“ഇപ്പോൾ ഞങ്ങൾക്ക് അവരുടെ പാടങ്ങളിലേക്ക് കടക്കേണ്ട ആവശ്യമില്ല. ഞങ്ങൾ സ്വന്തമായി ധാന്യം വിളയിക്കുന്നു. ആവശ്യമുള്ള കാലിത്തീറ്റകൾ വളർത്തുന്നു. നിങ്ങൾക്ക് കാണാൻ കഴിയുന്ന സ്ഥലം മുഴുവൻ ഞങ്ങളുടേതാണ്.” കൈകൾ വീശിക്കാണിച്ച്, 125 ഏക്കർ സ്ഥലത്തേക്ക് കൈചൂണ്ടി രജീന്ദർ കൗർ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച് 67 വർഷം കഴിഞ്ഞ്, 2014-ൽ, ഈ ഗ്രാമത്തിലെ ദളിതർ, മുന്നാക്കജാതികളിൽനിന്ന് തിരിച്ചുപിടിച്ചതാണ് അക്കാണുന്ന സ്ഥലമെല്ലാം.
തങ്ങളുടെ പാടത്തേക്ക് കടന്നുചെന്നാൽ ‘പാഠം പഠിപ്പി”ച്ചിരുന്ന മുന്നാക്കജാതികളീലെ പുരുഷന്മാരെക്കുറിച്ചുള്ള കഥകൾ, ബലദ് കലാനിലെ ഓരോ ഭൂരഹിതയായ ദളിത് സ്ത്രീയ്ക്കും പറയാനുണ്ട്. ആ അപമാനകരമായ ഓർമ്മകളൊക്കെ ഇപ്പൊഴും നെഞ്ചിലേറ്റുന്നുണ്ടെങ്കിലും, അവരുടെ ഇതിഹാസസമാനമായ സമരം അതിനെയൊക്കെ ഭൂതകാലത്തേക്ക് തള്ളിനീക്കിയിരിക്കുന്നു.
പഞ്ചായത്ത് ഭൂമിയിലെ മൂന്നിലൊന്ന് ഭാഗത്തിനായുള്ള അവകാശം നേടിയെടുക്കാൻ ദളിത് മുന്നേറ്റം ശക്തിയായി പൊരുതി. 1961-ലെ പഞ്ചാബ് വില്ലേജ് കോമൺസ് ലാൻഡ്സ് (റെഗുലേഷൻ) നിയമത്തിൽ കുടികൊള്ളുന്ന അവകാശമാണത്. 2016-മുതൽ തെക്കൻ പഞ്ചാബിലെ 162 ഗ്രാമങ്ങളിൽനിന്ന് 20,000 ബിഗ (ഏകദേശം 4,210 ഏക്കർ) സ്ഥലം അവർ പൊരുതി നേടി. ഇപ്പോൾ വീണ്ടും ഒരിക്കൽക്കൂടി അവർ ചെറുത്തുനിൽപ്പിൻ്റെ വിലക്കുകൾ മറികടക്കാനൊരുങ്ങുകയാണ്. സവർണ്ണജാതിക്കാർ കൈവശംവെച്ചനുഭവിച്ചുകൊണ്ടിരിക്കുന്നതും,1972-ലെ ലാൻഡ് സീലിംഗ്സ് ആക്ട് അനുവദിച്ചതിലുമധികമുള്ളതുമായ സ്ഥലത്തിന്മേൽ അവകാശമുന്നയിക്കുകയാണ് ഇന്നവർ.
ദേശീയ പാത 7-ൽ, സംഗ്രൂരിനും പാട്യാലയ്ക്കുമിടയിലുള്ള ബലദ് കലാനിലാണ് ഈ മുന്നേറ്റം അതിൻ്റെ ഏറ്റവും നിർണ്ണായകമായ സന്ദർഭത്തെ നേരിട്ടത്. തങ്ങളുടെ സംഘടിതമായ പോരാട്ടം നേടിത്തന്ന അത്ഭുതത്തെക്കുറിച്ച് ദീർഘമായും മനസ്സ് തുറന്നും രജീന്ദർ കൗറിനെപ്പോലുള്ള സ്ത്രീകൾ സംസാരിച്ചതും ഇവിടെവെച്ചുതന്നെയാണ്.













