"ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാം നന്നായിരുന്നു, ജീവിതം സാധാരണരീതിയിൽ പോവുകയായിരുന്നു," മുപ്പത്തിമൂന്നുകാരനായ ദിനേശ് ചന്ദ്ര സുതാർ പറഞ്ഞു. തന്റെ കുടുംബത്തെ സംബന്ധിച്ച ഫയലുകൾക്കും റിപ്പോർട്ടുകൾക്കും ഇടയിൽ ഇരുന്ന് ആ അചിന്ത്യമായ കാര്യം സംഭവിക്കുന്നത് വരെ ദൈനംദിന കാര്യങ്ങൾ എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കുകയായിരുന്നു അയാൾ.
രാജസ്ഥാനിലെ ബൻസി ഗ്രാമത്തിലെ സുതാർ കുടുംബത്തിന്റെ വീട്ടുചുമരുകളിൽ, അയാളുടെ മരിച്ചു പോയ ഭാര്യയുടെ ഫോട്ടോകൾ തൂക്കിയിട്ടുണ്ട്. ഭാവന ദേവിയുടെ ചിത്രം ദിനേശിന്റെ ഫയലുകളിൽ ഉള്ളത് തന്നെയാണ്. 2015-ൽ അവരുടെ കല്യാണത്തിന് കുറച്ചു മാസങ്ങൾക്കു ശേഷം ഒരു സർക്കാർ പദ്ധതിക്കുള്ള അപേക്ഷയോടൊപ്പം വയ്ക്കാൻ വേണ്ടി എടുത്തതാണ് അത്.
അഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ ഹ്രസ്വമായ വിവാഹജീവിതത്തെ ഓർമിപ്പിക്കുന്ന കടലാസുകളും ചിത്രങ്ങളും ദിനേശ് മുറുകെപ്പിടിച്ചിരിക്കുകയാണ്. രണ്ട് ആൺകുട്ടികളുടെ അച്ഛനാണ് ഇന്ന് അയാൾ. മൂന്ന് വയസ്സുള്ള ചിരാഗും, ഭാവന മരിക്കുമ്പോൾ 29 ദിവസങ്ങൾ മാത്രം പ്രായമായിരുന്നതും നാമകരണം പൂർത്തിയാകാഞ്ഞതുമായ ദേവാൻശ്. ബരി സദ്രി മുനിസിപ്പാലിറ്റിയിലെ 50 കിടക്കകളുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടർന്ന് കുടലിൽ മുറിവുണ്ടായത് കാരണമാണ് ഭാവന മരിച്ചത്.
ബി. എഡ്. ബിരുദധാരിയായ ദിനേശ് ബൻസിയിൽ നിന്ന് ആറ് കിലോമീറ്റർ ദൂരത്തുള്ള ബദ്വാലിലെ ഒരു സ്വകാര്യ സ്കൂളിൽ 15,000 രൂപ ശമ്പളമുള്ള അദ്ധ്യാപകനാണ്. അന്ന് സംഭവിച്ച കാര്യങ്ങൾ കോർത്തിണക്കാൻ അയാൾ പണിപ്പെടുകയാണ്. എവിടെ പാളിപ്പോയത് കൊണ്ടാണ് തങ്ങളുടെ ജീവിതം താറുമാറായത് എന്ന് ചികയുകയാണ് അയാൾ. അവസാനം സ്വയം കുറ്റപ്പെടുത്തുകയാണ്.
"ശസ്ത്രക്രിയക്ക് സമ്മതിച്ചതാണോ അതോ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ ഡോക്ടർമാരെ വിശ്വസിച്ചതാണോ എന്റെ തെറ്റ്? ഞാൻ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടണമായിരുന്നു. ഞാൻ ആ ശസ്ത്രക്രിയക്കു സമ്മതിക്കുകയോ അവരെ വിശ്വസിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. അതാണ് എന്റെ തെറ്റ്," ദിനേശ് പറഞ്ഞു. 2019 ജൂലൈ 24-നു ഭാര്യ മരിച്ചതിനു ശേഷം ഇത്തരം ചിന്തകൾ അയാളെ അനവധിത്തവണ അലട്ടി.
മരിക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് അതായത് ജൂൺ 25 2019-നു ഭാവന ദേവാൻശ് എന്ന ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. രണ്ടാമത്തെ ഗർഭവും പ്രസവവും ആദ്യത്തേത് പോലെ സുഗമമായിരുന്നു. റിപ്പോർട്ടുകളും പരിശോധനാഫലങ്ങളും എല്ലാം സാധാരണമായിരുന്നു. ചിത്തോർഗഢ് ജില്ലയിലെ ബരി സദ്രി ബ്ലോക്കിലെ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ബരി സദ്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രസവവും സാധാരണമായിരുന്നു.







