"കോവിഡ്-19ന് അറുതിയുണ്ടായില്ലെങ്കിൽ ഇത്തവണത്തെ നെൽകൃഷി മിക്കവാറും എന്റെ അവസാനത്തേത് കൂടിയാകും", തന്റെ കുടുംബത്തിന് സ്വന്തമായുള്ള കൃഷിയിടത്തിൽ ദിവസം മുഴുവൻ നീണ്ട കഠിനാധ്വാനത്തിനു ശേഷം, ഭാര്യ ഹലീമ സ്റ്റീൽ ടംബ്ലറിൽ കൊണ്ടുവന്നു കൊടുത്ത വെള്ളം കുടിച്ചു കൊണ്ട് അബ്ദുൾ റഹ്മാൻ പറഞ്ഞു. മധ്യകാശ്മീരിലെ ഗാന്ധര്ബല് ജില്ലയിലുള്ള നാഗ്ബൽ ഗ്രാമത്തിലെ കർഷകനാണ് അബ്ദുൾ റഹ്മാൻ.
ഒരു ഏക്കറിൽ താഴെ മാത്രമുള്ള ആ ചെറിയ കൃഷിയിടത്തിൽ പത്തു വർഷത്തിനു ശേഷമാണ് അദ്ദേഹം പണിയെടുക്കുന്നത്. "ബീഹാറിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും വരുന്ന അതിഥി തൊഴിലാളികൾ കുറച്ചു സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തു തീർക്കുമെന്നതിനാൽ ഞാൻ ജോലി ചെയ്യുന്നത് നിർത്തിയതാണ്. പണം ലാഭിക്കാം എന്ന ഗുണവുമുണ്ട്. പക്ഷെ ഇപ്പോൾ ‘പുറത്തു’ നിന്നുള്ള ജോലിക്കാർ ആരും തന്നെ വരുന്നില്ല", 62 വയസ്സുള്ള ആ മുൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇങ്ങനെയാണെങ്കിൽ എനിക്ക് നെൽകൃഷി ഉപേക്ഷിക്കേണ്ടി വരും."
"15 വർഷങ്ങൾക്ക് ശേഷമാണ് വിളവെടുപ്പ് സമയത്ത് ഞാൻ ഞങ്ങളുടെ പാടത്ത് വരുന്നത്. നെല്ല് കൊയ്യുന്നതെങ്ങനെയാണെന്ന് പോലും ഞങ്ങൾ മറന്നിരിക്കുന്നു.", 60 വയസ്സുള്ള ഹലീമ പറഞ്ഞു. കഴിഞ്ഞ മാസം വിളവെടുപ്പ് നടക്കുമ്പോൾ, പാടത്ത് ജോലി ചെയ്യുന്ന ഭർത്താവിനും മകൻ അലി മുഹമ്മദിനും വേണ്ടി 2 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുകയാണ് ഹലീമ ചെയ്തിരുന്നത്. 29 കാരനായ അലി മുഹമ്മദ് കൃഷിപ്പണിയില്ലാത്ത സമയത്ത് കെട്ടിടം പണി നടക്കുന്നിടത്തും മണൽ വരുന്ന പ്രദേശങ്ങളിലും ദിവസക്കൂലിക്ക് ജോലി കണ്ടെത്തുന്നു.
മധ്യ കശ്മീരിലെ നെൽപ്പാടങ്ങളിൽ, ഒരു കനാലിലെ (8 കനാൽ ചേരുമ്പോൾ ഒരു ഏക്കർ) നെല്ല് കൊയ്യുന്നതിന് അതിഥി തൊഴിലാളികൾക്ക് 1000 രൂപയാണ് കൂലി; 4, 5 തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു സംഘം ഒരു ദിവസം 4, 5 കനാൽ പ്രദേശം കൊയ്യും. അവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക തൊഴിലാളികൾ വളരെ ഉയർന്ന കൂലിയാണ് ആവശ്യപ്പെടുന്നത്- ആളൊന്നിന്ന് ദിവസക്കൂലിയായി 800 രൂപയാണ് അവർക്ക് കൊടുക്കേണ്ടത്. 4 തൊഴിലാളികൾ ചേർന്ന് ഒരു ദിവസം കഷ്ടി ഒരു കനാൽ പ്രദേശത്തേ വിളവെടുപ്പ് പൂർത്തിയാകുകയുമുള്ളൂ. (അപൂർവ്വമായി 1.5 അല്ലെങ്കിൽ 2 കനാൽ പൂർത്തിയാക്കും.) ചുരുക്കത്തിൽ പറഞ്ഞാൽ ഒരു കനാൽ ഭൂമിയിലെ വിളവെടുക്കാൻ 3,200 രൂപ കൊടുക്കണം.
2019 ആഗസ്റ്റ് 5ന് 370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ സ്വദേശികളല്ലാത്ത എല്ലാവരും 24 മണിക്കൂറിനകം കശ്മീർ വിടണമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ മാസങ്ങളോളം കശ്മീർ അടഞ്ഞു കിടന്നു. മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗൺ കൂടിയായപ്പോൾ കാർഷിക തൊഴിലുകൾ ചെയ്യാൻ അതിഥി തൊഴിലാളികൾ ആരും തന്നെയില്ലെന്ന സ്ഥിതിയാണ്. അവശേഷിക്കുന്ന കുറച്ച് പേർ ഏപ്രിൽ-മെയ് മാസങ്ങളിൽ വിത്ത് വിതയ്ക്കുന്ന ജോലി ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന വിളവെടുപ്പാണ് അധ്വാനമേറിയ ജോലിയെന്ന് ഇവിടത്തെ കർഷകർ പറയുന്നു.
നാഗ്ബലിന് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ദാരെന്ദ് ഗ്രാമത്തിലെ കർഷകനായ ഇഷ്തിയാഖ് അഹമ്മദ് റാഥറിന് സ്വന്തമായി 7 കനാൽ ഭൂമിയുണ്ട്. "ഇത്തവണ വിളവെടുപ്പിന്, 4 പേരടങ്ങുന്ന പ്രാദേശിക തൊഴിലാളി സംഘം കനാൽ ഒന്നിന് 3,200 രൂപയാണ് ആവശ്യപ്പെടുന്നത്. ഇത്ര ഉയർന്ന തുക കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. നെല്ല് കൊയ്ത് പരിചയമില്ലാത്ത ദിവസക്കൂലിക്കാരെ മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ പണിക്ക് നിർത്താനാകുന്നത്. പക്ഷെ ഞങ്ങൾ നിസ്സഹായരാണ്. അടുത്ത വർഷം വിത്ത് വിതയ്ക്കാൻ ഭൂമി തയ്യാറാക്കാതെ നിവൃത്തിയില്ലല്ലോ. ഇതേ ജോലി ചെയ്യാൻ അതിഥി തൊഴിലാളികൾ 1,000 രൂപയെ വാങ്ങിയിരുന്നുള്ളു."- ദിവസക്കൂലിക്ക് തൊഴിലെടുക്കുക കൂടി ചെയ്യുന്ന റാഥർ വിശദീകരിക്കുന്നു.












