“ഞങ്ങളുടെ ഗ്രാമത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഒരു ജോലിയുമില്ല,” ജങ്കം ധനലക്ഷ്മി പറയുന്നു. “മുഴുവൻ കൃഷിയിടങ്ങളെയും മീൻവളർത്തുന്ന കുളങ്ങളാക്കി മാറ്റിക്കഴിഞ്ഞു.”
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ തമിരിശ ഗ്രാമത്തിൽ 450 ഓളം ദളിതർ ജീവിക്കുന്ന അങ്കെന്നഗുഡ ഊരിലെ സ്വദേശിയാണ് 40-കാരിയായ ധനലക്ഷ്മി (മുകളിൽ കവർ ചിത്രത്തിൽ). ജോലിയ്ക്കായി കൃഷിയിടങ്ങളിലെത്താൻ ദിവസവേതനമായ 200 രൂപയുടെ നാലിലൊന്ന് ചിലവാക്കി 60 കിലോമീറ്റർ ഓട്ടോറിക്ഷ യാത്ര ചെയ്യണം അവൾക്ക്.
“ഇത്രയധികം യാത്ര ചെയ്തിട്ടും വർഷത്തിൽ വെറും 30 ദിവസമാണ് ഞങ്ങൾക്ക് ജോലിയുള്ളത്. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിൽ 10 ദിവസം വീതവും കൃഷിയുടെ സീസണായ ഡിസംബറിൽ പത്ത് ദിവസവും,” ധനലക്ഷ്മിയുടെ അയൽക്കാരിയും 60-കാരിയുമായ ഗാന്ധ സരോജ പറയുന്നു. അങ്കെന്നഗുഡക്കാർ കൃഷിപ്പണിയിൽനിന്ന് വർഷം സമ്പാദിക്കുന്നത് 5,000 മുതൽ 6,000 രൂപവരെയാണ്. നിരവധിപേർ ഇതിനോടകം മറ്റിടങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. “ഏകദേശം പത്തുവർഷംമുമ്പ് ഈ ഗ്രാമത്തിൽ 150-ഓളം കുടുംബങ്ങളുണ്ടായിരുന്നു. ഇപ്പോൾ 60 കുടുംബങ്ങൾ മാത്രമാണുള്ളത്,” സരോജ പറഞ്ഞു. “കുറച്ചുപേർ ഗുഡിവാഡ, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കുടിയേറി. മറ്റുള്ളവർ ഭാര്യാവീടുകളുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് ജോലിയന്വേഷിച്ച് പോയി.”
ഏകദേശം 36,000 ജനസംഖ്യയുള്ള നന്ദിവാഡ മണ്ഡലത്തിലാണ് അങ്കെന്നഗുഡം. മത്സ്യക്കൃഷിയിൽനിന്നുള്ള വരുമാനം കാരണം പ്രതിശീർഷവരുമാനത്തിൽ ആന്ധ്രപ്രദേശിൽ രണ്ടാമതാണ് നന്ദിവാഡ (വിശാഖപട്ടണം ജില്ലയിലെ അച്ച്യുതപുരമാണ് ഒന്നാമത്). ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യം സംസ്കരണത്തിനുശേഷം കിഴക്കേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് കയറ്റി അയയ്ക്കുന്നത്. 2014-15-ൽ സംസ്ഥാനത്തിന്റെ തലസ്ഥാന മേഖലാ വികസന അതോറിറ്റിയുടെ കണക്കുകൾപ്രകാരം, നന്ദിവാഡയിലെ പ്രതിശീർഷ വാർഷിക വരുമാനം 308,371 രൂപയായിരുന്നു. അതേ വർഷം കൃഷ്ണാ ജില്ലയുടെ മൊത്തവരുമാനം 140,628 രൂപയും.






