“പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പരീക്ഷാപേപ്പർ സുരക്ഷിതമാക്കുക എന്നത് അധികാരികളുടെയും,”പ്രത്യക്ഷത്തിൽത്തന്നെ രോഷത്തോടെ അൻശു കുമാരി പറയുന്നു.
മത്സരപ്പരീക്ഷകളുടെ സമ്മർദ്ദത്തെക്കുറിച്ച് ആ 24 വയസ്സുകാരിക്ക് നന്നായറിയാം. അവർ ഒരു സ്കൂളിലെ അദ്ധ്യാപികയും, അതേസമയം, ഒരു ഓപ്പൺ സർവ്വകലാശാലയിൽനിന്ന് ബാച്ചിലർ ഓഫ് എഡ്യുക്കേഷൻ ബിരുദമെടുക്കാനും, സ്കൂൾ ജോലി കിട്ടാൻ സെൻട്റൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി.ടി.ഇ.ടി) തയ്യാറെടുക്കുകയും ചെയ്യുന്ന ആളാണ്.
2023-ലും 2024-ലും അൻശു ബാങ്കിംഗ് റിക്രൂട്ട്മെൻ്റ് പരീക്ഷയ്ക്ക് ഇരുന്നു. സുരക്ഷിതമായ ഒരു സർക്കാർ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ. ഒന്നും കിട്ടിയില്ല. അതുകൊണ്ടാണ് അദ്ധ്യാപന ജോലിയിൽ കയറിയതും, രാത്രികളിൽ അദ്ധ്യാപന പരീക്ഷകൾക്ക് കുത്തിയിരുന്ന് പഠിക്കുന്നതും.













