ഈ റിപ്പോർട്ടർ വിശദാംശങ്ങൾ കുത്തിക്കുറിക്കുമ്പോൾ ലജോ ദേവി കൌതുകത്തോടെ ആ ഡയറിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആ കൌതുകം ഭയമായി രൂപാന്തരപ്പെട്ടു.
“ഇതൊക്കെ പൊലീസ് സ്റ്റേഷനിൽ കൊടുക്കാൻ പോവുകയാണോ?” അവർ മഗഹിയിൽ ചോദിച്ചു. ബിഹാറിലെ മഗധ മേഖലയിലെ സംസാരഭാഷയാണത്. മഹുവ മരത്തിലെ പൂക്കളിൽനിന്ന് മഹുവ (മധുക ലോംഗിഫോളിയ വാർ, ലാറ്റിഫോളിയ) മദ്യമുണ്ടാക്കുന്നതിനെക്കുറിച്ച് - അവരെ ജീവിക്കാൻ സഹായിക്കുന്ന ഒരേയൊരു ഉപജീവനമാർഗ്ഗം - സംസാരിക്കുകയായിരുന്നു അവർ.
സംസാരിക്കാൻ ആദ്യം അവർ മടിച്ചുവെങ്കിലും, അവരുടെ വീടിന്റെ മൂലയിൽ രണ്ട് പാത്രങ്ങളിലായി പഴകിക്കൊണ്ടിരുന്ന എട്ട് കിലോഗ്രാം ശർക്കര അവരെ സംസാരിക്കാൻ നിർബന്ധിതയാക്കി. ഈ റിപ്പോർട്ടർ ആ പാത്രങ്ങളിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ അവർ കറുത്ത പോളിത്തീൻ ഷീറ്റുകളിട്ട് അവ മറച്ചുവെച്ചു. “ഹോളിക്ക് വിൽക്കാൻ വേണ്ടിയാണ് മദ്യമുണ്ടാക്കുന്നത്,” അവർ ധൃതിയിൽ പറയുന്നു.
വീട്ടിൽ മദ്യം വാറ്റുന്നതിനെക്കുറിച്ചുള്ള ലജോ ദേവിയുടെ ആശങ്കയ്ക്ക് തക്കതായ കാരണമുണ്ട്. മഹുവ മദ്യമടക്കമുള്ള മദ്യങ്ങളും ലഹരിപാനീയങ്ങളും നിർമ്മിക്കുന്നതും, കൈവശംവെക്കുന്നതും വിതരണം ചെയ്യുന്നതും, ഉപയോഗിക്കുന്നതും, 2016-ലെ ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ആക്ട് പ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്. ജീവപര്യന്തം നീളാവുന്ന ജയിൽവാസമോ 1 രൂപ മുതൽ 10 ലക്ഷം രൂപവരെയുള്ള പിഴയോ ആണ് പിടിക്കപ്പെട്ടാലുള്ള ശിക്ഷ.






