ഇടത്തോട്ടും വലത്തോട്ടും തിരിച്ചാൽ കേൾക്കുന്ന ‘കടകട’ ശബ്ദം കേട്ടാലറിയാം, ലോല്ലിപ്പോപ്പുപോലെയുള്ള കട്ക്യേറ്റി കളിപ്പാട്ട വില്പനക്കാർ ബെംഗളൂരുവിലെ തെരുവുകളിലെത്തിയിട്ടുണ്ടെന്ന്. കാഴ്ചവട്ടത്തുള്ള എല്ലാ കുട്ടികൾക്കും അത് വേണം. തെരുവുകളിലും ട്രാഫിക്ക് സിഗ്നലുകളിലും എല്ലായിടത്തും കാണുന്ന ഈ ചെറിയ തിളങ്ങുന്ന പാട്ടച്ചെണ്ട നഗരത്തിലേക്ക് കൊണ്ടുവരുന്നത്, 2000 കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് ബംഗാളിലെ സഞ്ചാരികളായ വില്പനക്കാരാണ്. “ “ഞങ്ങൾ കൈകൊണ്ടുണ്ടാക്കുന്ന കളിപ്പാട്ടം, ദൂരനാടുകളിൽ സഞ്ചരിക്കുമ്പോൾ സന്തോഷം തോന്നുന്നു” ഒരു കളിപ്പാട്ടനിർമ്മാതാവ് അഭിമാനത്തോടെ പറയുന്നു. “വേണമെന്നുവെച്ചാലും ഞങ്ങൾക്ക് പോകാൻ കഴിയില്ല. പക്ഷേ ഞങ്ങളുടെ കളിപ്പാട്ടം പോവുന്നു..വലിയ ഭാഗ്യമാണ്”.
മൂർഷിദാബാദിലെ ഹരിഹർപര ബ്ലോക്കിലെ രാംപര ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ കട്ക്യേറ്റി നിർമ്മാണത്തിൽ (ബംഗാളി ഭാഷയിൽ കൊട്കൊടി എന്നും പറയുന്നു) പങ്കാളികളാവുന്നുണ്ട്. ഗ്രാമത്തിലെ നെൽപ്പാടങ്ങളിൽനിന്നുള്ള മണ്ണും, മറ്റൊരു ഗ്രാമത്തിൽനിന്നുള്ള ചെറിയ മുളങ്കമ്പുകളും ഉപയോഗിച്ചാണ് കട്ക്യേറ്റി ഉണ്ടാക്കുന്നതെന്ന്, തപൻ കുമാർ ദാസ് പറയുന്നു. രാംപരയിലെ തന്റെ വീട്ടിലിരുന്ന് ഈ കളിപ്പാട്ടമുണ്ടാക്കുന്ന ആളാണ് അദ്ദേഹം. വീട്ടിലെ കുടുംബാംഗങ്ങൾ മുഴുവനും ഇതിൽ പങ്കാളികളാകുന്നു. നിറങ്ങളും, കമ്പികളും, നിറക്കടലാസ്സുകളും ഇതിൽ ഉപയോഗിക്കുന്നു. പഴയ സിനിമാ റീലുകൾപോലും. “ഒരിഞ്ച് വലിപ്പത്തിൽ മുറിച്ച രണ്ട് ഫിലിം കഷണങ്ങൾ മുളങ്കഷണത്തിലെ വിടവിൽ കയറ്റുമ്പോൾ അത് നാല് വെകിളികളാവും (ചിറകുപോലത്തെ ഭാഗങ്ങൾ)”, കൊൽക്കൊത്തയിലെ ബറബസാറിൽനിന്ന് കുറച്ചുവർഷങ്ങൾക്കുമുമ്പ്, കുറേ ഫിലിം റോളുകൾ വാങ്ങിയ ദാസ് പറയുന്നു. ആ നാല് വെകിളികളാണ് കട്ക്യേറ്റിക്ക് ശബ്ദവും ചലനവും നൽകുന്നത്.


