നാടൻ അരി കൃഷി ചെയ്യാനും തുടങ്ങി. “ഞാന്‍ എന്റെ അച്ഛനെയും മറ്റു മുതിർന്നവരെയും അവര്‍ കൃഷിയിടങ്ങളിലേക്ക് പോകുമ്പോള്‍ അനുഗമിക്കാറുണ്ടായിരുന്നു. അവര്‍ കൃഷി ചെയ്തിരുന്ന പല വിളകള്‍ക്കിടയില്‍ നാടൻ നെല്ല് താരതമ്യേന കുറവായിരുന്നു,” അദ്ദേഹം ഓർക്കുന്നു.
കർണാടകത്തിലെ മാണ്ട്യ ജില്ലയിലെ കിരുഗവാളു ഗ്രാമത്തില്‍ നിന്നുള്ള 42-കാരനായ കൃഷിക്കാരനായ ഇദ്ദേഹത്തിന്റെ കണക്കു പ്രകാരം മാണ്ട്യയിലെ 79961 ഹെക്ടർ നെൽകൃഷിയിൽ പത്തുപേരില്‍ താഴെയേ നാടന്‍ ഇനങ്ങള്‍ ജൈവകൃഷി ചെയ്യുന്നുള്ളൂ. "നാടൻ നെല്ലുകള്‍ വിളയാൻ എടുക്കുന്ന കൂടിയ സമയവും, (ചിലപ്പോള്‍) കാത്തിരിപ്പിന് ശേഷം ലഭിയ്ക്കുന്ന കുറഞ്ഞ വിളവും കാരണം ഇവയുടെ പ്രാധാന്യം ഇന്ന് നഷ്ടപ്പെട്ടിരിയ്ക്കുന്നു. യഥാര്‍ത്ഥ വിളകളേക്കാൾ കൂടുതൽ കളകളായിരിയ്ക്കും കൃഷിയിടങ്ങളിൽ കാണുക," അദ്ദേഹം കൂട്ടിച്ചേർത്തു.







