കബീർ ഭജനുകൾ ആലപിക്കുമ്പോൾ പ്രഹ്ലാദ് സിംഗ് തിപാനിയും ശബ്നം വീർമണിയും (കബീർ പ്രോജക്ടിലെ) ഏൿതാരി വായിക്കുന്നു
രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഗീതോപകരണം നിലവിലുണ്ട്. ഭജനുകൾ പാടുന്നവരുടേയും സഞ്ചാരികളായ കലാകാരന്മാരുടേയുമൊപ്പമാണ് അതിന്റെയും ജീവിതം. 100-120 സെന്റിമീറ്റർ നീളമുള്ള ഇത് പല സ്ഥലത്തും പല പേരുകളിലറിയപ്പെടുന്നു. കർണ്ണാടകയിൽ ഇത് ഏക്നാദും, പഞ്ചാബിൽ തുമ്പിയും ബംഗാളിൽ ബാവുലും നാഗാലാൻഡിൽ തട്ടിയും തെലുങ്കാനയിലും ആന്ധ്രയിലും ബരവീണയും ആണ്. ഉണങ്ങിയ മത്തങ്ങ പരത്തി, ഉള്ള് പൊള്ളയാക്കിയാണ് നാദം പുറപ്പെടുവിക്കുന്ന ഭാഗം നിർമ്മിക്കുക. ഒരു കഷണം തോലുകൊണ്ട് അതിന്റെ വായ പൊതിഞ്ഞ്, പൊള്ളയായ ഒരു മുളങ്കഷണം അതിനോട് ഘടിപ്പിക്കുന്നു. ആ മുളങ്കഷണത്തിന്റെ മറുഭാഗം മത്തങ്ങയിലൂടെ പുറത്ത് വന്ന്, അതിൽ ഒരു കമ്പി ഘടിപ്പിക്കുന്നു. ആ കമ്പി മുളങ്കഷണത്തിന്റെ വാലറ്റുവുമായി മുകളിലൂടെ ബന്ധിച്ച് നടുവിരലുകൊണ്ടോ ചൂണ്ടുവിരലുകൊണ്ടോ എറ്റിക്കൊണ്ടാണ് ഏൿതാരി വായിക്കുന്നത്.
മത്തങ്ങയും മരവും മുളയും കമ്പികളും സുലഭമായതിനാൽ, ഏൿതാരിയുടെ രൂപമാതൃക ഉണ്ടാക്കലും നിർമ്മാണപ്രക്രിയയും മറ്റ് തന്ത്രിവാദ്യങ്ങളേക്കാൾ എളുപ്പമാണ്. ഏറ്റവും നന്നായി ശബ്ദത്തെ വിന്യസിക്കാൻ മത്തങ്ങയ്ക്ക് സാധിക്കും. ആഫ്രിക്കൻ സംഗീതോപകരണങ്ങളിലും അത് ഉപയോഗിക്കാറുണ്ട്. അടിസ്ഥാന താളവും കീഴ്സ്ഥായിലുള്ള ശ്രുതിയും നൽകാൻ കഴിവുണ്ട് ഏൿതാരിക്ക്. ആ ശബ്ദത്തോടൊപ്പം തന്റെ ശബ്ദവും പാട്ടിന്റെ ആവേഗവും പാട്ടുകാരന് ഇഴചേർക്കാനാവും. പുരാതനവും തനതുമായ ഉപകരണമാണ് അത്. ആദ്യമൊക്കെ അതിന്റെ തന്ത്രിയും തോലുകൊണ്ടുള്ളതായിരുന്നു. മൃഗങ്ങളുടെ ചർമ്മത്തിന്റെ ഉൾഭാഗംകൊണ്ട്. കർണ്ണാടകയിൽ, യെല്ലമ്മയുടെ ആരാധനയ്ക്ക് ഇപ്പോഴും തോലിന്റെ തന്ത്രി കെട്ടിയ ഏൿതാരിയാണ് ഉപയോഗിച്ചുവരുന്നത്. സുംബാരുക് എന്നാണതിനെ വിളിക്കുക. അതിനാൽ, തോലിന്റെ പാത്രത്തിൽ, തോലിന്റെ തന്ത്രികൊണ്ട് പ്രകമ്പനം ചെയ്ത് സൃഷ്ടിക്കപ്പെട്ടതാണ് ആദ്യത്തെ ശ്രുതിയും ആദ്യത്തെ താളവും എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടാവില്ല. ഏറ്റവും ആദ്യത്തെ സംഗീതോപകരണവും അതായിരിക്കണം. കാർഷികസമൂഹത്തിൽ ലോഹം കണ്ടുപിടിച്ചതിനുശേഷമാണ് ലോഹക്കമ്പിയുടെ തന്ത്രികൾ ഉപയോഗിക്കാൻ തുടങ്ങിയത്. അതോടെ, ലോകമൊട്ടുക്ക്, വിവിധ തരത്തിലുള്ള ഏകതന്ത്രിവാദ്യങ്ങൾ കണ്ടുപിടിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തുതുടങ്ങി. നാടോടികളും തെരുവുകലാകാരന്മാരും നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന സംഗീതോപകരണങ്ങൾ അവരുടെ ജീവിതവുമായിത്തന്നെ അഭേദ്യമായി ബന്ധപ്പെട്ടവയായിരുന്നു.
ഭക്തിപ്രസ്ഥാനത്തിലെ നിരവധി കവികളും ഗുരുക്കന്മാരും ഏൿതാരി വ്യാപകമായി ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ, ചരിത്രപരമായി ഇത് അത്ര ശരിയല്ല. കബീറും മീരാബായിയും ചില സൂഫിവര്യന്മാരും പാട്ടുകൾക്ക് അകമ്പടിയായി ഏൿതാരി ഉപയോഗിച്ചിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിൽ നാംദേവ് മുതൽ തുക്കാറാംവരെയുള്ള കവിശ്രേഷ്ഠന്മാർ താളവും (ഇലത്താളം പോലെയുള്ളത്) ചിപ്ലിയും (ചപ്ലാംകൊട്ട) മൃദംഗവുമാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. ചില ചിത്രങ്ങളിലും പ്രതിമകളിലും, ഈ ഗുരുക്കന്മാർ വീണ ഉപയോഗിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.
മറാത്തി വിശ്വകോശം പറയുന്നത് ഇപ്രകാരമാണ്: “ഇന്ത്യൻ സംഗീതത്തിൽ ഉപയോഗിച്ചിരുന്ന പ്രാചീന സംഗീതോപകരണമാണ് വീണ. വേദങ്ങൾ ഉച്ചരിക്കുമ്പോൾ ശ്രുതി പിടിക്കാൻ ഉപയോഗിച്ചിരുന്നതാണ് അത്”. നാംദേവിന്റേയും തുക്കാറാമിന്റേയും ചിത്രങ്ങളിൽ നമുക്കത് കാണാൻ കഴിയുമെങ്കിലും, തുക്കാറാം എഴുതിയ അഭംഗുകളിലൊന്നിലും ഇതിനെക്കുറിച്ചുള്ള പരാമർശമില്ല. എന്നാൽ, താൾ, ചിപ്ലി, മൃദംഗം എന്നിവയെക്കുറിച്ചുള്ള വിവിധ സൂചനകൾ കാണാനും കഴിയും.
വീണയുമായി നിൽക്കുന്ന തുക്കാറാമിന്റെ ചിത്രം ആ യോഗിവര്യന്റെ ഒരു ബ്രാഹ്മണിക പ്രതിനിധാനമാണെന്ന് നമുക്ക് പറയാം.