“ഞങ്ങൾ മുഖംമൂടി ധരിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ? ഞങ്ങളുടെ വേദന മറച്ചുപിടിക്കാനാണ്, നോർത്ത് 24 പർഗാനയിലെ ദത്താപുകുറിനടുത്തുള്ള ഒരു ഗ്രാമത്തിൽനിന്നുള്ള ശ്യാമൾ മന്ന അറയുന്നു. “ഞങ്ങൾക്ക് ദേഷ്യം വരുന്നു, അതുകൊണ്ടാണ് ഇവിടെ വന്നത്.”
കൊക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ആഹ്വാനം ചെയ്തതോടെ ദില്ലിയിൽ അരങ്ങേറിയ സംഭവങ്ങൾക്ക് രാജ്യമൊട്ടാകെ അനുരണനമുണ്ടായി. കൊൽക്കൊത്തയിൽ നടന്ന പ്രതിഷേധത്തിൽ, പതിവുള്ള പോസ്റ്ററുകൾക്കും മീമുകൾക്കുമൊപ്പം, ധാരാളംപേർ അയേൺമാനിൻ്റേയും സൂപ്പർമാനിൻ്റേയും ദുഷ്ടനിഗ്രഹകരായ മറ്റ് കഥാപാത്രങ്ങളുടേയും മുഖംമൂടി ധരിച്ച് വന്നിരുന്നു.
ജൂലായ് 24-ന് ഉച്ചയ്ക്ക് 2.45-നാണ് റാലി ആരംഭിച്ചത്. സിയാൾഡ സ്റ്റേഷനിൽനിന്ന് എസ്പ്ലനേഡുവരെ. പതിനായിരങ്ങൾ പങ്കെടുത്തതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 6 മണിയോടെ, പ്രതിഷേധക്കാരും കൊൽക്കൊത്ത പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.


















