തികഞ്ഞ സന്തോഷത്തോടെ പനയോലകൾ ചവച്ചിറക്കുകയാണ് ജുനു. വളർത്തുമൃഗമായ ഈ ആടിന് സാധാരണഗതിയിൽ പനയോല തിന്നാൻ കൊടുക്കാറില്ലെങ്കിലും, വല്ലപ്പോഴും കിട്ടുന്ന രുചിയേറിയ ഈ ഇലകൾ അത് ആസ്വദിച്ച് കഴിക്കുന്നുണ്ട്.
വീട്ടിലെ അരുമയായ, ഇളംപ്രായത്തിലുള്ള ആട് ഒരു കൂസലുമില്ലാതെ പനയോല തിന്നുന്നത്, നീണ്ട പനയോലകൾകൊണ്ട് തൊപ്പി ഉണ്ടാക്കുന്ന കല്യാണി പാത്രയെ ആശങ്കപ്പെടുത്തുന്നു. തൊപ്പി നിർമ്മാണത്തിൽ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ള കൈപ്പണിക്കാരിയാണ് കല്യാണി. തൊപ്പി നിർമ്മിക്കാൻ അവശ്യം വേണ്ട പനയോലയുടെ ലഭ്യത വളരെ കുറവായതിനാൽ, തന്റെ പക്കലുള്ള ഇലകൾ ജുനു തിന്നുതീർക്കുന്നത് തടയാൻ കല്യാണി ശ്രമിക്കുന്നുണ്ട്
അവർ അങ്ങനെ ചെയ്തതിനു പിന്നിൽ കൃത്യമായ കാരണവുമുണ്ട്. ബോറാസസ് ഫ്ലാബലിഫർ എന്ന ശാസ്ത്രീയ നാമമുള്ള ഈന്തപ്പനയ്ക്ക് ഏകദേശം 30 അടി പൊക്കമുണ്ട്. "പനയോലകൾ കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ട്. ബംഗാളിലെതന്നെ ഏറ്റവും പൊക്കമുള്ള മരങ്ങളിലൊന്നാണ് ഈന്തപ്പന. ഈന്തപ്പനകൾ എണ്ണത്തിൽ ധാരാളമുണ്ടെങ്കിലും, അവ കയറാൻ അറിയാവുന്ന ആളുകൾ ഇല്ലെന്നുതന്നെ പറയാം," 50 വയസ്സുകാരിയായ കല്യാണി പറയുന്നു.
"നേരത്തെയെല്ലാം, വീട്ടിലെ പുരുഷന്മാർ മരത്തിൽ കയറി ഇലകൾ കൊണ്ടുവരുമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഈന്തപ്പന കയറാൻ അറിയില്ല," കല്യാണി പറഞ്ഞതിനോട് യോജിച്ചുകൊണ്ട് അവരുടെ അയൽക്കാരിയും തൊപ്പിനിർമ്മാണകലയിൽ വൈദഗ്ധ്യമുള്ള മറ്റൊരു കൈപ്പണിക്കാരിയുമായ ഛായ പ്രമാണിക് പറഞ്ഞു. "അല്ലെങ്കിലും ആർക്കാണ് ഇപ്പോൾ മരം കയറാൻ സമയമുള്ളത്?", ഒരേസമയം തത്വചിന്താപരവും പ്രായോഗികവുമായ ഒരു ചോദ്യമാണ് അവർ ചോദിച്ചത്.
തലമുറകളായി പനയോലകളുപയോഗിച്ച് വിവിധ വസ്തുക്കൾ നിർമ്മിക്കുന്ന ആക്കുഡി ഡോം സമുദായത്തിലെ അംഗങ്ങളാണ് കല്യാണിയും ഛായയും. "ഞങ്ങളുടെ ഈ പ്രദേശം പനയോലയും മുളയുംകൊണ്ടുള്ള കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിന് വിഖ്യാതമാണ്," ജോലിയ്ക്കിടെ കല്യാണി പറഞ്ഞു. "പണ്ട്, ഞങ്ങളുടെ സമുദായത്തിൽ ഒരു വിവാഹം ആലോചിക്കുമ്പോൾ, മുളയിൽ പണിയാനുള്ള വൈദഗ്ധ്യം ഒരു പുരുഷന്റെയും സ്ത്രീയുടെയും ഗുണമായിട്ടാണ് കരുതിയിരുന്നത്." എന്നാലിന്ന്, ഡോം സമുദായത്തിലെ (സംസ്ഥാനത്ത് പട്ടികജാതിയായി പരിഗണിക്കപ്പെടുന്നു) സ്ത്രീകൾ മാത്രമാണ് ഈ കരകൗശലവിദ്യയിൽ ഏർപ്പെടുന്നതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. അവർ പനയോലയും മുളയുംകൊണ്ട് തൊപ്പികൾ, വിശറികൾ എന്നിങ്ങനെ വിവിധ വസ്തുക്കൾ തീർക്കുന്നുണ്ട്.


























