“അദ്ദേഹത്തിന്റെ മൃതശരീരവുംകൊണ്ട് ഞാനെങ്ങനെയാണ് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുള്ള ഞങ്ങളുടെ പമരു എന്ന ഗ്രാമത്തിലേക്ക് എത്തിയതെന്ന് എനിക്കിപ്പോഴും അറിയില്ല. എങ്ങനെയാണ് അവസാനത്തെ ചടങ്ങുകൾ നടന്നതെന്നും അറിയില്ല. അതിനുശേഷം എന്നെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഭർത്തൃപിതാവാണ്, അവിടെവെച്ച് എനിക്ക് വൈദ്യതഷോക്കുകളും (ഇലക്ട്രോകൺവൾസീവ് തെറാപ്പി) മറ്റ് ചില ചികിത്സകളും തന്നു. എനിക്ക് സ്വബോധം തിരിച്ചുകിട്ടിയത് അപ്പോൾ മാത്രമാണ്. എന്റെ ഭർത്താവ് മരണപ്പെട്ടു എന്ന സത്യവുമായി പൊരുത്തപ്പെടാൻ എനിക്ക് 2 കൊല്ലത്തോളം വേണ്ടിവന്നു.”
10 വർഷങ്ങൾക്കിപ്പുറവും ഭർത്താവിന് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് നാഗമ്മ മുക്തയായിട്ടില്ല. “ഞാനിനിയെന്റെ മക്കൾക്കുവേണ്ടിയാണ് ജീവിക്കേണ്ടതെന്ന് അപ്പോൾ ബന്ധുക്കൾ എന്നെ ഓർമിപ്പിച്ചു; അന്നുമുതൽ തുടങ്ങിയ ജീവിതസമരമാണ്. അടുത്തുള്ള ഒരു ഫാക്ടറിയിൽ ചെറിയൊരു ജോലി കിട്ടിയെങ്കിലും, എനിക്കതുമായി പൊരുത്തപ്പെടാനായില്ല. എന്റെ അച്ഛനുമമ്മയും ശുചീകരണത്തൊഴിലാളികളായിരുന്നു - എന്റെ അച്ഛന് സെപ്റ്റിക് ടാങ്ക്/ആൾത്തുള വൃത്തിയാക്കുക, ആക്രി പെറുക്കുക മുതലായ ജോലികളും, അമ്മക്ക് ശുചീകരണ ജോലിയുമായിരുന്നു.”
തമിഴ്നാട്ടിലെ ഭൂരിഭാഗം ശുചീകരണത്തൊഴിലാളികളും ആന്ധ്രാപ്രദേശിൽനിന്നുള്ളവരാണ്; തെലുങ്കിലാണ് അവർ സംസാരിക്കുക. അവിടെ പല ഭാഗങ്ങളിലും, ശുചീകരണത്തൊഴിലാളികളുടെ സമുദായങ്ങൾക്കായി പ്രത്യേകം തെലുങ്ക്-മീഡിയം സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്.
പമുരു ഗ്രാമമാണ് നാഗമ്മയുടെയും ഭർത്താവിന്റെയും സ്വദേശം. “ഞങ്ങളുടെ കല്യാണം നടന്നത് 1995-ലാണ്, എനിക്കു 18 വയസ്സുള്ളപ്പോൾ”, നാഗമ്മ പറയുന്നു. “ഞാൻ ജനിക്കുന്നതിനുമുൻപേതന്നെ എന്റെ മാതാപിതാക്കൾ ചെന്നൈയിലേക്ക് കുടിയേറിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലേക്ക് പിന്നെ തിരിച്ചുചെല്ലുന്നത് എന്റെ കല്യാണത്തിനായാണ്, ശേഷം കുറച്ച് വർഷങ്ങൾ അവിടെത്തന്നെ ചിലവഴിച്ചാണ് ഞങ്ങൾ ചെന്നൈയിലേക്ക് മടങ്ങിയത്. എന്റെ ഭർത്താവ് കെട്ടിടനിർമാണത്തിൽ കല്ലുപണിക്കാരനായി ജോലിയെടുത്തുതുടങ്ങി. പക്ഷേ, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കും എപ്പോൾ വിളിച്ചാലും അദ്ദേഹം പോകുമായിരുന്നു. അദ്ദേഹം ഓടകളിൽ പണിയെടുക്കുന്നത് അറിഞ്ഞപ്പോൾ എന്റെ സകല ശക്തിയുമെടുത്ത് ഞാൻ അതിനെ എതിർത്തു. അതിനുശേഷം ഇത്തരം ജോലികൾക്ക് പോവുന്നത് എന്നോട് പറയാതെയായി. 2007-ൽ അദ്ദേഹവും മറ്റു 2 പേരും സെപ്റ്റിക് ടാങ്കിനുള്ളിൽപ്പെട്ട് മരിച്ചപ്പോൾ, ആരും അറസ്റ്റ് ചെയ്യപ്പെട്ടില്ല; അവരുടെ മരണത്തിന്റെ ഉത്തരവാദിത്വം ആർക്കുമേലും ചാർത്തപ്പെട്ടില്ല. ഈ രാജ്യം ഞങ്ങളെ കാണുന്നതിങ്ങനെയാണ്; ഇവിടെ ഞങ്ങളുടെ ജീവനും ജീവിതങ്ങൾക്കും ഒരു വിലയുമില്ല. ഒരു ഗവണ്മെന്റും ഉദ്യോഗസ്ഥരും ഞങ്ങളുടെ സഹായത്തിനുണ്ടായിരുന്നില്ല. അവസാനം എന്റെ അവകാശങ്ങൾക്കായി പോരാടേണ്ടത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് സഫായി കർമ്മചാരി ആന്ദോളനാണ് ( ശുചീകരണത്തൊഴിലാളി പ്രസ്ഥാനം). 2013 ആയപ്പോഴാണ് ഞാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്.”
തന്റെ അവകാശങ്ങളെക്കുറിച്ച് കൈവന്ന ബോധ്യത്തിൽ, നാഗമ്മയുടെ സ്വരം ഉറച്ചതും ഉച്ചത്തിലുമായി. ഇതുപോലെ സെപ്റ്റിക് ടാങ്കുകളിലും ഓടകളിലുമായി പങ്കാളികളെയും ഉറ്റവരെയും നഷ്ടപെട്ട മറ്റൊരുപാട് സ്ത്രീകളെ അവർ കണ്ടുമുട്ടി. “ഓടയിൽ ജീവിതപങ്കാളിയെ നഷ്ടപ്പെട്ടിട്ടുള്ളത് എനിക്കു മാത്രമല്ലെന്നറിഞ്ഞപ്പോൾ, എന്റെയതേ ദുഃഖം പേറുന്ന മറ്റ് നൂറുകണക്കിന് സ്ത്രീകളുണ്ടെന്നു മനസ്സിലായപ്പോൾ, ഞാൻ എന്റെ വേദനയിൽ എന്റെ കരുത്ത് കണ്ടെത്താൻ തുടങ്ങി.”