“ഒരു ചൂലുണ്ടാക്കാൻ ഏഴ് ഘട്ടങ്ങളുണ്ട്,” ഭഗവതി പറയുന്നു.
20 വയസ്സേ ഉള്ളുവെങ്കിലും അമ്മയിൽനിന്നും കുടുംബത്തിലെ മറ്റുള്ളവരിൽനിന്നും അവൾ ഈ കല പഠിച്ചെടുത്തിട്ടുണ്ട്. “ആദ്യം പനയോലയുടെ തണ്ട് രണ്ടായി മുറിക്കും. പിന്നെ അതിന്റെ ഇലകൾ ഉരിഞ്ഞുമാറ്റും,” ഭഗവതി ഈ റിപ്പോർട്ടറോട് വിവരിക്കുന്നു.
“ചെറിയ ചെറിയ കഷണങ്ങളാക്കി” എന്നാണ് ഇലകൾ ഉരിച്ചുകളയുന്നതിനെ അവൾ വിവരിക്കുന്നത്. വലിയൊരു ഓലയിലെ ചെറിയ ഇലകളെയാണ് ഭഗവതി സൂചിപ്പിക്കുന്നത്. ശേഷം ഇവ ശേഖരിക്കുന്നു. പിന്നീട് അവയെ ഒരു മുളന്തണ്ടിൽ ബലമായി കെട്ടിവെച്ച്, ഏറ്റവുമൊടുവിലത്തെ ഘട്ടത്തിൽ ഇലകളുടെ അറ്റമൊക്കെ കത്രിച്ച് വൃത്തിയാക്കുന്നു. അവളുടെ ബന്ധത്തിലുള്ള സഹോദരി ദേവലിയും ഇടയ്ക്ക് കൂടുന്നുണ്ട്.
ഓരോഘട്ടവും, ഈ ഇരുസഹോദരിമാർക്ക് ഹൃദിസ്ഥമാണ്. പഞ്ചാബിലെ മലോട്ടിലെ ഒരു തെരുവിൽ, സോണി ദേവിയും ഈ പെൺകുട്ടികളും വട്ടത്തിൽ ഇരുന്ന് ജോലിചെയ്യുകയായിരുന്നു. നന്നായി പരിശീലിച്ച ഒരു കാര്യം ചെയ്യുന്നതുപോലെ, മൂവരും ഓരോ ജോലികൾ ചെയ്ത്, അടുത്തയാളിന് അത് കൈമാറുന്നു.
കുടുംബത്തിന്റെ ഈ കലയോടുള്ള ദേവലിയുടെ അഭിനിവേശം അവളുടെ വാക്കുകളിൽ തെളിയുന്നു. “കുട്ടിക്കാലം മുതൽക്കേ, ഈ ചൂലുകളുണ്ടാക്കാൻ ഞങ്ങൾക്കിഷ്ടമായിരുന്നു. ഇപ്പോഴും അതെ.” അമ്മ രുൿമിണിയിൽനിന്നാണ് അവൾ ഇത് പഠിച്ചത്. താഴെയുള്ള മൂന്ന് സഹോദരർക്ക് ഇത് പകർന്നുനൽകാൻ അവൾക്ക് ആഗ്രഹമുണ്ട്.
ഭഗവതിക്കും ഇതേ ആവേശമൊക്കെയുണ്ടെങ്കിലും, അവൾ കൂടുതൽ പ്രായോഗികബുദ്ധിയുള്ളവളാണ്. “നല്ലവണ്ണം അദ്ധ്വാനിച്ചാലേ ഭക്ഷണത്തിനുള്ളത് കിട്ടൂ ജോലി ചെയ്തില്ലെങ്കിൽ എങ്ങിനെ ഭക്ഷണം കഴിക്കും?” അവൾ ചോദിക്കുന്നു. പണ്ട്, അവളുടെ അമ്മ ചോദിച്ചിരുന്ന ഈ ചോദ്യം കേട്ടാണ് അവളും വളർന്നത്. രാജസ്ഥാനിലെ മേവാറിൽനിന്ന് പഞ്ചാബിലേക്ക് കുടിയേറാറുള്ള മറ്റ് ചൂൽ നിർമ്മാതാക്കളും ഇതേ തോന്നൽ പങ്കിടുന്നവരാണ്.





















