താർ മരുഭൂമിയിൽനിന്ന് ഒരു പിടി മണ്ണെടുത്ത് വിമല, അപ്പോൾ ഭക്ഷണം കഴിച്ച പാത്രങ്ങൾ ഉരയ്ക്കാൻ തുടങ്ങി. കൈയ്യിലിട്ട് പാത്രങ്ങൾ തിരിച്ചുതിരിച്ച് അവർ അതിലെ എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളും കളഞ്ഞ് വൃത്തിയാക്കി. “മണലുകൊണ്ട് കഴുകിയാൽ നല്ല വൃത്തിയാകും. വെള്ളംകൊണ്ട് പറ്റില്ല,” തൻ്റെ പിങ്ക് നിറമുള്ള മുഖംമൂടിക്കിടയിലൂടെ അവർ പറയുന്നു.
എന്തുകൊണ്ട്? വിമലയുടെ പൊട്ട് ഹിന്ദിയിലുള്ള വർത്തമാനം മനസ്സിലാകുന്നുണ്ടെങ്കിലും അവർ പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലായില്ല.
“ഇവിടെയുള്ള വെള്ളത്തിലെ എൻ.എ.സിഎൽ (സോഡിയം ക്ലോറൈഡ്, അഥവാ ഉപ്പ്) അംശം വളരെ കൂടുതലാണ്,” എൻ്റെ 27 വയസ്സുള്ള സുഹൃത്ത് പുഷ്പ പറയുന്നു. വിമലയുടെ നാത്തൂനായ പുഷ്പയായിരുന്നു എൻ്റെ ദ്വിഭാഷി. “വെള്ളം ഉപയോഗിച്ചാൽ, അതിൻ്റെ കറ ബാക്കിവരും പാത്രത്തിൽ. സാന്ദ്രതയും ലവണാംശവും കൂടിയ വെള്ളമാണ്.”
ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തുള്ള പ്രദേശത്തേക്ക് സ്വാഗതം. ഭൂഗർഭജലത്തിലെ ഉപ്പുരുചിക്ക് ഭൗമശാസ്ത്രപരമായ വിശദീകരണമുണ്ട്. നീരാവിയാവുന്നതിൻ്റെ വേഗത മഴയേക്കാൾ കൂടുതലാണ്. ആയിരക്കണക്കിന് വർഷങ്ങൾ ഇതാവർത്തിക്കുമ്പോൾ, ഉപ്പും മറ്റ് ധാതുക്കളും മണ്ണിലും വെള്ളത്തിലും അടിഞ്ഞുകൂടും. ഗുജറാത്ത്, രാജസ്ഥാൻ, അതിർത്തിക്കപ്പുറത്ത്, പാക്കിസ്താനിലെ പഞ്ചാബ്, സിന്ധ് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നുണ്ട് ഈ മരുഭൂമി.
രാജസ്ഥാനിലെ ഈ മരുഭൂമിയുടെ നടുക്ക്, പുതുതായി രൂപീകരിച്ച (2023-ൽ) ഫലോദി ജില്ലയിലാണ് ദായാ കോർ എന്ന ഗ്രാമം. അതിൻ്റെ അറ്റത്താണ് വിമലയുടെ വീട്. വീടിന് പുറത്ത്, കുന്തിച്ചിരുന്ന് പാത്രങ്ങൾ കഴുകുകയാണ് 32 വയസ്സുള്ള വിമലാ ദേവി.












