ഗാന്ധിനഗർ, അളകാപുരി ഗ്രാമങ്ങളിൽ ഞാൻ എത്തിയപ്പോഴേക്കും ഇളകിമറിയുന്ന ജനങ്ങളെക്കൊണ്ട് അവിടം നിറഞ്ഞിരുന്നു. ഇടയിലുണ്ടായിരുന്ന ഒരു റോഡ് മാത്രമാണ് ആ രണ്ട് ദളിത് (പട്ടികജാതി) ഗ്രാമങ്ങളേയും വേർതിരിച്ചിരുന്നത്. ധാരാളം പൊലീസുകാരും വാഹനങ്ങളുമുണ്ടായിരുന്നു അവിടെ. ശിവകാശി പട്ടണത്തിലെ കനിഷ്ക ഫയർവർക്സ് കമ്പനിയിലെ 14 തൊഴിലാളികളുടെ മരണം ആ സമുദായത്തെ വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. ഗാന്ധിനഗർ ഗ്രാമത്തിൽ മാത്രം ആറുപേർ മരിച്ചു. എല്ലാവരും ദളിതർ.
കൊല്ലപ്പെട്ട പ്രിയപ്പെട്ടവരെ ഓർത്ത് ആളുകൾ തെരുവിൽ തേങ്ങിക്കരയുന്നുണ്ടായിരുന്നു. ചിലർ ഫോണിൽ, വിരുദുനഗർ ജില്ലയിലെ മറ്റ് പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ബന്ധുക്കളെ വിവരമറിയിക്കുന്ന തിരക്കിലായിരുന്നു.
അല്പസമയത്തിനുശേഷം ആൾക്കൂട്ടം ശ്മശാനത്തിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ഞാനും അവരോടൊപ്പം ചേർന്നു. 2023 ഒക്ടോബർ 17-ലെ അപകടത്തിൽ മരിച്ച ആ ഗ്രാമത്തിലെ ആറുപേരെ യാത്രയയയ്ക്കാൻ, ഗ്രാമം മുഴുവനും ശ്മശാനത്തിലേക്കുള്ള യാത്രയിൽ ഒത്തുകൂടി. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാറ്റാൻ ചുമതലപ്പെട്ട ഒരു അഗ്നിരക്ഷാപ്രവർത്തകൻ, ശരീരങ്ങളെ പോസ്റ്റ് മോർട്ടത്തിനയക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞു.
8.30-യോടെ, ആറ് ആംബുലൻസുകൾ ശ്മശാനത്തിലേക്കെത്തിയപ്പോൾ, വിലാപത്തോടെ ആ ആൾക്കൂട്ടം അവയ്ക്കുനേരെ ഓടിയടുത്തു. ഒരുനിമിഷത്തേക്ക് ഞാനെന്റെ ജോലി മറന്നു. ശ്മശാനം രാത്രിയുടെ ഇരുട്ടിൽ മറഞ്ഞുകിടന്നിരുന്നതിനാൽ ക്യാമറ പുറത്തെടുക്കാൻ എനിക്ക് സാധിച്ചില്ല. കൂടിനിന്നിരുന്ന ഗ്രാമീണർ, വെളിച്ചത്തിനുചുറ്റും പാറിനടന്നിരുന്ന പ്രാണികക്കെപ്പോലെ തോന്നിച്ചു.
ശരീരങ്ങൾ പുറത്തെടുത്തതോടെ ആളുകൾ പിൻവലിയാൻ തുടങ്ങി. കരിഞ്ഞ മാംസത്തിന്റെ മണം അത്രയ്ക്ക് അസഹ്യമായിരുന്നു. ചിലർ ച്ഛർദ്ദിക്കുകപോലും ചെയ്തു. പേരുകൾ എഴുതിവെച്ചിരുന്നതുകൊണ്ടുമാത്രമാണ് മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചത്. ആളുകൾ ഒഴിഞ്ഞുപോയതോടെ, ശ്മശാനം ഒറ്റയ്ക്കായി.






























