“ഇവിടത്തെ ഒരു കടയില്‍നിന്ന് നിങ്ങള്‍ക്ക് എന്തും വാങ്ങാൻ സാധിക്കും. എന്നാല്‍ ഗോത്രവര്ങ്ങളുടെ മതചടങ്ങുകൾക്കുപയോഗിക്കുന്ന കളിമണ്പാത്രങ്ങള് കോട്ട ഗോത്രത്തിലെ സ്ത്രീകളാല്‍ മാത്രമാണ് നിര്‍മിക്കപ്പെടുന്നത്” മണ്‍പാത്രനിര്‍മ്മാണത്തിന് പ്രശസ്തമായ ആദിവാസി കുഗ്രാമമായയ തിര്ച്ചക്കാട് എന്ന് ഗോത്രവര്‍ഗക്കാർ വിളിക്കുന്ന തിരുച്ചിഗഡി ഗ്രാമത്തിലെ കുശവസ്ത്രീയായ 63-കാരി സുഗി രാധാകൃഷ്ണന് പറയുന്നു. കോട്ടക്കാർക്ക് അവരുടെ വാസസ്ഥലങ്ങൾക്ക് അല്പം വ്യത്യസ്തമായ പേരുകളുണ്ട്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കോത്തഗിരി പട്ടണത്തിനടുത്തുള്ള ഉദഗമണ്ഡലം താലൂക്കിലാണ് ഈ കുഗ്രാമം.
കോട്ട ഭാഷയില്‍ ദുപിട്ട് എന്ന് വിളിക്കുന്ന പരമ്പരാഗത ഗോത്രവസ്ത്രമായ മേലങ്കിപോലെ കെട്ടിയ കട്ടിയുള്ള വെള്ള ഷീറ്റും വരാട് എന്ന ഷാളുമാണ് സുഗിയെപ്പോലുള്ള സ്ത്രീകള്‍ വീട്ടിൽ ധരിക്കുന്നത്. കോത്തഗിരിയിലും മറ്റ് പട്ടണങ്ങളിലും ജോലി ചെയ്യുമ്പോള്‍, തങ്ങളുടെ കുഗ്രാമങ്ങളിൽ ധരിക്കുന്ന പരമ്പരാഗതവസ്ത്രങ്ങൾ തിരുച്ചിഗഡിയിലെ സ്ത്രീപുരുഷന്മാർ ധരിക്കാറില്ല. സുഗിയുടെ എണ്ണ തേച്ച് മിനുക്കിയ തലമുടി, അവരുടെ ഗോത്രത്തിലെ സ്ത്രീകള്‍ക്ക് മാത്രമുള്ള സവിശേഷമായ ശൈലിയില്‍ തിരശ്ചീനമായി ബൺ രൂപത്തിൽ കെട്ടി തൂങ്ങികിടക്കുന്നു. അവരുടെ വീടിനോട് ചേര്‍ന്നുള്ള ചെറിയ മണ്‍പാത്ര റൂമിലേക്ക് സുഗി ഞങ്ങളെ സ്വാഗതം ചെയ്തു.
“ഒരു പാത്രം എങ്ങനെ നിർമ്മിക്കണമെന്ന ഔപചാരികമായ ‘പഠൻ’മൊന്നു ഇല്ലായിരുന്നു. എന്റെ മുത്തശ്ശിമാർ അവരുടെ കൈകൾ ചലിപ്പിക്കുന്ന രീതി ഞാൻ നിരീക്ഷിച്ചു. സിലിണ്ടർ ആകൃതിയിലുള്ള പാത്രം വൃത്താകൃതിയിൽ രൂപപ്പെടുത്തുന്നതിനായി ഒരു മരപ്പലക ഉപയോഗിച്ച് മണിക്കൂറുകളോളം മിനുസപ്പെടുത്തേണ്ടതുണ്ട്, അതേസമയം അകത്തുനിന്ന് മിനുസമാർന്ന ഉരുണ്ട കല്ലുപയോഗിച്ച് തടവുകയും വേണം. ഇത് പാത്രത്തിന്റെ സുഷിരങ്ങൾ കുറയ്ക്കുന്നു, ആന്തരിക വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ കല്ലും മരപ്പലകയും യോജിച്ച് ഉപയോഗിക്കണം. അത്തരത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന പാത്രമുപയോഗിച്ച് ഏറ്റവും രുചികരമായ രീതിയില്‍ അരി പാകം ചെയ്യാനാവും. സാമ്പാര്‍ പാകം ചെയ്യുന്നതിന്, ചെറിയ വായയുള്ള പാത്രങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് വളരെ രുചികരമാണ്, നിങ്ങളും ഇത് പരീക്ഷിക്കണം.”









