അപ്പോൾ സമയം രാത്രി രണ്ടുമണിയായിരുന്നു. ചുറ്റും കൂരിരുട്ട്. ‘യന്ത്രവത്കൃത ബോട്ട്’ എന്ന് അഭിമാനകരമായി വിളിക്കുന്ന ഒന്നിലായിരുന്നു ഞങ്ങള്‍ - തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ (പലപ്പോഴും നാട്ടുഭാഷയില്‍ രാമനാട് എന്ന് പറയും) തീരത്തുനിന്ന് കടലിലേക്ക്.
‘യന്ത്രവത്കൃത ബോട്ട്’ യഥാര്‍ത്ഥത്തില്‍ ലെയ്ലാൻഡ് ബസിന്റെ എഞ്ചിന് (1964-ല്‍ പൊളിച്ച്, പിന്നീട് ഇതിനു ചേരുന്നവിധത്തില് പുതുക്കിപ്പണിതത് – ഞാന്‍ ഈ യാത്ര നടത്തിയ 1993-ലും അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു) ഘടിപ്പിച്ച പഴകിപ്പൊളിഞ്ഞ ഒരു വള്ളമായിരുന്നു. ഞങ്ങള്‍ കൃത്യമായി എവിടെയായിരുന്നുവെന്ന് തദ്ദേശവാസികളായിരുന്ന മീന്പിടുത്തക്കാര്ക്കല്ലാതെ എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എനിക്ക് ഏറ്റവും നന്നായി പറയാന്‍ കഴിയുന്നകാര്യം ബംഗാള്‍ ഉള്‍ക്കടലില്‍ എവിടെയോ ആയിരുന്നുവെന്നാണ്.
ചെറിയ കുഴപ്പങ്ങളൊക്കെ നേരിട്ടുകൊണ്ട് 16 മണിക്കൂറുകളായി ഞങ്ങള്‍ കടലില്‍ തന്നെയായിരുന്നു. പക്ഷെ ഒന്നുംതന്നെ അഞ്ചംഗ സംഘത്തിന്റെ പുഞ്ചിരിയെ ബാധിച്ചില്ല. എല്ലാവര്ക്കും ‘ഫെര്‍ണാണ്ടോ’ എന്ന പൊതുവായ പേരുണ്ടായിരുന്നു - അവിടുത്തെ മത്സ്യബന്ധന സമുദായത്തിന്റെയിടയില്‍ വളരെ സാധാരണയായുള്ള പേര്.
‘യന്ത്രവത്കൃത ബോട്ടിന്’ മറ്റൊരു പ്രകാശ സ്രോതസ്സുമില്ലായിരുന്നു - ഫെര്ണാണ്ടോമാരിലൊരാള് കൈയിലേന്തിയ ഒരു കമ്പിന്റെയറ്റത്ത് മണ്ണെണ്ണയില്‍ മുക്കിയ തിരി കത്തുന്ന വെട്ടമല്ലാതെ. അതെന്നെ ആശങ്കാകുലനാക്കി. എങ്ങനെ ആ ഇരുട്ടില്‍ ഞാന്‍ ഫോട്ടൊ എടുക്കാന്‍?
മത്സ്യം പ്രശ്നം പരിഹരിച്ചു.
ഫോസ്ഫൊറെസെന്സിനാല് (മറ്റെന്തെങ്കിലുമാണോയെന്ന് എനിക്കുറപ്പില്ല) തിളങ്ങുന്ന വലകളില്‍ അവ എത്തിയപ്പോള്‍ ബോട്ടില്‍ അവയുണ്ടായിരുന്ന ഭാഗം തെളിഞ്ഞു. ഫ്ലാഷ് അവയില്‍ പ്രതിഫലിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ നടന്നു. ഫ്ലാഷ് ഉപയോഗിക്കാതെപോലും കുറച്ച് ഫോട്ടോകള്‍ എടുക്കാന്‍ എനിക്കു കഴിയുമായിരുന്നു (എപ്പോഴും ഞാന്‍ ഫ്ലാഷ് ഇഷ്ടപ്പെട്ടിരുന്നില്ല).
ഒരുമണിക്കൂര്‍ കഴിഞ്ഞശേഷം ഇതുവരെ കഴിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും ശുദ്ധമായ മീന്‍ എനിക്കു ലഭിച്ചു. പഴയ വലിയൊരു തകരത്തിന്റെ ദ്വാരങ്ങളിട്ട അടിഭാഗം മുകളിലാക്കി അതിന്മേലാണ് മീന്‍ പാചകം ചെയ്തത്. തകരത്തിന്റെ അകത്തും അടിഭാഗത്തും അവര്‍ എങ്ങനെയോ തീ കത്തിച്ചു. രണ്ടുദിവസമായി ഞങ്ങള്‍ കടലില്‍ ആയിരുന്നു. രാമനാട് തീരത്തുനിന്ന് കടലിലേക്ക് 1993-ല്‍ ഞാന്‍ നടത്തിയ അത്തരം മൂന്ന് യാത്രകളില്‍ ഒന്നായിരുന്നു അത്.



