“ഇപ്പോൾ കൊടുങ്കാറ്റടങ്ങി, ഞങ്ങളോടു പോകാൻ ആവശ്യപ്പെട്ടു”, കാളിദാസ്പൂർ ഗ്രാമവാസിയായ ആമിനാ ബീബി മെയ് അവസാനം എന്നോട് പറഞ്ഞു. "പക്ഷെ ഞങ്ങളെങ്ങോട്ട് പോകാനാണ്?"
ആ കൊടുങ്കാറ്റ്, അതായത് ഉംപുൻ ചുഴലിക്കാറ്റ്, ഒരുദിവസം മുമ്പ് പശ്ചിമബംഗാളിലെ ദക്ഷിണ 24 പർഗനാ ജില്ലയിലെ ആമിനയുടെ ഗ്രാമത്തിൽ നിന്നും 150 കിലോമീറ്റർ മാറി പതിച്ചിരുന്നു. പ്രാദേശിക ഭരണാധികാരികൾ നിരവധി ഗ്രാമങ്ങളിലെ കുടുംബങ്ങളെ ഒഴിപ്പിച്ച് അവരെ ദുരിതാശ്വാസക്യാമ്പുകളിലാക്കി. ആമിനയേയും കുടുംബത്തേയും ഈ വർഷം മെയ് 19-ന് അടുത്ത ഗ്രാമത്തിലെ താൽക്കാലിക മുറികളിലാക്കി.
സുന്ദർവനങ്ങളിലെ ഗോസാബ ബ്ലോക്കിൽ, 5,800 ആളുകൾ വസിക്കുന്ന ഗ്രാമത്തിലുള്ള ആമിനയുടെ മൺവീട് ചുഴലിക്കാറ്റ് തകർത്തുകളഞ്ഞു. കൂടെ അവരുടെ എല്ലാ വസ്തുവകകളും നശിച്ചു. എന്നാല്‍ ആമിനയ്ക്കും (48) അവരുടെ ഭർത്താവ് മൊഹമ്മദ് റംസാൻ മൊല്ലയ്ക്കും (56), 2 മുതൽ 16 വയസ്സുവരെ പ്രായമുള്ള 6 മക്കൾക്കും സുരക്ഷിതരാകാൻ സാധിച്ചു.
ചുഴലിക്കാറ്റടിക്കുന്നതിന് മുമ്പ് വെറും രണ്ടാഴ്ച മുമ്പാണ് മൊഹമ്മദ് മൊല്ല ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു മാളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഈ 56-കാരൻ. ഇത്തവണ നാട്ടിൽതങ്ങി അടുത്തുള്ള മൊല്ല ഖാലി ബസാറിൽ ഒരു ചായക്കട തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
വീട്ടിലെ ജോലികളൊക്കെ പൂർത്തിയാക്കി അടുത്തുള്ള ഗോമോർ നദിയിൽ നിന്നും ഞണ്ടും മീനും പിടിച്ച് കുടുംബവരുമാനം വർദ്ധിപ്പിക്കാൻ ആമിന ശ്രമിച്ചിരുന്നു. താന്‍ അദ്ധ്വാനിച്ച് പിടിച്ച കുറച്ച് മീനുകള്‍ അവർ ബസാറിൽ വിൽക്കുമായിരുന്നു. "പക്ഷെ ദിവസം 100 രൂപപോലും ഇതിൽ നിന്നെനിക്ക് ഉണ്ടാക്കാൻ പറ്റിയിട്ടില്ല", അവർ എന്നോടു പറഞ്ഞു.
അവരുടെ ഏറ്റവും മൂത്ത കുട്ടിയായ റഖ്വിബ് അലി 2018-ൽ തന്റെ 14-ാം വയസ്സിൽ പഠനം നിർത്തി. "അബ്ബ വീട്ടിലേക്കയച്ച പണംകൊണ്ട് ഞങ്ങൾക്ക് കഴിഞ്ഞുകൂടാൻ പറ്റില്ലായിരുന്നു”, അവൻ പറഞ്ഞു. "അങ്ങനെ ഞാൻ ജോലി ചെയ്യാൻ തുടങ്ങി.” കോൽക്കത്തയിലെ ഒരു തയ്യൽക്കടയിൽ സഹായിയായി ജോലി ചെയ്ത് റഖ്വിബ് പ്രതിമാസം 5,000 ഉണ്ടാക്കിയിരുന്നു. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ഉംപുൻ ചുഴലിക്കാറ്റടിച്ചപ്പോൾ അവൻ വീട്ടിലായിരുന്നു.
ആമിനയുടെ കുടുംബത്തിന്റെ മേഞ്ഞ മേൽക്കൂരയുള്ള മൺവീട് ഗോമോർ നദിയുടെ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്. ഓരോ ചുഴലിക്കാറ്റ് അടിക്കുന്തോറും (സിദർ -2007, ഐല -2009, ബുൾബുൾ -2019) നദി അവരുടെ വീടിനോടടുത്തുകൊണ്ടിരിക്കുകയും സാവധാനം അവരുടെ മൂന്ന് ബിഘ (ഒരേക്കർ) ഭൂമി മുഴുവൻ മുങ്ങുകയും ചെയ്തു. വർഷത്തിലൊരിക്കൽ അവരവിടെ നെൽകൃഷി ചെയ്തിരുന്നു, കൂടെ കുറച്ച് പച്ചക്കറികളും. ഉംപുൻ അടിച്ചപ്പോൾ അവർക്കൊട്ടും ഭൂമി അവശേഷിച്ചിരുന്നില്ല.














