"അതെപ്പോഴും തേനോ ശർക്കരയോ കൂട്ടി വേണം കഴിക്കാൻ," റൂറൽ ഹെൽത്ത് ഓർഗനൈസറായ ഊർമിള ദുഗ്ഗ തന്റെ അമ്മൂമ്മയുടെ മടിയിൽ തലവെച്ചു ഉദാസീനയായി കിടക്കുന്ന മൂന്നു വയസ്സുകാരി സുഹാനിയോട് പറഞ്ഞു.
മൂന്നു സ്ത്രീകളുടെ - കുട്ടിയുടെ അമ്മയുടെ അമ്മ, മറ്റൊരു റൂറൽ ഹെൽത്ത് ഓർഗനൈസറായ (ആര്.എച്.ഓ.) സാവിത്രി നായക്, ആശാ പ്രവർത്തകയായ മൻകി കാച്ലൻ - സാമർത്ഥ്യവും സ്നേഹത്തോടെയുള്ള അനുശാസനവും, മലേറിയയ്ക്കുള്ള കയ്പുള്ള ഗുളികകൾ കുട്ടിയെ കൊണ്ട് കഴിപ്പിക്കാൻ വേണ്ടി വരുന്നു.
ഇതിനു മേൽനോട്ടം വഹിപ്പികൊണ്ട് സീനിയർ ആർ.എച്ച്.ഒ. ആയ 39-കാരിയായ ഊർമിള, മുന്നിലെ പുരയിടത്തിൽ നിന്നുയരുന്ന കുട്ടികളുടെ കളികളുടെ ശബ്ദങ്ങൾക്കിടയിൽ, കേസിന്റെ വിശദാംശങ്ങൾ ഒരു വലിയ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ നൗമൂഞ്ച്മേട ഗ്രാമത്തിലെ ഒരു അംഗൻവാടിയുടെ ഭാഗികമായി മൂടിയ വരാന്തയാണ് ഇവരുടെ താൽക്കാലിക ക്ലിനിക്ക്.
മാസത്തിലെ എല്ലാ രണ്ടാമത്തെ ചൊവ്വാഴ്ചയും, അംഗൻവാടിയെ ഒരു ഔട്ട്പേഷ്യന്റ് ക്ലിനിക്കായും ഉപയോഗിക്കുന്നു - കുട്ടികൾ അക്ഷരമാല പഠിക്കുന്ന തിരക്കിലാണ്, അമ്മമാരും ശിശുക്കളും മറ്റുള്ളവരും പരിശോധനകൾക്കായി പുറത്ത് വരിയായി നിൽക്കുന്നു. ഊർമിളയും അവരുടെ ആരോഗ്യ പ്രവർത്തകരുടെ സംഘവും രാവിലെ 10 മണിയോടെ എത്തി, അവരുടെ രജിസ്റ്ററുകളും, ടെസ്റ്റിംഗ്, വാക്സിനേഷൻ ഉപകരണങ്ങളോടുകൂടിയ ബാഗുകളും അഴിച്ചുവച്ച്, വരാന്തയിലേക്ക് ഒരു മേശയും ബെഞ്ചും മാറ്റിയിട്ട് രോഗികളെ കാണാൻ തയ്യാറാകുന്നു.
അന്ന് സുഹാനിയ്ക്ക് നടത്തിയ റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് (ആര്.ഡി.റ്റി.) ഊർമിളയും ആര്.എച്.ഓ. സാവിത്രി നായക് (35) ഉൾപ്പെടെയുള്ള അവരുടെ സഹപ്രവർത്തകരും തങ്ങളുടെ ചുമതലയിലുള്ള നാരായൺപൂർ ബ്ലോക്കിലെ ആറ് ഗ്രാമങ്ങളിൽ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന ഏകദേശം 400 മലേറിയ പരിശോധനകളിൽ ഒന്നാണ്.
“നമ്മുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മലേറിയ,” നാരായൺപൂർ ജില്ലയിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ആനന്ദ് രാം ഗോട പറയുന്നു. "ഇത് രക്തകോശങ്ങളെയും കരളിനെയും ബാധിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ശാരീരിക ക്ഷമത മോശമാക്കുകയും ചെയ്യുന്നു. അങ്ങനെ അത് വേതനത്തെയും ബാധിക്കുന്നു. കുഞ്ഞുങ്ങൾ ജനിക്കുന്നത് ഭാരം തീരെ കുറഞ്ഞാണ്. അങ്ങനെ ഈ ചക്രം തുടരുന്നു."










