“വേണ്ട്”, പേര് ചോദിച്ചപ്പോൾ തമിഴിൽ അവർ പറഞ്ഞു. അത് അവരുടെ പേരാണെന്നും, ചോദ്യത്തിന് മറുപടി പറയാൻ വിസമ്മതിച്ചതല്ലെന്നും മനസ്സിലാക്കാൻ ഞങ്ങൾ കുറച്ച് സമയമെടുത്തു. ‘വേണ്ട’ എന്നത്, തമിഴിൽ ‘വേണ്ടാം’ എന്നതിൻ്റെ ചുരുക്കരൂപമാണ്. ‘ആവശ്യമില്ല’ എന്നാണ് അതിൻ്റെ അർത്ഥം.
നരസിമ്മൻ്റേയും മരിച്ചുപോയ രാജമ്മാളിൻ്റേയും മകളാണ് 39 വയസ്സുള്ള എൻ.വേണ്ടാം. മൂന്ന് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കും ജന്മം നൽകി ക്ഷീണിച്ചുപോയ ഒരമ്മയുടെ ഏറ്റവും ഒടുവിലത്തെ മകൾ. ഇനിയും കുട്ടികൾ വേണ്ട എന്ന ദൈവത്തോടുള്ള പ്രാർത്ഥനയായിട്ടാണ് അവർ ആ കുട്ടിക്ക് ‘വേണ്ട’ എന്ന് പേരിട്ടത്. ആധാറിൽ അവരുടെ പേർ ‘വേണ്ടാം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുറച്ചുനാൾ മുമ്പ്, രാജമ്മാൾ ജീവിച്ചിരുന്നപ്പോൾ ഞാൻ അവരോട് സംസാരിച്ചിരുന്നു. ഒടുവിലത്തെ കുട്ടി ആൺകുട്ടിയായിരുന്നെങ്കിൽ ‘വേണ്ട’ എന്ന് പേരിടില്ലായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ ജനിച്ചത് പെൺകുട്ടിയായതിനാൽ, ആ പേര് ജനന സർട്ടിഫിക്കറ്റിൽ പതിയുകയും ചെയ്തു.
എന്നാൽ, രാജമ്മാൾ അതിൽ പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. “’വേണ്ട വേണ്ട’ എന്നതിനുപകരം, ഞങ്ങൾ നിനക്ക് മംഗളമായ ഒരു പേര് തന്നിരുന്നെങ്കിൽ നിനക്ക് ജീവിതത്തിൽ ഭാഗ്യമുണ്ടായേനേ,” അവർ മകളോട് ഒരിക്കൽ പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മദ്ദുർ ഗ്രാമത്തിൽ ‘വേണ്ട’ എന്ന് പേരുള്ള ചുരുങ്ങിയത് 10 സ്ത്രീകളെങ്കിലുമുണ്ടാവുമെന്ന് വേണ്ട പറയുന്നു. “തിരുട്ടാണി ബ്ലോക്കിന് ചുറ്റുമുള്ള പല ഗ്രാമങ്ങളിലും ഈ പേർ സാധാരണമായിരുന്നു,” അവർ പാരിയോട് പറയുന്നു.





