ഖുമാനിയ ആദിവാസി കഫാറിലെ സർപഞ്ചാണ്. കടലാസ്സിൽ അത് സത്യമാണ്
പക്ഷേ, “ഗ്രാമത്തിലെ ആരും എന്നെ സർപഞ്ചായി കണക്കാക്കുന്നില്ല” എന്ന് പറയുന്നു അവർ.
2022 ജൂൺ 14-നാണ് അവർ ഈ പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശിലെ കഫാർ എന്ന ഗ്രാമത്തിന്റെ തദ്ദേശഭരണകേന്ദ്രമായ പഞ്ചായത്തോഫീസിലേക്ക് അവരെ വിളിപ്പിച്ചത് 58 വയസ്സുള്ള ആ സഹാരിയ ആദിവാസിക്ക് ഓർമ്മയുണ്ട്. അന്നാണ് ആദ്യമായും ജീവിതത്തിൽ ഒരേയൊരു തവണയും അവർ അവിടേക്ക് പോയത്.
“തുടക്കത്തിൽ ഒരിക്കൽ എന്നെ വിളിച്ചിട്ടുണ്ട്,” ഖുമാനിയ പറയുന്നു. അവിടെ എത്തിയപ്പോൾ ഒരു സർട്ടിഫിക്കറ്റും കിട്ടി. എതിരില്ലാതെ സർപഞ്ചിന്റെ (ഗ്രാമമുഖ്യ) പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന രേഖയായിരുന്നു അത്. ഒരിക്കലും സ്കൂളിൽ പോയിട്ടില്ലാത്തതുകൊണ്ട് വായിക്കാനും എഴുതാനും അറിയാത്ത അവർക്ക് ആരോ ആ സർട്ടിഫിക്കറ്റ് വായിച്ചുകൊടുക്കുകയായിരുന്നു.
“പഞ്ചായത്തിൽ ഒരു ഗോത്ര സീറ്റ് വന്നപ്പോൾ, ഗ്രാമത്തിലെ സ്വാധീനമുള്ളവർ എന്നെ അതിലേക്ക് നിർദ്ദേശിക്കുകയായിരുന്നു. ആരും എനിക്കെതിരേ നിന്നില്ല,” പ്രാദേശികഭാഷയായ ബുന്ദേൽഖണ്ഡിൽ സംസാരിക്കുകയായിരുന്നു അവർ.







