ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. "നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.", അവർ പറയുന്നു. "എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ ചെയ്തത്." ആ ബലാത്സംഗം നടന്ന് ഒരു ദശാബ്ദത്തോളം പിന്നിടുമ്പോഴും, അജ്മീർ ജില്ലയിലുള്ള ഈ ഗ്രാമത്തിലെ ഒരാൾപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
എന്നാൽ രാജസ്ഥാനിൽ ഇത് പുതിയ കാര്യമൊന്നുമല്ല. ഇവിടത്തെ ശരാശരി കണക്കെടുത്താൽ, ഓരോ 60 മണിക്കൂറിലും ഒരു ദളിത് സ്ത്രീ പീഡിപ്പിക്കപ്പെടുന്നുണ്ട്.
ദേശീയപട്ടികജാതി, പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ടുകളിൽനിന്നുള്ള കണക്കനുസരിച്ച്, 1991-നും 1996-നും ഇടയിൽ, പട്ടികജാതി സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് 900 പോലീസ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരുവർഷം 150 കേസുകൾ അഥവാ ഓരോ 60 മണിക്കൂറിലും ഒരു കേസ്. (കുറച്ച് മാസങ്ങൾ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരുന്നതൊഴിച്ചാൽ, ഈ കാലയളവ് മുഴുവൻ സംസഥാനം ഭാരതീയ ജനതാ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്നു.) എന്നാൽ ഈ കണക്കുകൾപോലും യാഥാർഥ്യത്തെപൂർണമായി അടയാളപ്പെടുത്തുന്നില്ല. ലൈംഗികാതിക്രമം പോലെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംസ്ഥാനങ്ങളിൽ ഒരുപക്ഷേ ഏറ്റവും മുന്നിലായിരിക്കും രാജ്സ്ഥാൻ.
ധോൽപ്പൂർ ജില്ലയിലെ നക്സോദ ഗ്രാമത്തിൽ, ഏറെ ഹീനമായ ഒരു കുറ്റകൃത്യത്തിന് ഇരയായ വ്യക്തിക്ക് ഗ്രാമത്തിൽനിന്ന് ഓടിപ്പോകേണ്ട അവസ്ഥയാണുണ്ടായത്.1998 ഏപ്രിലിൽ, ദളിത് വിഭാഗക്കാരനായ രാമേശ്വർജാദവ്, ഉയർന്ന ജാതിക്കാരനായ ഒരു ഗുജ്ജറിനോട് താൻ കടം നൽകിയ 150 രൂപ തിരികെ ചോദിച്ചു. പ്രശ്നങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. പൈസ തിരികെ ചോദിക്കാൻമാത്രം അഹങ്കാരം കാണിച്ചതിൽ ക്രുദ്ധരായ ഒരുകൂട്ടം ഗുജ്ജറുകൾ അദ്ദേഹത്തിന്റെ മൂക്ക് തുളച്ച്, അതിൽ ഒരു മീറ്റർ നീളവും 2 മില്ലീമീറ്റർ വീതിയുമുള്ള ഒരു ചണനാരുകൊണ്ട് വളയമുണ്ടാക്കി അതിലൂടെ കയറിട്ട് ഗ്രാമത്തിലൂടെ കെട്ടിവലിച്ചു.
വാർത്തകളിൽ നിറഞ്ഞ ഈ സംഭവം ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കി. അച്ചടിമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും വിദേശരാജ്യങ്ങളിലും ഈ വാർത്ത പടർന്നു. എന്നാൽ ഇത്രയേറെ ജനശ്രദ്ധ ലഭിച്ചിട്ടും ഈ കേസിൽ നീതി നടപ്പായില്ല. ഗ്രാമത്തിലെ ഭയമുളവാക്കുന്ന അന്തരീക്ഷവും ശത്രുതാ മനോഭാവത്തോടെ പെരുമാറിയ പ്രാദേശിക ഉദ്യോഗസ്ഥരും അത് ഉറപ്പാക്കി എന്നുവേണം പറയാൻ. തുടക്കത്തിലെ വാർത്താസാധ്യതയും ഉദ്വേഗവും നീങ്ങിയതോടെ മാധ്യമങ്ങൾക്കും കേസിൽ താത്പര്യം നഷ്ടപ്പെടുകയായിരുന്നു. മനുഷ്യാവകാശസംഘടനകളുടെയും സ്ഥിതി ഇതുതന്നെയായിരുന്നു. മാധ്യമശ്രദ്ധ നീങ്ങിക്കഴിഞ്ഞതിനുശേഷമുണ്ടായ പ്രത്യാഘാതങ്ങൾ നേരിടാൻ ഇരകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെ രാമേശ്വർ കോടതിയിൽ തന്റെ കഥ മുഴുവൻ മാറ്റിപ്പറഞ്ഞു. അതെ, അതിക്രമം ഉണ്ടായെന്നത് സത്യമാണ്. എന്നാൽ അദ്ദേഹം നേരത്തെ പരാതിയിൽ പരാമർശിച്ച ആറുപേരല്ല അത് ചെയ്തത്. അത് ചെയ്തവരെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല!
രാമേശ്വറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ വിശദമായി രേഖപ്പെടുത്തിയിരുന്ന ഉയർന്ന റാങ്കിലുള്ള മെഡിക്കൽ ഉദ്യോഗസ്ഥൻ കോടതിയിൽ തനിക്ക് മറവി പറ്റിയിരിക്കുന്നുവെന്ന് മൊഴി നൽകി. അതെ, രാമേശ്വർ മുറിവുകൾക്ക് ചികിത്സ തേടി തന്നെ സമീപിച്ചിരുന്നു. എന്നാൽ, ഇത്ര വിചിത്രമായ മുറിവുകൾ എങ്ങനെയാണുണ്ടായതെന്ന് രാമേശ്വർ തന്നോട് പറഞ്ഞതായി ഓർക്കുന്നില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി!






