ഹരിയാനയിലെ സോണിപത് ജില്ലയിലെ സിംഘു-ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക സാഗരത്തെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഹർജീത് സിങിന്റെ മുഖത്ത് ശൈത്യകാല മഞ്ഞണിഞ്ഞ പ്രകാശം മാറിമറയുന്നു.
തൊട്ടടുത്ത് പ്രായമുള്ളവരും ചെറുപ്പക്കാരും – പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും – വ്യത്യസ്ത ജോലികളിൽ മുഴുകിയിരിക്കുന്നു. രണ്ടു പുരുഷന്മാർ രാത്രിയുപയോഗിക്കാനുള്ള മെത്ത കമ്പുകൊണ്ടടിച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. കുറച്ചു പേർ അതുവഴി പോകുന്നവർക്കു ചായയും ബിസ്ക്കറ്റും വിതരണം ചെയ്യന്നു. നിരവധി പേർ ഈ വലിയ കൂട്ടത്തിന്റെ മുൻഭാഗത്തേക്ക് നേതാക്കന്മാരുടെ പ്രസംഗങ്ങൾ ശ്രവിക്കാനായി പോകുന്നു. കുറച്ചുപേർ രാത്രി ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. മറ്റുചിലർ അവിടെയും ഇവിടെയുമൊക്കെയായി ചുറ്റിത്തിരിഞ്ഞു നടക്കുന്നതായി കാണുന്നു.
ഈ വർഷം സെപ്തംബറിൽ പാർലമെന്റിലൂടെ പാസ്സാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ കവാടങ്ങളിൽ സമരം ചെയ്യുന്ന പതിനായിരക്കണക്കിനു സമരക്കാരിൽ ഒരാളാണ് ഹർജീത്.
നെല്ലും ഗോതമ്പുമായിരുന്നു പഞ്ചാബിലെ ഫതേഹ്ഗഢ് സാഹിബ് ജില്ലയിലെ മാജരി സോധിയാം ഗ്രാമത്തിലെ നാലേക്കറിൽ താന്‍ കൃഷി ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്പതുകളിലുള്ള അവിവാഹിതനായ ഹർജീത് അമ്മയോടൊപ്പം ജീവിക്കുന്നു.
2017-ൽ സംഭവിച്ച ഒരു അപകടമാണ് ഹർജീതിനെ നടക്കാൻ പറ്റാതാക്കി തീർത്തത്. ഇത് സഹ കർഷകരോടു ചേർന്ന് ബൃഹത് സമരത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. “വീടിന്റെ മുകളിലിരുന്ന് പണി ചെയ്തപ്പോളാണ് ഞാന്‍ വീണത്”, അപകടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “എന്റെ ഇടുപ്പെല്ല് ഒടിഞ്ഞു”.





