ദശരഥ് മുഷാഹറിന്റെ വീട്ടിൽനിന്ന് വെറും 100 മീറ്ററകലെ ഒരു ഹാൻഡ് പമ്പുണ്ട്. ദിവസത്തിലുടനീളം കുളിക്കാനും വസ്ത്രം അലക്കാനുമായി സ്ത്രീകൾ ആ പമ്പിൽനിന്ന് വെള്ളം എടുക്കുന്നതിന്റെ ശബ്ദം ആ വീട്ടിൽ കേൾക്കാം.
പലാമുവിലെ വോർണാർ ഗ്രാമത്തിൽ സംസ്ഥാന സർക്കാർ സ്ഥാപിച്ചതാണ് ഈ പൊതുപമ്പ്; എന്നാൽ ദശരഥിന്റെ കുടുംബത്തിന് അതിൽനിന്ന് വെള്ളമെടുക്കാൻ അനുവാദമില്ല. ദളിത് സമുദായമായ മുഷാഹർ വിഭാഗത്തിലെ അംഗങ്ങളായതിനാൽ. ഗ്രാമത്തിലെ പമ്പിൽനിന്ന് വെള്ളമെടുക്കുക എന്നത് അവരെ സംബന്ധിച്ച് തീർത്തും അസാധ്യമാണ്.
"അവർ ഞങ്ങളെ അധിക്ഷേപിക്കും. വേറെ എവിടെനിന്നെങ്കിലും വെള്ളമെടുക്കാൻ ആവശ്യപ്പെടും.," ദശരഥ് മുഷാഹർ പറയുന്നു. തങ്ങളുടെ പാത്രങ്ങൾ മറ്റുള്ളവർ വലിച്ചെറിയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഹാൻഡ് പമ്പിന് തൊട്ടടുത്താണ് രാമാവതാർ ചൗധരിയുടെ വീട്. "അവർക്ക് വൃത്തിയില്ല. അതുകൊണ്ടാണ് അവരോട് വെള്ളം എടുക്കരുതെന്ന് പറയുന്നത്. അങ്ങനെയുള്ളവർ ഉപയോഗിക്കുന്ന പമ്പിൽനിന്ന് പിന്നെ വേറെ ആരെങ്കിലും വെള്ളം എടുക്കുമോ?," ഗ്രാമത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന മുഷാഹർ ദളിതുകളോട് മറ്റുള്ളവർ ഇത്രയും പ്രകടമായ വിവേചനം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ ലേഖകൻ ചോദിച്ചതിന് മറുപടിയായി അദ്ദേഹം പറഞ്ഞതാണ് ഇത്. 2011-ലെ കണക്കെടുപ്പ് പ്രകാരം 2,749 ആണ് ഈ ഗ്രാമത്തിലെ ജനസംഖ്യ.








