വലിയൊരു അലൂമിനിയ പാത്രത്തിനു മീതെ കുനിഞ്ഞു നിന്നുകൊണ്ട് പ്രകാശ് ഭഗത് ഒരു തവികൊണ്ട് ആലു-മട്ടറിന്റെ (കിഴങ്ങും പട്ടാണിയും) ചാർ ഇളക്കുന്നു. വലതുകാൽ അന്തരീക്ഷത്തിൽ തൂക്കിയിട്ട്, ഒരു മരവടിയുപയോഗിച്ച് സ്വയം വീഴാതെ ശ്രദ്ധിച്ച്, ഇടതു കാലിൽ ഭാരം മുഴുവൻ താങ്ങി അദ്ദേഹം നിൽക്കുന്നു.
"10 വയസ്സുള്ളപ്പോൾ മുതൽ വടിയുപയോഗിച്ചാണ് നടക്കുന്നതെന്ന് എനിക്കു തോന്നുന്നു”, 52-കാരനായ ഭഗത് പറഞ്ഞു. "കുഞ്ഞായിരുന്നപ്പോൾ മുതൽ കാലില് പിടിച്ചാണ് ഞാൻ നടന്നത്. ഞാനൊരു ഞരമ്പു പിടിച്ചുവലിച്ചതാണെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു.”
വൈകല്യം ഭഗതിന്റെ തീരുമാനത്തെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ പൻവേൽ താലൂക്കിലെ തന്റെ ഗ്രാമമായ പാര്ഗാവിൽ നിന്നും ഒരുപാടുപേർ ഡൽഹിയിലേക്കു പോകുന്ന വാഹന ജാഥയിൽ ചേരാൻ തീരുമാനിച്ചപ്പോൾ, ഒപ്പം കൂടുന്നതിനായി രണ്ടു തവണ അദ്ദേഹം ചിന്തിച്ചു നിന്നില്ല. "ഞാൻ ഇവിടെ ഒരു കാരണത്തിനു വേണ്ടിയാണ് വന്നിട്ടുള്ളത്”, ചാർ രുചിച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ വർഷം സെപ്തംബറിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ ദേശീയ തലസ്ഥാനത്തിന്റെ അതിർത്തികളിലായി മൂന്നു സ്ഥലങ്ങളിൽ പതിനായിരക്കണക്കിനു കർഷകർ സമരം ചെയ്തു കൊണ്ടിരിക്കുന്നു. സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി ഡിസംബർ 21-ന് മഹാരാഷ്ടയിൽ നിന്നുള്ള ഏകദേശം 2,000 കർഷകർ ഏകദേശം 1,400 കിലോമീറ്ററുകൾ അകലെ ഡൽഹിയിലേക്കു പോകുന്ന ജാഥയിൽ പങ്കെടുക്കുന്നതിനായി നാസികിൽ ഒത്തുകൂടി.
പാര്ഗാവ് ഗ്രാമത്തിൽ നിന്നും 39 പേർ ചേരാനും തീരുമാനിച്ചു. "ഈ രാജ്യത്തെ കർഷകർ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു”, ഭഗത് പറഞ്ഞു. “അവരിൽ കൂടുതൽ പേർക്കും ഉത്പന്നങ്ങൾക്ക് ഉറപ്പുള്ള വില ലഭിക്കണം. ഈ കാർഷിക നിയമങ്ങൾ അവരെ കൂടുതൽ കടത്തിലേക്കു തള്ളിവിടും. കർഷകർ വലിയ കമ്പനികളുടെ തുവിലായിത്തീരും, അവ അവരെ ചൂഷണം ചെയ്യുകയും ചെയ്യും. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകരെയാണ് കാർഷിക നിയമങ്ങൾ വളരെപ്പെട്ടെന്ന് ബാധിക്കുക. അതുകൊണ്ടാണ് പ്രക്ഷോഭത്തിൽ അവർ മുന്നിട്ടു നില്ക്കുന്നത്. പക്ഷേ രാജ്യത്തുടനീളുള്ള കർഷകരെ അവ ബാധിക്കില്ലെന്ന് ഇതിനർത്ഥമില്ല.”






