പച്ചപുതച്ച ഗോതമ്പ് പാടങ്ങൾ സ്വർണ്ണവർണ്ണമാവുമ്പോൾ ദൽബാര സിംഗിൻ്റെ ആശങ്കകളും വളരുകയാണ്. അടുത്തുതന്നെ വിളവെടുക്കാനുള്ള സമയമാകും. ഡീസൽ ഇപ്പോൾ വെറുമൊരു ഇന്ധനമല്ല, ജീവനാഡിയാണ്. ആ ആശങ്കകൊണ്ടാണ്, ഡീസൽ ടിൻ ശൂന്യമാവാതിരിക്കാൻ 18 ശതമാനം വാർഷികപ്പലിശയ്ക്ക്, ബർണാല ജില്ലയിലെ പത്തി ഗ്രാമത്തിലെ ഈ ഭൂരഹിത ദളിത് കർഷകൻ ഒരു ആപ്ത്ശങ്കയും കൂടാതെ, പണം കടം വാങ്ങുന്നത്.
55 വയസ്സുള്ള ദൽബാര സിംഗ് തൻ്റെ മൂന്ന് സഹോദരന്മാരുടെകൂടെ ഒരു എൻ.ആർ.ഐ.യിൽനിന്ന് 20 ഏക്കർ ഭൂമി പാട്ടത്തിനെടുത്തിരിക്കുകയാണ്. ഇതുകൂടാതെ, വിളവെടുപ്പ് കാലത്ത്, മറ്റുള്ളവരുടെ പാടത്തും അദ്ദേഹം ‘സാമ്പ്രദായിക വിളവെടുപ്പുകാരനായി’ ജോലി ചെയ്യുക പതിവാണ്. ക്ഷീരകർഷകർക്കുള്ള ഗോതമ്പ് വൈക്കോൽ കൊയ്തെടുക്കാൻ. തൻ്റെ ട്രാക്ടറും കൊയ്ത്തുയന്ത്രവും ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, “ഇതിൻ്റെ വയർ നിറയില്ല. ഡീസൽകൊണ്ട് പരമാവധി നിറച്ചാലേ പ്രവർത്തിക്കൂ. ഈ ഡ്രമ്മിലെ ഡീസൽ രണ്ടുദിവസത്തേക്കേ തികയൂ.”
എന്നാലും, ഇത്ര വലിയ പലിശനിരക്കിലോ? “വേറെ എന്ത് മാർഗ്ഗമാണുള്ളത്? ഒരാഴ്ച കഴിഞ്ഞ് ഡീസൽ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? വിളവ് മുഴുവൻ ചീയും. ഒരു കുട്ടിയെപ്പോലെ നോക്കി വളർത്തിയതാണ്.” ഒരുവർഷമായി വലിയ വരുമാനമൊന്നുമില്ലാതെ കഴിയുന്ന ദൽബാരയ്ക്ക് ഇത് താങ്ങാനാവില്ല. കടവും കടംവാങ്ങലും കൂടിക്കൊണ്ടിരിക്കുന്നു.
ഇറാനുമേലുള്ള യു.എസ്.-ഇസ്രായേൽ യുദ്ധം, പഞ്ചാബിലെ കർഷകർക്ക് കടം മാത്രമാണ് സൃഷ്ടിക്കുന്നത്. എന്നാൽ, മക്കൾ ഗൾഫ് രാജ്യങ്ങളിൽ തൊഴിലാളികളായും അർദ്ധവിദഗ്ദ്ധ തൊഴിലാളികളായും ജോലിചെയ്യുന്ന ദൽബാര സിംഗിനെപ്പോലെയുള്ളവർക്ക് ഇത് കൂടുതൽ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. അവരുടെ ഭാവിയേയും ഈ യുദ്ധം ബാധിക്കുന്നു. കഴിഞ്ഞ മാസമാണ് 4 ലക്ഷം രൂപ അയാൾ കടം വാങ്ങിയത്. മകനെ പശ്ചിമേഷ്യൻ രാജ്യമായ (ഭൂമിശാസ്ത്രപരമായി യൂറോപ്പിൻ്റെ ഭാഗമാണെങ്കിലും) സൈപ്രസ്സിലേക്ക് അയയ്ക്കാൻ. ടൂറിസത്തെയും ഷിപ്പിംഗിനെയും ആശ്രയിക്കുന്ന രാജ്യമാണ് സൈപ്രസ്സ്. ഇപ്പോഴത്തെ യുദ്ധം ആ രണ്ട് മേഖലകളേയും ബാധിച്ചിട്ടുണ്ട്. “എന്നാൽ ജോലിയൊന്നും കിട്ടാത്തതിനാൽ അവനും വിഷമത്തിലാണ്. ഇപ്പോൾ അവൻ പറയുന്നത് തിരിച്ചുവരണമെന്നാണ്,” അദ്ദേഹം പറയുന്നു. ഞങ്ങളുടെ സംഭാഷണത്തിനിടയിൽ ഒരിക്കൽപ്പോലും അദ്ദേഹം യുദ്ധത്തെ കുറ്റം പറഞ്ഞില്ല. പകരം തൻ്റെ വിധിയെയാണ് ദൽബാര പഴിച്ചത്.
ഗോതമ്പിൻ്റെ വിളവെടുപ്പ് സീസണും, യുദ്ധമുണ്ടാക്കിയ അനിശ്ചിതത്വവും ചേർന്ന്, ധാരാളം കർഷകർ രണ്ടാഴ്ച മുമ്പുമുതലേ മുൻകൂറായി ഡീസൽ വാങ്ങിസൂക്ഷിക്കാൻ തുടങ്ങി. ഫില്ലിംഗ് സ്റ്റേഷനുകളുടെ മുമ്പിൽ, ഒഴിഞ്ഞ ഡീസൽ ടിന്നുമായി നിൽക്കുന്ന ട്രാക്ടറുകളുടെ നീണ്ട നിര കാണാം. “അവരെല്ലാം കനത്ത പലിശയ്ക്ക് പണം കടം വാങ്ങുകയാണ്,” പട്യാല ജില്ലയിലെ ഭാരതി കിസാൻ യൂണിയൻ (ദക്കാണ്ടയിലെ) നേതാവായ രഘ്ബീർ സിംഗ് ദകാല പറയുന്നു.




