തന്റെ പേരിനൊപ്പം ഒരു വിശേഷണം കൂടി ചേർക്കാൻ ഹേമന്ത് കാവ്ലെ എന്നെ നിർബധിക്കുകയാണ്.
"ഞാൻ അഭ്യസ്തവിദ്യനാണ്, തൊഴിൽരഹിതനാണ്...പിന്നെ അവിവാഹിതനും," താൻ ഉൾപ്പെടെയുള്ള യുവകർഷകരുടെ വിവാഹം നടക്കാതിരിക്കുന്ന അവസ്ഥയെ പരിഹാസരൂപേണ പരാമർശിച്ച് ആ 30 വയസ്സുകാരൻ പറയുന്നു.
"അഭ്യസ്തവിദ്യൻ, തൊഴിൽരഹിതൻ, അവിവാഹിതൻ." കാവ്ലെ ഓരോ വാക്കും ഊന്നിപ്പറയുന്നത് കേട്ട്, അദ്ദേഹം നടത്തുന്ന ചെറിയ പാൻ കടയിൽ ഒത്തുകൂടിയിരിക്കുന്ന, 30-കളുടെ മധ്യത്തിൽ പ്രായമുള്ള സൃഹുത്തുക്കൾ സങ്കോചത്തോടെ ചിരിക്കുന്നു. തങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ഈ പ്രായത്തിലും അവിവാഹിതരായി തുടരേണ്ടിവരുന്നതിനുള്ള അമർഷവും നാണക്കേടും അവർ ആ ചിരിയിൽ ഒളിപ്പിക്കുന്നുണ്ട്. കാവ്ലെ പരിഹസിക്കുന്നത് തങ്ങളെക്കൂടിയാണെന്ന് അവർക്കറിയാം.
"ഇതാണ് ഞങ്ങളുടെ പ്രധാന പ്രശ്നം," സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള കാവ്ലെ പറയുന്നു.
മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശമായ വിദർഭയിലെ പരുത്തിക്കൃഷി പ്രബലമായ മേഖലയിലൂടെ കടന്നുപോകുന്ന യവത്മാൽ-ദാർവ റോഡിനോട് ചേർന്നുള്ള സെലോരി ഗ്രാമത്തിലാണ് ഞങ്ങൾ. കാലങ്ങളായി കാർഷിക പ്രതിസന്ധിയുടെയും പുറത്തേയ്ക്കുള്ള കുടിയേറ്റത്തിന്റെയും നിഴലിലായ വിദർഭ പ്രദേശത്ത് കർഷക ആത്മഹത്യകൾ തുടർക്കഥയാണ്. സെലോരി ഗ്രാമചത്വരത്തിൽ കാവ്ലെ നടത്തുന്ന കടയുടെ തണലിൽ ഒരു കൂട്ടം യുവാക്കൾ അലസരായി സമയം പോക്കുന്നുണ്ട്. അവർ എല്ലാവരും ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുള്ളവരാണ്; അവർക്കെല്ലാം സ്വന്തം പേരിൽ കൃഷിഭൂമിയുണ്ട്; അവർ എല്ലാവരും തൊഴിൽരഹിതരാണ്; അവരെല്ലാം അവിവാഹിതരുമാണ്.
ആ യുവാക്കളിൽ മിക്കവരും പലപ്പോഴായി പൂനെ, മുംബൈ, നാഗ്പൂർ, അംരാവതി തുടങ്ങിയ വിദൂരനഗരങ്ങളിൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി പോയിട്ടുള്ളവരാണ്; ചിലർ കുറച്ച് നാൾ വളരെ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്തു; മറ്റു ചിലർ സംസ്ഥാന സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷന്റെയോ യൂണിയൻ പബ്ലിക്ക് സർവീസ് കമീഷന്റെയോ പരീക്ഷകളോ ജോലിക്ക് വേണ്ടിയുള്ള മറ്റ് പരീക്ഷകളോ എഴുതി പരാജയപ്പെട്ടു.
ഈ പ്രദേശത്തെയും ഒരുപക്ഷെ ഇന്ത്യയൊന്നാകെത്തന്നെയുമുള്ള മിക്ക യുവാക്കളെയും പോലെ കാവ്ലെയും ഒരു ജോലി ലഭിക്കണമെങ്കിൽ മികച്ച വിദ്യാഭ്യാസം നേടണമെന്ന ധാരണയിലാണ് വളർന്നുവന്നത്.
എന്നാൽ ഇപ്പോൾ, ഒരു വധുവിനെ കണ്ടെത്തണമെങ്കിൽ സ്ഥിരം ജോലി കൂടിയേ തീരൂ എന്നുകൂടി അദ്ദേഹം മനസ്സിലാക്കുകയാണ്.
തൊഴിൽ ലഭ്യത വിരളവും ശുഷ്കവുമാണെന്നിരിക്കെ, കാവ്ലെ ഗ്രാമത്തിൽ തന്റെ കുടുംബത്തിന് സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്യുകയും അതിനൊപ്പം അധികവരുമാനത്തിനായി ചെറിയ ഒരു കട നടത്തുകയുമാണ്.
"ഞാൻ ഒരു പാൻ കട തുടങ്ങാൻ തീരുമാനിച്ചു; അതുകൂടാതെ എന്റെ ഒരു സുഹൃത്തിനോട് എന്റെ കടയോട് ചേർന്ന് ഒരു രസ്വന്തി (കരിമ്പിൻ ജ്യൂസ് വിൽക്കുന്ന കട) തുടങ്ങാനും മറ്റൊരു സുഹൃത്തിനോട് ചെറുകടികൾ വിൽക്കുന്ന കട തുടങ്ങാനും ആവശ്യപ്പെട്ടു. ഞങ്ങൾ മൂവരും ചേർന്നാൽ കുറച്ചെങ്കിലും കച്ചവടം നടത്താനാകുമെന്നാണ് എന്റെ പ്രതീക്ഷ," പരമ രസികനായ കാവ്ലെ പറയുന്നു. " പൂനെയിൽ ഒരു മുഴുവൻ ചപ്പാത്തി കഴിക്കുന്നതിലും നല്ലത് എന്റെ സ്വന്തം ഗ്രാമത്തിൽ അര ചപ്പാത്തി കഴിക്കുന്നതാണ്," അദ്ദേഹം പറയുന്നു.









