കഴിഞ്ഞ മൂന്നു വര്‍ഷം നിങ്ങള്‍ എത്ര ആശുപത്രികളില്‍നിന്ന് വിദഗ്ദോപദേശങ്ങള്‍ തേടി?
ചോദ്യം കേട്ടപ്പോള്‍ സുശീലദേവിയുടെയും അവരുടെ ഭര്‍ത്താവ് മനോജ്കുമാറിന്റെയും (രണ്ടുപേരുടെയും പേര് മാറ്റിയിരിക്കുന്നു) മുഖത്ത് തളര്‍ച്ചയും നിരാശയും നിഴലിച്ചു. ബാന്ദിക്കുയി പട്ടണത്തിലെ മഥുര്‍ ആശുപത്രിയില്‍ സുശീലദേവി 2017 ജൂണില്‍ വന്ധ്യംകരണത്തിനു വിധേയയായിരുന്നു. അതിനുശേഷം സന്ദര്‍ശിച്ച ആശുപത്രികളുടെയും, നടത്തിയ പരിശോധനകളുടെയും പരസ്പരവിരുദ്ധങ്ങളായ രോഗനിര്ണ്ണയങ്ങളുടെയും എണ്ണം രണ്ടുപേര്‍ക്കും ഓര്‍മ്മയില്ല.
വിവാഹിതയായി 10 വര്‍ഷക്കാലയളവിനുള്ളില്‍ മൂന്ന് പെണ്‍കുട്ടികളും അതിനുശേഷം നാലാമത്തെ മകനും ഉണ്ടായതിനുശേഷം, കുടുംബവും ജീവിതവും നന്നായി നടത്തിക്കൊണ്ടുപോകാം എന്ന പ്രതീക്ഷയില്‍, 27-കാരിയായ സുശീലയ്ക്ക് വന്ധ്യംകരണം നടത്താന്‍ ദമ്പതികള്‍ തീരുമാനിച്ചു. രാജസ്ഥാനിലെ ദൗസ തഹസീലിലെ അവരുടെ ഢാണി ജമ ഗ്രാമത്തില്‍നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ബാന്ദിക്കുയിയിലെ സ്വകാര്യ ആശുപത്രിയായിരുന്നു അവരുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത് - ഢാണി ജമയില്നിന്നും വെറും മൂന്നു കിലോമീറ്റര്‍ മാത്രം അകലെ കുണ്ഡല് ഗ്രാമത്തില്‍ ഒരു സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം (പി.എച്.സി.) ഉണ്ടെങ്കില്‍പ്പോലും.
“[സര്‍ക്കാര്‍] ആരോഗ്യകേന്ദ്രങ്ങളിലെ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ തണുപ്പുള്ള മാസങ്ങളിലാണ് മിക്കപ്പോഴും സംഘടിപ്പിക്കുക. സ്തീകള്‍ തണുപ്പുള്ള മാസങ്ങളാണ് നടപടിക്രമങ്ങള്‍ക്കായി കൂടുതല്‍ താത്പര്യപ്പെടുന്നത്, എന്തുകൊണ്ടെന്നാല്‍ ആ സമയത്താണ് വേഗം സുഖപ്പെടുക. വേനല്‍ക്കാല മാസങ്ങളില്‍ അവര്‍ക്ക് ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഞങ്ങളവരെ ദൗസയിലും ബാന്ദിക്കുയിയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോകുന്നു”, അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക അല്ലെങ്കില്‍ ആശ പ്രവര്‍ത്തകയായ (Accredited Social Health Activist - ASHA) 31-കാരി സുനീതദേവി പറഞ്ഞു. മഥുര്‍ ആശുപത്രിയിലേക്ക് പോകാനായി അവര്‍ ആ ദമ്പതികളെ അനുഗമിച്ചു. 25 കിടക്കകളുള്ള ഒരു ജനറല്‍ ആശുപത്രിയാണത്. ഒരു സംസ്ഥാന കുടുംബക്ഷേമ പദ്ധതിന്കീഴില് പേര് ചേര്‍ത്തിട്ടുള്ള അവിടെ വന്ധ്യംകരണം (tubectomy) നടത്താന്‍ അതിനാല്‍ത്തന്നെ സുശീലയ്ക്ക് ചിലവൊന്നും ആകില്ല. പകരം അവര്‍ക്ക് 1,400 രൂപ പ്രോത്സാഹനമായി ഇങ്ങോട്ട് ലഭിക്കും.
ശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുശീലയ്ക്ക് മാസമുറയായി. അതോടുകൂടി കടുത്തവേദനയും തളര്‍ച്ചയും തുടര്‍ച്ചയായി അനുഭവപ്പെട്ടു. അടുത്ത മൂന്നു വര്‍ഷങ്ങള്‍ അത് നീണ്ടുനില്‍ക്കുകയും ചെയ്തു.
“ആദ്യം വേദന ആരംഭിച്ചപ്പോള്‍ ഞാനവള്‍ക്ക് വീട്ടിലുണ്ടായിരുന്ന വേദനസംഹാരികള്‍ നല്കി. അത് ചെറിയ ശമനമുണ്ടാക്കി. ആര്‍ത്തവമാകുമ്പോള്‍ എല്ലാ മാസങ്ങളിലും അവള് കരയുമായിരുന്നു”, 29-കാരനായ മനോജ് പറഞ്ഞു.
“വേദന മൂര്‍ച്ഛിച്ചു, അമിത രക്തസ്രാവം എനിക്ക് ഓക്കാനം ഉണ്ടാക്കി. ഞാനെപ്പോഴും ക്ഷീണിതയായിരുന്നു”, സുശീല പറഞ്ഞു. 8-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ള അവര്‍ ഒരു വീട്ടമ്മയാണ്.
ഇത് മൂന്നു മാസക്കാലം തുടര്‍ന്നപ്പോള്‍ ദമ്പതികള്‍ മടിയോടെ കുണ്ഡലിലെ പി.എച്.സി.യില്‍ പോയി.







