മഴയ്ക്കും വെള്ളത്തിനും ദൌർല്ലഭ്യം നേരിടുന്ന ഒരു നാട്ടിൽനിന്നുള്ള ഈ പാട്ട് വെള്ളത്തിന്റെ ‘മാധുര്യ’ത്തെ - കച്ചിന്റെ സാംസ്കാരിക വൈവിധ്യത്തെയും അവിടുത്തെ ജനങ്ങളേയും – ഉദ്ഘോഷിക്കുന്നു
ആയിരം വർഷങ്ങൾക്ക് മുമ്പ്, കച്ചിൽ ജീവിച്ച്, കച്ച്, സിന്ധ്, സൌരാഷ്ട്ര പ്രദേശങ്ങളെ ഭരിച്ചിരുന്ന ആളായിരുന്നു ലഖോ ഫുലാനി (ക്രിസ്തുവർഷം 920-ൽ ജനനം). ജനങ്ങളോട് പ്രതിബദ്ധതയും സ്നേഹവുമുണ്ടായിരുന്ന രാജാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഉദാരാവാനായിരുന്ന ആ രാജാവിനെ ഓർത്ത് ഇപ്പോഴും ആളുകൾ പാടുന്നു: “ലഖാ തോ ലാഖോ മലാഷേ പൻ, ഫുലാനി എ ഫിർ (ലഖോ എന്ന് പേരായ ആളുകൾ ഇനിയുമുണ്ടായേക്കാം, എന്നാൽ, ജനഹൃദയങ്ങളെ കീഴടക്കിയത് ഒരേയൊരു ലഖോ ഫുലാനി മാത്രം).
ഈ ഗാനം ആ രാജാവിന്റേയും ആ പ്രദേശത്തിന്റെ സാംസ്കാരികഹൃദയത്തിൽ നിലയുറപ്പിച്ചിരുന്ന മതസൌഹാർദ്ദത്തിന്റെയും ആവിഷ്കാരമാണ്. ഹാജിപിർ വാലിയുടെ ദർഗ്ഗയും ദേശ്ദേവിയിലെ ആശപുര ക്ഷേത്രവും പോലെ, ഹിന്ദുക്കളും മുസ്ലിമുകളും ഒരുപോലെ സന്ദർശിച്ചിരുന്ന നിരവധി ആരാധനാലയങ്ങൾ കച്ചിലുണ്ട്. കാരകോട്ടയിൽ ഫുലാനി പണിത കോട്ടയെക്കുറിച്ചും ഈ ഗാനം പരാമർശിക്കുന്നു.
ഈ ഗാനം, മറ്റ് ഗാനശേഖരങ്ങളെപ്പോലെത്തന്നെ, വിവിധ വിഷയങ്ങളെ സ്പർശിക്കുന്ന ഒന്നാണ്. പ്രണയം, വിരഹം, നഷ്ടം, വിവാഹം, മാതൃഭൂമി മുതൽ ലിംഗപരമായ അവബോധവും, ജനാധിപത്യാവകാശങ്ങളും എല്ലാം അതിലുൾപ്പെടുന്നു.
കച്ചിൽനിന്നുള്ള ഇത്തരം 341 ഗാനങ്ങൾ കച്ചി നാടോടിഗാന മൾട്ടിമീഡിയ ആർക്കൈവിൽ പാരി ശേഖരിക്കും. മാതൃഭാഷയിൽ, പ്രാദേശിക കലാകാരന്മാർ പാടിയ പാട്ടുകളുടെ ഓഡിയോ ശേഖരമാണ് അത്. ഇവിടെ ചേർത്തിട്ടുള്ള നാടൻപാട്ട്, ഗുജറാത്തി ലിപിയോടൊപ്പം, ഇംഗ്ലീഷിലും മറ്റ് 14 ഇന്ത്യൻ ഭാഷകളിലുമായി പാരി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു.
45,612 ചതുരശ്ര കിലോമീറ്ററുകളിൽ വ്യാപിച്ചുകിടക്കുന്ന ദുർബ്ബലമായ പാരിസ്ഥിതികമേഖലയാണ് കച്ച്. തെക്ക് സമുദ്രവും വടക്ക് മരുഭൂമിയുമാണ് അതിന്റെ അതിരുകൾ. പതിവായി ജലക്ഷാമവും വരൾച്ചയും നേരിടുന്ന അർദ്ധ-ഊഷര പ്രദേശത്തുൾപ്പെടുന്ന കച്ച്, ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ്.
വിവിധ ജാതികളും മതങ്ങളും സമുദായങ്ങളും കച്ചിൽ ജീവിക്കുന്നു. കഴിഞ്ഞ 1,000 വർഷങ്ങൾക്കിടയ്ക്ക് അവിടേക്ക് കുടിയേറിയ ജനങ്ങളുടെ പിന്മുറക്കാരാണ് അവരിൽപ്പലരും. ഹിന്ദുക്കളും, മുസ്ലിങ്ങളും, ജൈനന്മാരും, ഉപജാതികളായ രാബറി, ഗാഡ്വി, ജാട്ട്, മേഘ്വാൾ, മുത്വ, സോധാ രജപുത്ത്, കോലി, സിന്ധി, ദർബാറുകൾ തുടങ്ങിയവരും അതിലുൾപ്പെടുന്നു. വസ്ത്രങ്ങളിലും, അലങ്കാര തുന്നൽപ്പണികളിലും, സംഗീതത്തിലും മറ്റ് സാംസ്കാരിക പൈതൃകത്തിലും കച്ചിന്റെ സമ്പന്നവും ബഹുസ്വരവുമായ പാരമ്പര്യമാണ് പ്രതിഫലിക്കുന്നത്. ആ മേഖലയിലെ സമുദായങ്ങളേയും അവരുടെ പാരമ്പര്യത്തേയും സംഘടിപ്പിക്കുന്നതിലും പിന്തുണക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് 1989-ൽ സ്ഥാപിതമായ കച്ച് മഹിളാ വികാസ് സംഘടൻ (കെ.എം.വി.എസ്).



