പാൽഘർ ജില്ലയിലെ ഡഹനു ഉൾക്കടലിലെ ആഴം കുറഞ്ഞ നീർച്ചാലുകളെയും അടരുകളുള്ള മണൽത്തിട്ടകളെയും വെള്ളത്തിലാഴ്ത്തിക്കൊണ്ട് അറബിക്കടൽ വീണ്ടും കരയിലേക്ക് അടിച്ചുകയറുന്നു. അമിതാ താണ്ടേലിന് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടില്ല. വേലിയേറ്റത്തിന്റെ സമയാകുമ്പോൾ ഉണരാൻ പാകത്തിന് അവർ അലാറം വെക്കാറുണ്ട്. പാതിരാത്രി കഴിഞ്ഞുള്ള സമയത്ത്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഹെഡ്ലൈറ്റ് നെറ്റിയിൽ വെച്ചുകെട്ടി, 10-15 കിലോഗ്രാം ഭാരം വരുന്ന വല ചുമലിലേന്തി അവർ നടന്നുതുടങ്ങും. ഉൾക്കടലിലേയ്ക്ക് പ്രവേശിക്കാൻ 400 മീറ്റർ അകലമുള്ളിടത്ത് മറ്റൊരു സ്ത്രീ അവരെ കാത്തുനിൽപ്പുണ്ടാകും. "വർഷങ്ങളുടെ അനുഭവസമ്പത്തുകൊണ്ടാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ഞങ്ങൾ നേടുന്നത്. വേലിയേറ്റവും ഇറക്കവും എപ്പോഴായിരിക്കുമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനാകും," അവർ പറഞ്ഞു.
"അച്ഛനമ്മമാർ മത്സ്യബന്ധനം നടത്തുന്നത് കണ്ടാണ് ഞങ്ങളുടെ സമുദായത്തിലെ കുട്ടികൾ വളരുന്നത്. എനിക്ക് 15 വയസ്സുള്ളപ്പോൾ മുതൽ അച്ഛൻ എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നു. ഏറ്റിറക്കങ്ങളെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും ഉൾക്കടലിൽ മത്സ്യം സഞ്ചരിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുമെല്ലാം അച്ഛനാണ് എന്നെ പഠിപ്പിച്ചത്." 60 വയസ്സുള്ള അമിത അച്ഛന്റെ പാത പിന്തുടർന്ന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി ഏറ്റിറക്കങ്ങൾക്കൊത്ത് മത്സ്യബന്ധനം നടത്തുന്നു.
ഉൾക്കടലിന്റെ അരികിത്തെത്തുന്നതോടെ, അമിതയും മറ്റേ സ്ത്രീയും ചേർന്ന് 100 x 20 അടി വിസ്തീർണ്ണമുള്ള വല നിവർത്തി, അതിന്റെ രണ്ടറ്റവും പിടിച്ച് കടലിലിറങ്ങും. ഏകദേശം 30 അടി അകലത്തിൽ നടന്നുനീങ്ങുന്ന അവർ, വല വെള്ളത്തിൽ മുക്കിയും പിന്നെ വലിച്ചും മുന്നോട്ട് നടക്കും. വലയിൽ എത്രത്തോളം മീൻ കയറിയിട്ടുണ്ടെന്ന് കാണാൻ കഴിയാത്തതിനാൽ, വലയുടെ ഭാരത്തിലെ വ്യതിയാനമാണ് അവർ കണക്കാക്കുക.
"രാത്രി ഇരുട്ടത്ത് കാലിനടിയിലെന്താണെന്ന് കാണാനാകില്ല. നെറ്റിയിൽ ബാറ്ററി ലൈറ്റുകൾ കെട്ടിവച്ചാണ് ഞങ്ങൾ ജോലി ചെയ്യാറുള്ളത്. അതിന്റെ അരണ്ട വെളിച്ചത്തിലാണ് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്. ശക്തമായ തിരകൾ പ്രതിരോധിച്ച് നടക്കുന്നതിനിടെ ചെറിയ ഒരു പിഴവ് സംഭവിച്ചാൽപ്പോലും സന്തുലനം നഷ്ടപ്പെടും. ഏത് നിമിഷവും അപകടമുണ്ടാകാം. പലപ്പോഴും കഴുത്തറ്റം വെള്ളത്തിൽനിന്നാണ് ഞങ്ങൾ ജോലി ചെയ്യാറുള്ളത്. പക്ഷെ മീൻ പിടിക്കാതെ മടങ്ങിയാൽ അന്നത്തെ ചിലവിന് പണം ഉണ്ടാകില്ലെന്ന ബോധ്യമുള്ളതുകൊണ്ട് ഞങ്ങൾ ജോലി തുടരും." പലപ്പോഴും നാല് മണിക്കൂറിൽക്കൂടുതൽ സമയം കടലിൽ ചിലവിടുന്ന അമിത, വലയിൽ വേണ്ടത്ര മീൻ ലഭിച്ചാൽ മാത്രമാണ് മടങ്ങുക.
അമിതയെപ്പോലെ, സ്വന്തമായി ബോട്ടില്ലാത്ത അനേകം സ്ത്രീപുരുഷന്മാർ, 20 കിലോമീറ്റർ നീളത്തിലുള്ള ഈ ഉൾക്കടലിൽ കൈകൊണ്ട് മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. ഡഹനു താലൂക്കയിലെ വരോർ ഗ്രാമത്തിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലത്തിലാണ് ഈ ഉൾക്കടൽ സ്ഥിതി ചെയ്യുന്നത്. വേലിയിറക്ക സമയത്ത് പ്രത്യക്ഷപ്പെടുകയും വേലിയേറ്റ സമയത്ത് കാണാതാവുകയും ചെയ്യുന്ന വേലിത്തട്ട് പ്രദേശത്തിന്റെ ഭാഗമാണ് ഈ ഭൂപ്രദേശം. "ഞാൻ കടലിൽ ഇറങ്ങാതിരുന്നാൽ പിന്നെ ഞങ്ങൾ എന്ത് കഴിക്കും?" അമിത ചോദിക്കുന്നു.




















