പ്രധാനാദ്ധ്യാപകൻ പറഞ്ഞയിടത്തുപോയി നാല് സ്കൂൾകുട്ടികൾ അല്പം ആകാംക്ഷയോടെ ഇരുന്നു. അവർക്ക് സ്കോളർഷിപ്പ് ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിലെ പ്രകടനം മോശമായതൊന്നുമല്ല കാരണം. പ്രധാനാദ്ധ്യാപകൻ അവരെ സഹായിക്കാനാണ് ഇവിടെ അയച്ചത്, ശിക്ഷിക്കാനല്ല. ഇത് അവരുടെ വിദ്യാലയത്തിലെ ഒരു ക്ലാസ്സ് മുറിയായിരുന്നില്ല. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ, ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലുകളിൽ ഒന്നായ അമദഗുർ എന്ന സ്ഥലത്താണ് ഈ ചെറിയ നാടകം രണ്ടാം ഭാഗത്തേക്ക് കടന്നത്.
അമദഗുറിലേ സർക്കാർ പ്രാഥമികവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ 10 വയസ്സുകാരി ജെ. ഇന്ദു എന്ന ദളിത് പെൺകുട്ടിയെയും, മറ്റു നാലു വിദ്യാർത്ഥികളെയും കുറിച്ച് ഒരു ലേഖനം പാരി ജനുവരി 16-നു പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ ആധാർ കാർഡുകളിലെ പേരുകളിൽ അക്ഷരത്തെറ്റ് വന്നതിനാൽ ഈ അഞ്ചു വിദ്യാർത്ഥികൾക്കും ഈ വർഷത്തെ സ്കോളർഷിപ്പ് നഷ്ടമാകുമെന്ന സാഹചര്യമായിരുന്നു. ഇന്ദു എന്ന പേര് 'ഹിന്ദു ' എന്നാണ് ആ കുട്ടിയുടെ കാർഡിൽ കാണപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന്റെ അപേക്ഷയിൽ തിരുത്തിയ പുതിയ കാർഡ് വന്നപ്പോഴും പേര് തെറ്റായിത്തന്നെ തുടർന്നു.







