കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
"സമയം രാവിലെ 11.40 കഴിഞ്ഞിരിക്കുന്നു. ഇനി വരുന്നത് കാറ്റിൻറെ വേഗത്തെ കുറിച്ചുള്ള വിവരങ്ങൾ ആണ്," എ. യശ്വന്ത് കടൽ ഓസൈ റേഡിയോ സ്റ്റേഷനിലൂടെ അറിയിച്ചു. "കഴിഞ്ഞ ഒരു ആഴ്ച്ച, അല്ലെങ്കിൽ ഒരു മാസത്തോളമായി, കച്ചാൻ കാറ്റ് [തെക്കൻ കാറ്റ്] വളരെ ശക്തമാണ്. കാറ്റിൻറെ തീവ്രത മണിക്കൂറിൽ 40 തൊട്ട് 60 കിലോമീറ്ററുകൾ വരെ എത്തി. ഇന്ന്, മീൻപിടുത്തക്കാരെ സഹായിക്കാനാണെന്ന് തോന്നുന്നു, അത് 15 [കെ എം പി എഛ്] ആയി കുറഞ്ഞിട്ടുണ്ട്."
അത് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ പാമ്പൻ ദ്വീപിലെ മീൻപിടുത്തക്കാർക്ക് നല്ല വാർത്തയാണ്. "ഇതിനർത്ഥം അവർക്ക് ഒരു പേടിയും കൂടാതെ കടലിൽ പോകാം," സ്വയം ഒരു മീൻപിടുത്തക്കാരൻ ആയ യശ്വന്ത് വ്യക്തമാക്കി. ആ പ്രദേശത്തെ മത്സ്യത്തൊഴിലാളിസമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന കടൽ ഓസൈ (കടലിൻറെ ശബ്ദം) എന്ന സ്റ്റേഷനിൽ ഒരു റേഡിയോ ജോക്കി കൂടിയാണ് അയാൾ.
രക്തദാനത്തെ കുറിച്ചുള്ള ഒരു പ്രത്യേക പ്രക്ഷേപണത്തിനു മുന്നോടിയായി യശ്വന്ത് കാലാവസ്ഥ അറിയിപ്പ് ഇങ്ങനെ അവസാനിപ്പിച്ചു: "താപനില ഇപ്പോൾ 32 ഡിഗ്രി സെൽഷ്യസ് ആണ്. ധാരാളം വെള്ളം കുടിക്കുക, വെയിലത്ത് ഇറങ്ങാതിരിക്കുക."
ഇതൊരു അനിവാര്യമായ മുൻകരുതലാണ്. എന്തെന്നാൽ, പാമ്പനിൽ ഇപ്പോൾ ചൂടേറിയ ദിനങ്ങൾ 1996-ഇൽ യശ്വന്ത് ജനിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെ അധികം ആണ്. അന്ന്, ഈ ദ്വീപിൽ ഒരു വർഷത്തിൽ കുറഞ്ഞത് 162 ദിവസങ്ങളിലെങ്കിലും താപനില 32-ഇൽ എത്തുകയോ അത് മറികടക്കുകയോ ചെയ്യുമായിരുന്നു. യശ്വന്തിൻറെ പിതാവും ഇപ്പോഴും ഒരു തികഞ്ഞ മീൻപിടുത്തക്കാരനുമായ ആന്തണി സാമി വാസ് ജനിച്ച 1973-ഇൽ അത്തരം ദിവസങ്ങൾ വർഷത്തിൽ 125-ഇൽ അധികം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, ന്യൂ യോർക്ക് ടൈംസ് ജൂലൈയിൽ ഇൻറ്റർനെറ്റിൽ അവതരിപ്പിച്ച ഒരു കാലാവസ്ഥ ആഗോളതാപന മാപിനിയിലെ കണക്കു പ്രകാരം ചൂടേറിയ ദിനങ്ങൾ ഒരു വർഷം കുറഞ്ഞത് 180 എങ്കിലും ഉണ്ട്.
അതിനാൽ, യശ്വന്തും സഹപ്രവർത്തകരും കാലാവസ്ഥ മാത്രമല്ല അതിൻറെ വിപുലമായ വിഷയങ്ങളും മനസ്സിലാക്കാൻ പരിശ്രമിക്കുകയാണ്. അയാളുടെ അച്ഛനും, മറ്റു മത്സ്യത്തൊഴിലാളികളും - ആ ദ്വീപിലെ രണ്ടു പ്രധാന പട്ടണങ്ങളായ പാമ്പനിലും രാമേശ്വരത്തും കൂടി തീർച്ചയായും 83,000-ത്തോളം ആൾക്കാർ ഈ തൊഴിലിൽ ഉണ്ട് - വ്യതിയാനങ്ങൾ മനസ്സിലാക്കുന്നത് ഇവരിൽ നിന്നാണ്.









