പച്ചപുതച്ച താഴ്വരകൾക്കുമേൽ കോടമഞ്ഞ് തങ്ങിനിൽക്കുന്ന, ചെങ്കൽക്കുന്നുകൾക്കിടയിലൂടെ അരുവികൾ കിന്നാരം പറഞ്ഞൊഴുകുന്ന വയനാടിന്റെ മലഞ്ചെരിവുകളിൽ, കളിമണ്ണിൽ തീർത്ത ഒരു വീട് കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച് തലയുയർത്തി നിൽക്കുന്നു. വേനൽക്കാലത്ത് കുളിരേകുന്ന മൺചുവരുകളും, കാറ്റത്ത് കിറുകിറുക്കുന്ന, മുളകൊണ്ടുള്ള ഉത്തരവും 150 മഴക്കാലങ്ങളുടെ ഭാരം പേറിനിൽക്കുന്ന, വീട്ടിയിൽ തീർത്ത തൂണുകളുമുള്ള ഒരു വീട്. അതിന്റെ നിലം ചെമ്മണ്ണ് പാകി, ആഴ്ചതോറും ചാണകം മെഴുകി മിനുസപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെ മാനന്തവാടി പട്ടണത്തിന് സമീപത്തായി കമ്മന ഗ്രാമത്തിലുള്ള ഈ വീട്ടിലാണ് നെൽവിത്തുകൾ അവയുടെ കഥകൾ മന്ത്രിക്കുന്നത്.
ഈ വിത്തുകൾ സംരക്ഷിച്ച് പരിപാലിക്കുന്നത് (സംസ്ഥാനത്ത് പട്ടികവർഗ വിഭാഗമായ) കുറിച്യ സമുദായക്കാരനായ ചെറുവയൽ രാമനാണ്. ഒരുകാലത്ത് അദ്ദേഹത്തിന്റെ സമുദായക്കാർ നെൽക്കൃഷിയിലെ വൈദഗ്ധ്യത്തിന്റെ പേരിൽ മലബാർ പ്രദേശത്താകെ വിഖ്യാതരായിരുന്നു. ദശാബ്ദങ്ങളോളം നീണ്ട സാമ്പത്തിക ഞെരുക്കവും ക്ഷയിക്കുന്ന ആരോഗ്യവും സർക്കാരിന്റെയും മറ്റ് സംഘടനകളുടെയും അവഗണനയുമെല്ലാം അതിജീവിച്ചാണ് ഈ 73 വയസ്സുകാരൻ പരമ്പരാഗത വിത്തുകൾ സംരക്ഷിച്ചുപോരുന്നത്.
"അവർ (വിത്തുകൾ) ജീവനുള്ള പൂർവികരാണ്," എല്ലാവരും സ്നേഹത്തോടെ രാമേട്ടൻ എന്ന് വിളിക്കുന്ന രാമൻ പറയുന്നു. കേരളത്തിന്റെ കാർഷികപാരമ്പര്യത്തിന്റെ, പത്തായത്തിലുള്ള അരിയുടെ വൈവിധ്യം കണക്കാക്കി ഒരു വീടിന്റെ സമ്പത്ത് അളന്നിരുന്ന ചരിത്രമുള്ള ഈ നാടിൻ്റെ കാർഷിക സംസ്കൃതിയുടെ കാവലാളായാണ് അദ്ദേഹം ആഘോഷിക്കപ്പെടുന്നത്.
തന്റെ തറവാട് വീടിനെ വൈവിധ്യങ്ങളുടെ സചേതനമായ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് രാമൻ. അദ്ദേഹത്തിന്റെ പത്തായത്തിൽ വയനാട്ടിൽനിന്നുള്ള 50 തദ്ദേശീയ നെൽവിത്തിനങ്ങളും കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നായി ശേഖരിച്ച 14 വിത്തിനങ്ങളുമുണ്ട്. ഓരോ സീസണിലും അദ്ദേഹം അവ കൃഷിയിറക്കി വിത്തുകൾ ശേഖരിച്ചുവെക്കും; ആദിവാസി കർഷകർ, വ്യക്തിഗത കർഷകർ, ഗവേഷകർ, സ്ഥാപനങ്ങൾ എന്നിങ്ങനെ പരമ്പരാഗത കൃഷി ചെയ്യാൻ സന്നദ്ധരായ ആർക്കും വിത്തുകൾ സൗജന്യമായി നൽകാനും അദ്ദേഹത്തിന് മടിയില്ല. "ഓരോ അരിയ്ക്കും ഒരു ആത്മാവുണ്ട്," അദ്ദേഹം പറയുന്നു. "വളർന്ന മണ്ണും വലിച്ചെടുത്ത വെള്ളവും കർഷക തലമുറകളുടെ സ്പർശവും അത് ഓർത്തിരിക്കും. വിത്തുകൾ നഷ്ടപ്പെടുകയെന്നാൽ നമ്മുടെ ചരിത്രംതന്നെയാണ് നഷ്ടപ്പെടുന്നത്."
രാമന്റെ വീടിന്റെ മുൻവശത്തെ മുറിയുടെ ഇരുണ്ട വെളിച്ചത്തിൽ, അപൂർവ്വ നെല്ലിനങ്ങൾ ചാക്കുകളിൽ അട്ടിയായി സൂക്ഷിച്ചിട്ടുണ്ട്-ചരിത്രത്തിന്റെ കാവൽഭടന്മാരായി അവ നിലകൊള്ളുന്നു. ഓരോ ചാക്കിലും നെല്ലിനങ്ങളുടെ പേരുകൾ - അവ പലപ്പോഴും താരാട്ടുകളെ അനുസ്മരിപ്പിക്കും- മലയാളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് - ചെന്നെല്ല്, തൊണ്ടി, ചെമ്പകം, വെളിയൻ, ഗന്ധകശാല, കയമ.
ഗന്ധകശാല അരി വേവിക്കുമ്പോൾ മുല്ലയുടെയും ചന്ദനത്തിന്റെയും സുഗന്ധത്തെ അനുസ്മരിപ്പിക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ പടരുമെന്ന് രാമൻ പാരിയോട് പറഞ്ഞു. ജീരകശാല എന്നും അറിയപ്പെടുന്ന കയമ പാകം ചെയ്യുമ്പോൾ മലബാറിന്റെ ബിരിയാണി പാരമ്പര്യത്തിന്റെ തനത് സവിശേഷതയായ നെയ്യിന്റെ മണം ഉയരും. ചെമ്പകം അരിയുടെ മധുരവും മൃദുവുമായ രുചി തേങ്ങാപ്പാലിൽ കലരുമ്പോൾ മധുരവിഭവമായ പായസത്തിന് രുചിയേറും.










