“കുളിക്കാൻ മാത്രമേ ഞാൻ വീട്ടിലേക്ക് പോവൂ,” ഒരു തമാശപോലെ പറയുകയാണ് മിർസ മൊഹമ്മദ് ഖാൻ. ട്രാഗ്ബലിലെ ഖാൻ ടീ സ്റ്റാളിൽ ഇരിക്കുകയാണ് അദ്ദേഹം. ശ്രീനഗറിൽനിന്ന് ഗുരേസ് താഴ്വരയിലേക്കുള്ള വഴിയിൽ, വിനോദസഞ്ചാരികൾ ഒരു ഇടവേളയെടുക്കുന്ന സ്ഥലമാണ്. കശ്മീരിലെ ആളുകൾ അധികം താമസിക്കാത്ത ഈ സ്ഥലത്തുള്ള ഈ സ്റ്റാളും കടയുടെ പേരും കണ്ണിൽപ്പെടാതിരിക്കില്ല.
“എല്ലാ നാലുദിവസം കൂടുമ്പോഴും ഞങ്ങൾക്ക് 500 ലിറ്റർ വെള്ളം കിട്ടും,” 32 വയസ്സുള്ള ആ ചെറുപ്പക്കാരൻ തുടരുന്നു. “ഇതുകൊണ്ടുവേണം, ചായയുണ്ടാക്കാനും പാത്രങ്ങൾ കഴുകാനും മറ്റാവശ്യങ്ങൾ നടത്താനും. ഇതുപയോഗിച്ച് കുളിച്ചാൽ മുതലാവില്ല. 20-30 ലിറ്റർ പാഴായിപ്പോവും. ഓരോ കപ്പ് വെള്ളവും പ്രധാനമാണ്,” അയാൾ ഓർമ്മിപ്പിക്കുന്നു.
റസ്ദാൻ മലകളുടെ പശ്ചാത്തലമുള്ള ട്രാഗ്ബലിൽ, ചായയും കാപ്പിയും മാഗി നൂഡിൽസും മറ്റ് സാധനങ്ങളും വിൽക്കുന്ന ഒരു കട കഴിഞ്ഞ 12 വർഷങ്ങളായി നടത്തുകയാണ് മിർസ. “എന്റെ രണ്ടാം വീടാണ് ഇത്. ബുധനാഴ്ച മുതൽ ഞായറാഴ്ചവരെ, ആഴ്ചയിൽ അഞ്ചുദിവസം ഞാൻ ഇവിടെ താമസിക്കുന്നു. തിങ്കളാഴ്ച വീട്ടിൽപ്പോകും. ജോലിയുള്ള ദിവസമായതുകൊണ്ട്, അന്ന് അധികം സഞ്ചാരികളുണ്ടാവില്ല,” മിർസ പറയുന്നു. വടക്കൻ കശീരിലെ ബന്ദിപ്പൊരയിലുള്ള പെത്കൂട്ട് പ്രദേശത്താണ് അദ്ദേഹത്തിന്റെ വീട്. 30 കിലോമീറ്റർ അകലെ. കടയ്ക്കുള്ളിലെ 3 x 6 അടി വലിപ്പമുള്ള കിടപ്പുമുറിയിലാണ് അയാൾ രാത്രി കഴിയുന്നത്.








