“രാവിലെ പോലീസുകാര്‍ റോന്തുചുറ്റല്‍ ആരംഭിക്കുന്നതിനു മുന്‍പ് എന്റെ മൂത്ത മകനും [ഓട്ടോറിക്ഷ ഡ്രൈവര്‍] മരുമകളും ജോലിക്കായി പുറത്തു പോകുന്നു. അവന് രാവിലെ അവളെ അവള് ജോലി ചെയ്യുന്ന വീട്ടില്‍ കൊണ്ടാക്കുകയും വൈകുന്നേരം രണ്ടുപേരും തിരിച്ചു വരികയും ചെയ്യും”, പ്രായമായ ഒരു സ്ത്രീ പറഞ്ഞു. തൊഴിലാളി വര്‍ഗ്ഗത്തില്‍പെട്ട വളരെയധികം ആളുകള്‍ അവരുടെ ജോലി രഹസ്യമായി തുടരുമ്പോള്‍ മഹാമാരി അവരുടെ ജീവിതത്തില്‍ വളരെ ആവശ്യമുള്ള ഒരു ഇടവേളയായി മാറുന്നു. “കൊറോണ വൈറസ് മൂലം അവധി കിട്ടുന്നുണ്ട്”, മാര്‍ച്ച് 19-ന് ഒരു മനുഷ്യന് ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്പില് നിന്നു പറയുന്നതു ഞാന്‍ കേട്ടു.
ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും സംഗമേശ് നഗര്‍ മുഴുവനായി കാണാം. ഞങ്ങളുടെ അയല്‍ കുടുംബങ്ങള്‍ ഒന്നോ രണ്ടോ മുറികളോടു കൂടിയ ഇടുങ്ങിയ വീടുകളില്‍ താമസിക്കുന്നു. വീടിനു വെളിയിലാണ് ഗണ്യമായ സമയവും അവര്‍ ചിലവഴിക്കുന്നത്. ശാരീരികമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചില അയല്‍ കുടുംബങ്ങളോട് ഞങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും ചൂടുള്ള അനന്തപൂരിലെ വായുസഞ്ചാരം കുറഞ്ഞ വീടിന്റെ അകത്തളങ്ങളില്‍ ഒരു ഫാനിന്റെ കീഴില്‍ താമസിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഓട്ടോ ഡ്രൈവര്‍മാര്‍, പന്നി വളര്‍ത്തുന്നവര്‍, അദ്ധ്യാപകര്‍, വീടുകളില്‍ സഹായികളായി നില്ക്കുന്നവര് എന്നിവരൊക്കെയാണ് ഞങ്ങളുടെ അയല്‍വാസികളില്‍ പെട്ടവര്‍. ഇതില്‍ അവസാനം പറഞ്ഞ രണ്ടു വിഭാഗങ്ങള്‍ എല്ലാ ദിവസവും വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ ആണ്. ലോക്ക്ഡൗണ്‍ ആയിട്ടും അവര്‍ ജോലി ചെയ്യുന്നത് തുടരുന്നു.
മിക്ക ദിവസങ്ങളിലും ഇവിടുള്ള കുട്ടികള്‍ നേരത്തെ എഴുന്നേറ്റ് മാതാപിതാക്കളെ വെള്ളം ശേഖരിക്കാന്‍ സഹായിക്കുന്നു. അനന്തപുരിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും ദുര്‍ലഭവുമായ വിഭവം ആണ് വെള്ളം. പരിഷ്കരിച്ചെടുത്ത ഓട്ടോയുടെ പിറകില്‍ കുറച്ചു പ്രാദേശിക കമ്പനികള്‍ ‘ശുദ്ധീകരിച്ച കുടിവെള്ളം’ വില്‍ക്കുന്നു. അവയിലൊരെണ്ണം തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വരവ് ഉച്ചഭാഷിണിയിലൂടെ 2014-ലെ ഒരു തെലുങ്ക് സിനിമയിലെ ഉല്ലാസഭരിതമായ ഗാനത്തിന്റെ അകമ്പടിയോടെ വിളംബരം ചെയ്യന്നു. മാര്‍ച്ച് 30-നും ഇതുണ്ടായിരുന്നു. കുറച്ചു സ്ത്രീകള്‍ അവരുടെ പ്ലാസ്റ്റിക് കുടങ്ങളില്‍ ഈ വെള്ളം ശേഖരിച്ചു. ബാക്ടീരിയ, വൈറസ്... എന്നിവ മൂലം മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വെള്ളം ‘മലിനമായിരിക്കുന്ന’ ഈ സമയത്ത് തങ്ങളുടെ ‘ശുദ്ധീകരിച്ച’ വെള്ളം വാങ്ങാന്‍ ജനങ്ങളോട് ഉച്ചഭാഷിണിയിലൂടെ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പരസ്യത്തിലൂടെ ഈ കമ്പനി ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ സാവധാനം ദിനചര്യകളില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നുവെങ്കിലും സര്‍ക്കാരിന്റെ നിദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ക്ക് കഴിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ വൈയക്തികതയെക്കുറിച്ചുള്ള നഗര കേന്ദ്രീകൃത ധാരണകളില്‍ ഊന്നിയുള്ളതായിരുന്നു പ്രസ്തുത നിര്‍ദ്ദേശങ്ങള്‍. കുട്ടികള്‍ റോഡില്‍ അവരുടെ കളികള്‍ തുടര്‍ന്നു (ഒളിച്ചു കളി അഥവാ സാറ്റ് കളി, കള്ളനും പോലീസും കളി തുടങ്ങി മറ്റൊന്നിനേയും ആശ്രയിക്കാത്ത കളികള്‍). ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗണ്‍ അവര്‍ക്ക് അധികമായി ലഭിച്ച അവധി ദിവസങ്ങള്‍ മാത്രമാണ്. വളരെയടുത്താണ് സാധനങ്ങള്‍ വില്ക്കുന്നവരുടെ വരവു നിലച്ചത്. വിളിച്ചു പറഞ്ഞു നടന്നുകൊണ്ട് ഞങ്ങളുടെ തെരുവില്‍ മൊരിച്ച കടല/കപ്പലണ്ടി (groundnut) വിറ്റുകൊണ്ടിരുന്നയാള്‍ മാര്‍ച്ച് 28-ന് വരവ് നിര്‍ത്തി. ഐസ്ക്രീം വിറ്റുകൊണ്ടു നടന്നിരുന്ന ആളെ മാര്‍ച്ച് 28 മുതല്‍ കാണുന്നില്ല. പച്ചക്കറി കച്ചവടക്കാരന് കച്ചവടം തുടരുന്നു.
ഞങ്ങളുടെ അയല്‍വാസികളെ സംബന്ധിച്ചിടത്തോളം എല്ലാവര്ക്കും ദിവസം മുഴുവനും ഒരേ സമയത്തു തന്നെ താമസിക്കാന്‍ ബുദ്ധിമുട്ടായ ഇടുങ്ങിയ വീട്ടില്‍ അവശ്യ സാധനങ്ങള്‍ സൂക്ഷിക്കുന്നതും ‘സാമൂഹ്യ അകലം പാലിക്കുന്നതും’ ഏതാണ്ട് അസാദ്ധ്യമാണ്. തറയില്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടികളിലിരുന്ന് മുതിര്‍ന്നവര്‍ പകിട (dice) ഉപയോഗിച്ച് അവര്‍ക്ക് ഇഷ്ടപ്പെട്ട ‘ആടും പുലിയും’ കളിക്കുന്നു.