“ഗ്രാമത്തെ സംബന്ധിക്കുന്ന ഒരു വിഷയം – അതിനി, ഒരു കുളം കുഴിക്കുന്നതോ, മറ്റെന്തോ ആകട്ടെ - ഗ്രാമസഭയിൽ സർപഞ്ചിന്റേയും (ഗ്രാമമുഖ്യൻ/മുഖ്യ) അദ്ധ്യക്ഷയുടേയും മുമ്പാകെ അവതരിപ്പിക്കേണ്ടിവരുമ്പോൾ, സ്ത്രീകൾക്ക് ഒരുമിച്ചിരുന്ന് സംസാരിക്കാൻ പണ്ട് ഒരിടമുണ്ടായിരുന്നില്ല,” ഗോദാവരി മരാവി പറയുന്നു.
അന്നത്തേതിൽനിന്ന് സ്ഥിതി ഇന്ന് വളരെയധികം മാറിയിട്ടുണ്ടെങ്കിൽ, അതിന്റെ കാരണക്കാർ, 2024 ജൂലായിൽ, മധ്യ പ്രദേശിലെ ബർഗാഗാംവിൽ പാരി കണ്ടുമുട്ടിയ സ്ത്രീകളും അവരുടെ ആത്മബലവും നിശ്ചയദാർഢ്യവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ഗോദാവരിയും. വനിതകൾ മാത്രമുള്ള ഹൽചാലിത് മഹിളാ കിസാൻ വിമാൻ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിലെ (എച്ച്.എം.കെ.ഡബ്ല്യു.പി.സി) മറ്റംഗങ്ങളും രാവിലെത്തന്നെ എത്തി. ഡിന്ദോരി ജില്ലയിലെ സാംനാപുർ ബ്ലോക്കിലെ, തകരമേൽക്കൂരയും ചുമരുമുള്ള ഓഫീസും ഗോഡൌണുമായി ഉപയോഗിക്കുന്ന ഷെഡ്ഡിൽ അവരിരുന്നു. ഒരു കസേരയും, കമ്പ്യൂട്ടർ വെച്ച മേശയും, ഏതാനും ഷെൽഫുകളും ഒരു എയർ കൂളറുമാണ് ആ മുറിയിലുണ്ടായിരുന്നത്.
കർഷകരെന്നുള്ള ആത്മാഭിമാനത്തിൽനിന്നാണ് ആ കമ്പനിയുടെ പേർ വരുന്നത്. ഹൽചലിത്, എന്നാൽ കലപ്പ ചലിപ്പിക്കുന്നവർ എന്നാണർത്ഥം. കലപ്പ സാധാരണയായി ഉപയോഗിക്കുന്നത് പുരുഷന്മാരായതുകൊണ്ട്, ആ പൊതുധാരണയെ പൊളിച്ചെഴുതുകയാണ് ഇവിടെ ആ പേര് ചെയ്യുന്നത്. ഇന്ന് ഈ കമ്പനിയിൽ 1,400 രജിസ്റ്റേഡ് അംഗങ്ങളുണ്ട്. അവർ അതിന്റെ ഓഹരിയുടമകളുംകൂടിയാണ്.
ഇതിലെ രണ്ടംഗങ്ങൾ, 44-കാരിയായ ഗോദാവരി മരാവിയും 47-കാരിയായ ദേവകി വാഗ്ലെയും ബർഗാഗാംവിലാണ് (ബർഗ ഗ്രാമം എന്നും വിളിക്കുന്നു) താമസം. അവർ നടന്നാണ് വന്നത്. മറ്റുള്ളവർ, സാംനാപുർ ബ്ലോക്കിലെ അവരുടെ വീടുകളിൽനിന്ന് ഓട്ടോയിലും, കുടുംബാംഗങ്ങളുടെ സ്കൂട്ടറിന്റെ പിന്നിലിരുന്നും മറ്റും എത്തിയവരാണ്.
ഗോദാവരി മരാവിയാണ് അദ്ധ്യക്ഷ. ഇവിടെയുള്ള പരമ്പരാഗത കർഷകർ ആദ്യമൊന്നും രാസവളങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും എന്നാൽ 2010-ഓടെകൃഷിയിലെ രാസവള-കീടനാശിനി ഉപയോഗം വ്യാപകമായെന്നും അവർ പറഞ്ഞുതുടങ്ങി. എന്നാൽ, 2022 മുതൽ, ഡിന്ദോരിയിലെ പല കർഷകരും ജൈവ-സ്വാഭാവിക കൃഷിരീതികളിലേക്ക് മാറിയിട്ടുണ്ട്. അതല്ലെങ്കിൽ, അവ രണ്ടും ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയിലേക്ക്. രാസവളകൃഷിയെ നിരുത്സാഹപ്പെടുത്തുന്ന സംഘടനകളും അവരെ സഹായിക്കാൻ കൂട്ടുണ്ട്.
“ഞങ്ങൾ കർഷകർക്ക് ജൈവവിത്തുകൾ കൊടുക്കുന്നു. പുല്ല് കൂട്ടി നിലമുഴുതുകഴിഞ്ഞാൽ, കളകളും ഇത്തിൾക്കണ്ണികളും മണ്ണിൽ ലയിച്ച്, സ്വാഭാവിക വളമായി മാറും,” ഗോദാവരി പറയുന്നു.


