തിരക്ക് പിടിച്ച ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ, സോണു കുമാർ റാവത്തും കുടുംബവും ഒഴിഞ്ഞ ഒരു സ്ഥലം കണ്ടെത്തി. അവർക്ക് ചുറ്റും യാത്രക്കാരും വില്പനക്കാരും തീവണ്ടികളും വന്നും പോയുമിരുന്നു. 27 വയസ്സുള്ള അയാൾ തൻ്റെ സാധനങ്ങളിൽ ശ്രദ്ധ വെക്കുന്നുണ്ട്. ഭാര്യ സിതാര ഖാതൂൻ അവരുടെ കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്നു. സമയം ഉച്ച 2 മണിയായിട്ടേയുള്ളു. ഇനിയും നാല് മണിക്കൂർ ആ തിരക്കുള്ള പ്ലാറ്റ്ഫോമിൽ, ചുട്ടുപൊള്ളി ഇരുന്നാലേ, ബിഹാറിലേക്കുള്ള ലിച്ചാവി എക്സ്പ്രസ്സിൽ അവർക്ക് കയറാനാവൂ.
സോണു ഒരു കൽപ്പണിക്കാരനാണ്. സിതാര നിർമ്മാണസൈറ്റുകളിൽ ജോലിയെടുക്കുന്നു. എല്ലാ ദിവസവും ഗാസിയാബാദിലെ തൊഴിലാളി മാർക്കറ്റിൽ അവർ വരിനിൽക്കും. കഴിഞ്ഞ ചില ആഴ്ചകളായി, “ഞങ്ങൾ ചില ദിവസങ്ങളിൽ മുഴുവൻ ലേബർ ചൗക്കിൽ കാത്തുനിൽക്കും. രണ്ടും മൂന്നും ദിവസംവരെ ഒരു ജോലിയും കിട്ടിയില്ലെന്നുവരും” സോണു പറയുന്നു.
ഇറാനുനേരെയുള്ള അമേരിക്കയുടേയും ഇസ്രായേലിൻ്റേയും ആക്രമണംമൂലം ഹോർമൂസ് ഇടനാഴി അടച്ചതിനാൽ, രാജ്യത്തെ എൽ.പി.ജി. വിലകൾ കുത്തനെ ഉയർന്നു. അതോടെ, ദില്ലിയിൽ തുടരുന്നത് റാവത്ത് കുടുംബത്തിന് അസാധ്യമായി.
“മുമ്പ് ഞങ്ങൾ, ഗ്യാസ് സിലിണ്ടറിന് 1,200 രൂപയും, വാടകയിനത്തിൽ 2,500 രൂപയും കറൻ്റിന് 500 രൂപയും കൊടുത്തിരുന്നു. അതായത്, 4,000-ത്തിനും 5,000-ത്തിനുമിടയിൽ. അത് കഴിഞ്ഞിട്ടുവേണം ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ,” സോണു പറയുന്നു.
പക്ഷേ, തിരിച്ചുപോകുന്നത് ആലോചിക്കുമ്പോൾ വലിയ മാനസികസമ്മർദ്ദമാണ്. വിവാഹം കഴിക്കാൻ ഒളിച്ചോടിയവരാണ് മിശ്രജാതിക്കാരായ ആ ദമ്പതികൾ. അവർ തലസ്ഥാനത്തെത്തിയിട്ട് ഒരുവർഷമാവുന്നതേയുള്ളു. പരിചയക്കാരെ ആരെയും കാണാതെ, സ്വസ്ഥമായി ജോലിയെടുത്ത് ജീവിക്കാൻ. ഇപ്പോൾ തിരിച്ചുപോകേണ്ടിവന്നിരിക്കുന്നു. സിവാൻ ജില്ലയിലെ മെയ്ർവയിലെ സിതാരയുടെ വീട്ടിൽ ചെന്നാൽ, വലിയ എതിർപ്പുണ്ടാവില്ലെന്നാണ് അവരുടെ കണക്കുകൂട്ടൽ.
കനാവനി വില്ലേജ് എക്സ്ടൻഷനിലെ ഒരു ചേരിയിലെ ഒറ്റമുറിയിലാണ് കുടുംബം കഴിയുന്നത്. “മാസത്തിൽ ചിലപ്പോൾ 20 ദിവസം ജോലിയുണ്ടാവും. ചില നല്ല ദിവസങ്ങളിൽ ഞങ്ങൾ ഓരോരുത്തർക്കും, മാസത്തിൽ 10,000 രൂപവെച്ച് ലഭിച്ചിട്ടുണ്ട്,” സോണു പറയുന്നു. തൻ്റെ വീട്ടുചിലവുകളെ എൽ.പി.ജി. പ്രതിസന്ധി ബാധിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു സോണു.






