ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏപ്രിൽ പകുതിയോടെ വീണ്ടും മഹാരാഷ്ട്രയിൽ ഏർപ്പെടുത്തുമെന്ന് ഉറപ്പായതോടെ ഗോപാൽ ഗുപ്ത ഒരു വർഷത്തിനിടയിൽ രണ്ടാം തവണയും മുംബൈ വിടാൻ തീരുമാനിച്ചതായിരുന്നു.
എന്നാൽ ഒരു ചെറിയ ചുവന്ന മൺപാത്രത്തിൽ അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി മാർച്ച് അവസാനത്തോടെ കുടുംബം ഉത്തർപ്രദേശിലെ അവരുടെ ഗ്രാമമായ കുസൗര താലൂക്ക് സഹ്വാറിലേക്ക് ഒരു ട്രെയിനിൽ കയറുകയാണുണ്ടായത്.
“എന്റെ അച്ഛന്റെ മരണത്തിന് കൊറോണയെ മാത്രമെ കുറ്റപ്പെടുത്താൻ പറ്റൂവെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പോലും ഒരു കാലില്ലാതെ കഴിയണമായിരുന്നു”, ഗോപാലിന്റെ 21-കാരിയായ മകൾ ജ്യോതി പറഞ്ഞു.
കല്യാണിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന 56-കാരനായ ഗോപാലിന് മാർച്ച് ആദ്യവാരം ചെറിയ ചുമയും ജലദോഷവും ഉണ്ടായപ്പോൾ പാലവണി പ്രദേശത്തെ ബസ്തിയിലെ ക്ലിനിക്കിൽ നിന്നും അദ്ദേഹം മരുന്ന് കഴിക്കുകയും തുടർന്ന് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. പാലവണി പ്രദേശത്താണ് കുടുംബം രണ്ടു മുറികളുള്ള ഒരു പാർപ്പിടത്തിൽ താമസിക്കുന്നത്.
യു.പിയിലെ ബല്ലിയ ജില്ലയിലെ ബൻസ്ദിഹ് താലൂക്കിലെ അവരുടെ ഗ്രാമത്തിൽ നിന്ന് ജനുവരിയിൽ അദ്ദേഹം തിരിച്ചെത്തിയിട്ട് കഷ്ടിച്ച് രണ്ട് മാസമേ ആയിരുന്നുള്ളൂ. പക്ഷെ അദ്ദേഹം ജോലിയിൽ സജീവമാകാൻ തുടങ്ങിയപ്പോൾ കൊവിഡ് രണ്ടാംതരംഗം ആരംഭിച്ചു. “കഴിഞ്ഞ വർഷത്തെപ്പോലെ വീണ്ടും കാത്തിരുന്ന് കുഴപ്പത്തിലാവാൻ അച്ഛൻ ആഗ്രഹിച്ചില്ല”, ജ്യോതി പറഞ്ഞു. അങ്ങനെ കുടുംബം വീണ്ടും ഗ്രാമത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
പക്ഷെ മാർച്ച് 10-ന് രാവിലെ ഏതാണ്ട് 5 മണിയോടെ ഗോപാലിന് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് അദ്ദേഹത്തെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുപോവുകയും കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ചെയ്തു. പെട്ടെന്നുതന്നെ കുടുംബം അദ്ദേഹത്തെ കെ.ഡി.എം.സി. (കല്യൺ ഡോംബിവലി മുനിസിപ്പൽ കോർപ്പറേഷൻ) ഗ്രൗണ്ടിലേക്ക് എത്തിച്ചു. പ്രസ്തുത ഗ്രൗണ്ട് ഒരു ‘സമർപ്പിത കോവിഡ് ആരോഗ്യകേന്ദ്രം’ ('Dedicated Covid Health Center') ആക്കി മാറ്റിയിരുന്നു. (കല്യാൺ, ഡോംബിവലി എന്നിവ മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്തെ നഗരങ്ങളാണ്). പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ഒരു സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ മാറ്റാൻ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു. അന്നുച്ചയ്ക്ക് ഗോപാലിനെ കല്യാണിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
“എവിടെ പോകണമെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. ചിന്തിക്കാൻ അധികം സമയം ഇല്ലായിരുന്നു, അച്ഛന്റെ അവസ്ഥ മോശമായതും സഹോദരന്റെ അവസ്ഥയും കണ്ട് ഞങ്ങൾ ഭയപ്പെട്ടു”, ജ്യോതി പറഞ്ഞു. അവരുടെ സഹോദരൻ വിവേകിന്റെ (26) പരിശോധനാഫലവും പോസിറ്റീവ് ആണെന്ന് തെളിയുകയും അദ്ദേഹത്തോട് അടുത്തുള്ള ഭിവണ്ടിയിലെ ഒരു കേന്ദ്രത്തിൽ 12 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.










