നിഗാനയിൽനിന്ന് വെറും ആറ് കിലോമീറ്റർ അകലെ, കഹ്നാവറിലാണ് കേശു പ്രജാപതിയുടെ സ്ഥലം. വിലവർദ്ധനവ് ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ ഒരു വിഷയമാണെന്ന് അവർ പറയുന്നു. 44 വയസ്സുള്ള കേശു വീടുകളിലും കെട്ടിടങ്ങളിലും തറയോടുകൾ സ്ഥാപിക്കുന്ന പണിയാണ് ചെയ്യുന്നത്. ഉപ്പ്, പഞ്ചസാര തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവ് സൂചിപ്പിച്ചുകൊണ്ടാന് അയാൾ വിലക്കയറ്റത്തെ അളക്കുന്നത്. പത്തുവർഷം മുമ്പ് പാലിന്റെ വില ലിറ്ററിന് 30 രൂപയും ഒരു കിലോഗ്രാം ഉപ്പിന് 16 രൂപയുമായിരുന്നെങ്കിൽ ഇന്നത്, യഥാക്രമം 35 രൂപയും 27 രൂപയുമാണെന്ന് ദിവസവേതനക്കാരനും, റോത്തക്കിലെ തൊഴിലാളി സംഘടനയായ ഭവൻ നിർമാൺ കാരിഗർ മസ്ദൂർ യൂണിയനിലെ അംഗവുമായ കേശു ചൂണ്ടിക്കാണിക്കുന്നു
“റേഷൻ ഞങ്ങളുടെ അവകാശമായിരുന്നു. ഇന്ന് നമുക്ക് തോന്നുന്നത്, അത് സർക്കാരിന്റെ എന്തോ ഒരു സൌജന്യമാണെന്നും അതിനുവേണ്ടി നമ്മൾ അവരെ കുമ്പിടണമെന്നുമാണ്”. ഇന്ന്, ഒരു മഞ്ഞ (റേഷൻ) കാർഡുകാരന് അഞ്ച് കിലോ ഗോതമ്പും ഒരു കിലോ പഞ്ചസാരയും പാചക എണ്ണയും ലഭിക്കുന്നു. ഒരു പിങ്ക് കാർഡുകാരനാകട്ടെ, 35 കിലോ ഗോതമ്പ് ഒരു മാസം ലഭിക്കും. “മുമ്പ്, സർക്കാർ മണ്ണെണ്ണ റേഷനായി കൊടുത്തിരുന്നു. അത് ഇപ്പോൾ ഇല്ല. എൽ.പി.ജി. (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകൾ നിറയ്ക്കാനും ചിലവ് കൂടുതലാന്. “കടലയും ഉപ്പും പണ്ട് കിട്ടിയിരുന്നു”വെങ്കിലും ഇപ്പോൾ കിട്ടുന്നില്ല എന്ന് അയാൾ സൂചിപ്പിച്ചു.
“ഒന്നുമില്ലെങ്കിൽ, സർക്കാരിന്റെ ഉപ്പ് തിന്നിട്ടില്ലെന്നെങ്കിലും (സർക്കാരിനോട് വിധേയത്വം കാട്ടേണ്ടതില്ലെന്നാണ് വ്യംഗ്യാർത്ഥം) ഞങ്ങൾക്ക് ധൈര്യമായി പറയാം,” ഉപ്പില്ലാത്തതിനെക്കുറിച്ച് അയാൾ സൂചിപ്പിക്കുന്നു.
കഹ്നാവർ സർക്കാർ സ്കൂളിൽ ഭക്ഷണം പാചകം ചെയ്യുന്ന രാംരാതിയെപ്പോലുള്ളവർക്ക് ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയിലെ ‘ഡബിൾ എൻജിൻ’ സർക്കാരിനെക്കൊണ്ട് (കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സർക്കാർ ഭരിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം) ഒരു പ്രയോജനവും കിട്ടുന്നില്ല. സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകക്കാരിയാണ് അവർ. “ഒരു മിനുറ്റുപോലും തീയിന്റെ മുമ്പിൽ നിൽക്കാൻ പറ്റാത്ത ഈ ചൂടുള്ള കാലാവസ്ഥയിൽ ഞാൻ മാസത്തിൽ 6,000 റൊട്ടിയാണ് ചുടുന്നത്”, അവർ പറയുന്നു. മാസത്തിൽ അതിന് അവർക്ക് കിട്ടുന്നത് 7,000 രൂപ കൂലിയും. കിട്ടുന്ന കൂലി, ചെയ്യുന്ന ജോലിയുടെ പകുതിക്ക് മാത്രമേ തികയുന്നുള്ളൂ എന്ന് പറയുന്നു അവർ. ഇതിന് പുറമേയാണ് വീട്ടിലെ ജോലികൾ. വിലക്കയറ്റം മൂലം ആറ് അംഗങ്ങളുള്ള കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ടുകയാണവർ. “സൂര്യനേക്കാളും കൂടുതൽ നേരം ഞാൻ ജോലി ചെയ്യുന്നുണ്ട്,” അവർ സൂചിപ്പിക്കുന്നു.