“ഞാനതിനെ വടികൊണ്ട് അടിച്ചു. പക്ഷെ അതെന്റെ നേര്‍ക്ക് ചാടി കഴുത്തിലും കൈകളിലും നഖങ്ങള്‍കൊണ്ട് മാന്തി. ഞാന്‍ 4 കിലോമീറ്റര്‍ വനത്തിനുള്ളിലായിരുന്നു. എന്റെ വസ്ത്രങ്ങള്‍ രക്തത്തില്‍ മുങ്ങി. വീട്ടിലേക്ക് നടക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി.” പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും സുഖം പ്രാപിച്ചുകൊണ്ട് അടുത്ത രണ്ടാഴ്ച വിശാല്‍റാം മര്‍കാം ആശുപത്രിയില്‍ ചിലവഴിച്ചു. പക്ഷെ തന്റെ എരുമകള്‍ക്ക് ഒന്നും സംഭവിച്ചില്ല എന്ന കാര്യത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. “പുള്ളിപ്പുലി എന്റെ പട്ടികളെപ്പോലും ആക്രമിച്ചു. അവ ഓടിപ്പോയി”, അദ്ദേഹം പറഞ്ഞു.
2005-ലാണ് ആക്രമണം നടന്നത്. അതിനും മുന്‍പും ശേഷവും ഹിംസ്ര മൃഗങ്ങളെ വളരെയടുത്ത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ മര്‍കാം ഇപ്പോള്‍ ആക്രമണത്തെ ചിരിച്ചു തള്ളുന്നു. വിശന്നു വലഞ്ഞ പുള്ളിപ്പുലികളെ കൂടാതെ കടുവ, ചെന്നായ, കുറുനരി, കാട്ടുനായ, കുറുക്കന്, കാട്ടുപന്നി പിന്നെ മ്ലാവും പുള്ളിമാനും വരെ ഛത്തീസ്ഗഢിലെ ജബര്‍റ വനത്തിലുണ്ട്. വേനല്‍ കാലത്ത് വനത്തിലെ വിരളമായ ജലസ്രോതസ്സുകള്‍ അന്വേഷിച്ച് മൃഗങ്ങള്‍ നീങ്ങുമ്പോള്‍ വിശക്കുന്ന ഹിംസ്ര മൃഗങ്ങളെ കണ്ടുമുട്ടാനുള്ള സാദ്ധ്യത ഇരട്ടിയാണ്. ചിലപ്പോള്‍ അത് മൂന്നിരട്ടിയുമാകുന്നു.
“എന്റെ എരുമകള്‍ കാട്ടില്‍ തനിയെ അലഞ്ഞു നടക്കും. അവ തിരിച്ചു വരുന്നില്ലെങ്കില്‍ മാത്രമെ ഞാന്‍ അന്വേഷിച്ചു പോകൂ”, മര്‍കാം പറഞ്ഞു. “ചിലപ്പോള്‍ എന്റെ മൃഗങ്ങള്‍ രാവിലെ 4 മണിവരെ തിരിച്ചുവരില്ല. ഞാനൊരു ഡബിള്‍ [ശക്തിയേറിയ] ടോര്‍ച്ചെടുത്ത് രാത്രിയില്‍ കാട്ടില്‍ അവയെ തപ്പും.” അദ്ദേഹം തന്റെ പാദം ഞങ്ങളെ കാണിച്ചു. നഗ്നപാദനായി കാട്ടില്‍ പലതവണ നടന്നതിന്റെ ഫലമായുണ്ടായ മുറിവുകളും പരുവുമൊക്കെ പാദത്തില്‍ ഉണ്ടായിരുന്നു.
സ്വതന്ത്രമായി വിഹരിക്കുന്ന അദ്ദേഹത്തിന്റെ എരുമകള്‍ എല്ലാ ദിവസവും മേച്ചല്‍ പുറങ്ങള്‍ തേടി വനത്തിനുള്ളിലേക്ക് 9-10 കിലോമീറ്റര്‍ സഞ്ചരിക്കും. ധംതരി ജില്ലയിലെ നഗ്രി തഹ്സീലിലെ ജബര്‍റ ഗ്രാമത്തിനടുത്താണ് വനം. “വേനല്‍ക്കാലത്ത് ഭക്ഷണമന്വേഷിച്ച് അവ ഇരട്ടിദൂരം സഞ്ചരിക്കുന്നു. ഇനി കാടിനെ ആശ്രയിക്കുക ബുദ്ധിമുട്ടാണ്. മൃഗങ്ങള്‍ വിശന്ന് ചാകുന്നു”, മര്‍കാം പറഞ്ഞു.









