അഞ്ചര പതിറ്റാണ്ടുകാലം, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലാണ് സംഗത് റാം കഴിഞ്ഞത്. വിരലുകൾകൊണ്ട് ആ നേരിയ അതിർത്തി കാട്ടിത്തന്നുകൊണ്ട് അദ്ദേഹം പറയുന്നു, “ഒരിത്തിരി ബാലൻസ് തെറ്റിയാൽ മതി, നിങ്ങൾ മുങ്ങിപ്പോവും.” കുത്തിയൊഴുകുന്ന, തണുത്ത ബിയാസിൽ അക്കരെ കടക്കുക എന്നത് കുട്ടിക്കളിയല്ല. പ്രത്യേകിച്ചും, ഊതിവീർപ്പിച്ച ഒരു എരുമത്തോലിലാണ് തുഴയുന്നതെങ്കിൽ. നൂറ്റാണ്ടുകളായി പുഴ കടക്കാൻ ഈയൊരു മാർഗ്ഗമാണ് ഉണ്ടായിരുന്നത്.
ഹിമാചൽ പ്രദേശിലെ കുളു താഴ്വരയിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ താരുവാണ് (പുഴയിലെ തോണിക്കാർ) 89 വയസ്സുള്ള അദ്ദേഹം. ഈ നൂറ്റാണ്ടിൻ്റെ ആദ്യത്തോടെ, പുഴകൾക്ക് കുറുകേ പലയിടത്തും പാലങ്ങളും ഝൂലകളൂം (കൈകൊണ്ട് വലിക്കുന്ന കയറിൽക്കെട്ടിയ ട്രോളികൾ) വന്നതോടെ ഇല്ലാതായതാണ് അദ്ദേഹത്തിൻ്റെ തൊഴിൽ. അതിനുമുമ്പ്, വിഗ്രഹങ്ങളും, രാജാക്കന്മാരും, വിവാഹഘോഷയാത്രക്കാരും, മൃതദേഹങ്ങളും, വിളകളും, വലിയ തായ്ത്തടികളും, അങ്ങിനെ എല്ലാമെല്ലാം അദ്ദേഹത്തിൻ്റെ ‘ദിരിയ’യിൽ, ആകാശത്തെ സാക്ഷി നിർത്തി, പുഴ കടന്നിരുന്നു.
ബിയാസ് നദി കടക്കുന്നതിന് ഒരുകാലത്ത് ഉപയോഗിച്ചിരുന്ന ഊതിവീർപ്പിച്ച എരുമത്തോലാണ് ദിരിയ. രണ്ടായിരം വർഷങ്ങൾക്കുമുമ്പ്, അലക്സാണ്ടർ ചക്രവർത്തി, ഇന്ത്യയിലെ തൻ്റെ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ച കാലത്തുപോലും ദിരിയ നിലനിന്നിരുന്നു എന്ന് പഴമ്പുരാണങ്ങൾ പറയുന്നു. ആർത്തലയ്ക്കുന്ന ആ പുഴ കടക്കാനാവില്ലെന്ന് ഗ്രീക്കുകാർ കരുതി. അലക്സാണ്ടർ നേരിട്ട ഏറ്റവും വലിയ തടസ്സമായിരുന്നു ബിയാസ് നദി. ആ കിഴക്കനതിർത്തിക്കപ്പുറത്തേക്ക് തൻ്റെ ജൈത്രയാത്ര തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
ബിയാസിൻ്റെ ഇരുകരകളേയും യോജിപ്പിച്ചുകൊണ്ട്, നൂറ്റാണ്ടുകളോളം ഈ ദിരിയകൾ സഞ്ചരിച്ചിരുന്നു. അവരിലൊരുപക്ഷേ സംഗത് റാമിൻ്റെ പൂർവ്വികരുമുണ്ടായിരുന്നിരിക്കാം. ഉയർന്ന പ്രദേശമായ ബിയാസ് കുണ്ഡിൽനിന്ന് ഉത്ഭവിക്കുന്ന ആ നദി, 470 കിലോമീറ്റർ പിന്നിട്ടിട്ടാണ് പഞ്ചാബ് സമതലത്തിലെ ഹരികെയിലുള്ള സത്ലജുമായി ഇടകലരുന്നത്.










