“ഞാൻ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതിപൂർത്തിയാക്കിയതാണ്. ആർട്സ് സ്ട്രീമിന്റെ ഫലം ജൂണിൽ പ്രസിദ്ധീകരിക്കാനിരുന്നതായിരുന്നു. അതിനുശേഷം എന്താണെന്നതിൽ എനിക്ക് യാതൊരു ഉൗഹവുമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് കൊളേജിൽ പോകണമെന്നും ബിരുദം നേടണമെന്നും ആഗ്രഹമുണ്ടായിരുന്നു,” ആഗ്രഹങ്ങൾ പ്രതിഫലിക്കുന്ന മുഖത്തോടെ സങ്കേത് ലോഖണ്ഡെ പറഞ്ഞു. 2021-ൽ ഏതൊരു 18 വയസുകാരനെയുംപോലെ അവനും ഉത്സാഹവും ഉന്മേഷവും നിറഞ്ഞവനായിരുന്നു. അത് പറയുമ്പോൾ അവൻ ദീർഘനിശ്വാസമെടുക്കുന്നുണ്ടായിരുന്നു. അതവനെ ക്ഷീണിപ്പിച്ചു. മുറ്റത്തെ നെയ്ത്ത് കട്ടിലിൽ കാൽമുട്ടുകളിൽ കൈമുട്ടുകൾവെച്ച് ഇരിക്കുന്ന അവന്റെ ശരീരമൊട്ടാകെ ക്ഷീണം ദൃശ്യമായിരുന്നു. ഈ ആഴ്ചത്തെ ഡയാലിസിസ് കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം നാല് ദിവസമായിരിക്കുന്നു.
“ബോർഡ് പരീക്ഷ കഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. രണ്ടടി നടക്കുമ്പോൾത്തന്നെ ക്ഷീണം അനുഭവപ്പെടുമായിരുന്നു,” അവൻ പറഞ്ഞു. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അഹില്യനഗറിലെ (നേരത്തെ അഹ്മ്മദ് നഗർ) സ്വകാര്യ ആശുപത്രിയിലാണ് മാതാപിതാക്കൾ സങ്കേതിനെ കൊണ്ടുപോകുന്നത്. അവരുടെ ഗ്രാമമായ നീംഗാവ് ഭോഗിയിൽനിന്ന് 64 കിലോമീറ്റർ അകലെയാണത്. സങ്കേതിന്റെ പരിശോധനാഫലം വരുമ്പോളേക്കും അവന്റെ വൃക്കയുടെ പ്രവർത്തനം പൂർണമായി നിലച്ച് വീട്ടിൽ കിടപ്പിലായിരുന്നു. “ഞങ്ങൾ കുടിക്കുന്ന വെള്ളമാകാം ഇതിനൊക്കെ കാരണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മലിനമായിരുന്ന ആ കുളത്തിൽനിന്നാണ് ഞങ്ങൾ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. മകൻ അസുഖബാധിതനാകുംവരെ അത് പക്ഷേ ഞങ്ങൾ തിരിച്ചറിഞ്ഞില്ല,” സങ്കേതിന്റെ അമ്മ 47കാരി മനീഷ പറഞ്ഞു.
അവർ ‘പസാർ തലാവ്’ എന്ന കൃത്രിമ കുളത്തെപ്പറ്റിയാണ് പറയുന്നത് – മണ്ണുപയോഗിച്ച് നിർമ്മിച്ച കൃത്രിമ ജലസംഭരണ സംവിധാനമാണത്. ഗ്രാമത്തിലെ 330 കുടുംബങ്ങൾ അവരുടെ ഗാർഹിക, കൃഷിയാവശ്യങ്ങൾക്ക് ഈ തടാകത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12–15 വർഷത്തിനിടെ ഗ്രാമമൊട്ടാകെ അർബുദ കേസുകളും വൃക്ക രോഗവും വർധിക്കുകയാണ്.
“മലിനജലം തുടർച്ചയായി കുടിക്കുന്നത് വൃക്കയെ ബാധിക്കുമെന്ന് ഡോക്ടർമാർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ നിരവധിപേർ ഇതിനകം വൃക്കരോഗബാധിതരാണ്,” മനീഷ പറയുന്നു. റിപ്പോർട്ടിങ്ങിന്റെ ഭാഗമായി ഒരുതവണ അവിടം സന്ദർശിച്ചപ്പോൾത്തന്നെ ഡയാലിസിസിലുള്ള ഒരു രോഗിയെങ്കിലുമുള്ള അഞ്ച് കുടുംബങ്ങളെ ഞാൻ കണ്ടുമുട്ടി.






















