അവര്‍ സംസാരിക്കാന്‍ തുടങ്ങി, പക്ഷെ ഇടയ്ക്ക് നിര്‍ത്തി. ദീര്‍ഘനിശ്വാസം എടുത്തതിനുശേഷം വീണ്ടും ശ്രമിച്ചു. പക്ഷെ അവരുടെ ശബ്ദം വിറച്ചിരുന്നു. അവര്‍ താഴേക്ക് നോക്കി. അവരുടെ താടി വിറച്ചു. ഒരു വര്‍ഷത്തോളമായി അനിത സിംഗ് പ്രശ്നങ്ങളൊക്കെ മറച്ചു വച്ച് ധൈര്യം കാട്ടുകയായിരുന്നു. പക്ഷെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മ അവരെ വികാരാധീനയാക്കി. “ഞങ്ങളുടേത് സന്തോഷമുള്ള ഒരു ചെറുകുടുംബം ആയിരുന്നു”, 33-കാരിയായ അനിത പറഞ്ഞു. “ഭര്‍ത്താവായിരുന്നു ഞങ്ങളുടെ അടിത്തറ.”
അനിതയുടെ ഭര്‍ത്താവ് 42-കാരനായിരുന്ന ജയ്കരണ് സിംഗ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹ്ര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ലഖാവടി ഗ്രാമത്തിലെ ഒരു പ്രാഥമിക സ്ക്കൂളില്‍ അദ്ധ്യാപകനായിരുന്നു. 2021 ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ അദ്ദേഹം കോവിഡ്-19-ന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. “അദ്ദേഹത്തിന് പനിയും ചുമയും ജലദോഷവുമുണ്ടായിരുന്നു”, നഗരത്തിലെ തന്റെ വീട്ടില്‍വച്ച് അവര്‍ ഞങ്ങളോട് പറഞ്ഞു. “രണ്ടാം തരംഗം തീവ്രമാകാൻ തുടങ്ങിയ സമയത്തുപോലും സ്ക്കൂളിലേക്ക് മടങ്ങാന്‍ ആദ്ധ്യാപകരോട് ആവശ്യപ്പെട്ടു. അത്തരം ഏതെങ്കിലും ഒരു ദിവസമായിരിക്കാം അദ്ദേഹത്തിന് അണുബാധ ഉണ്ടായത്.”
2021 ഏപ്രില്‍ 20-ന് നടന്ന പരിശോധനയില്‍ ജയ്കരണിന് കൊറോണ വൈറസ് പോസിറ്റീവാണെന്നു വ്യക്തമായി. അദ്ദേഹം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന സമയത്ത് നഗരത്തിലെ ഒരു ആശുപത്രിയിലും ഓക്സിജന്‍ കിടക്ക ലഭ്യമല്ലായിരുന്നു. “ഒരുപാട് ആശുപത്രികളില്‍ ഞാന്‍ അപേക്ഷിച്ചു. പക്ഷെ അവര്‍ ഇല്ല എന്ന് പറഞ്ഞു”, അനിത ഓര്‍മ്മിച്ചു. “ഞങ്ങള്‍ ഒരുപാട് തവണ ഫോണ്‍ ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യം അതിവേഗം വഷളാവുകയായിരുന്നു. പക്ഷെ ഒന്നും സഹായിച്ചില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വീട്ടില്‍ ചികിത്സിക്കേണ്ടി വന്നു.”
ഒരു പ്രാദേശിക ഡോക്ടര്‍ ജയ്കരണിനെ പനിക്കും ചുമയ്ക്കും ചികിത്സിച്ചു. അനിതയുടെ ബന്ധുക്കള്‍ എങ്ങനെയോ ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ചു. “അതെങ്ങനെ ഉപയോഗിക്കണമെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. സ്വന്തം നിലയില്‍ ഞങ്ങള്‍ക്ക് അത് കണ്ടുപിടിക്കേണ്ടി വന്നു”, അവര്‍ പറഞ്ഞു. “പക്ഷെ ഞങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്കായി നോക്കിക്കൊണ്ടേയിരുന്നു.”
മഹാമാരി ഇന്ത്യയിലെ, പ്രത്യേകിച്ച് ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും, പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ തകർന്നുകൊണ്ടിരിക്കുന്നതിന്റെ വ്യാപ്തി എത്രയെന്ന് വെളിപ്പെടുത്തി. ആരോഗ്യരംഗത്തെ രാജ്യത്തിന്റെ പൊതുചെലവ് ജി.ഡി.പിയുടെ 1.02 ശതമാനം മാത്രമായിരുന്നു (2015-16-ൽ) എന്നത് കണക്കിലെടുക്കുമ്പോൾ ആളുകൾക്ക് ആശ്രയിക്കാൻ അധികമൊന്നുമില്ല എന്നത് വ്യക്തമാകും. 2017-ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ (National Health Profile 2017) അനുസരിച്ച് രാജ്യത്തെ 10,189 ആളുകൾക്ക് ഒരു അലോപ്പതി ഡോക്ടറും 90,343 ആളുകൾക്ക് ഒരു പൊതു ആശുപത്രിയുമാണ് ഉള്ളത്.







