“ഗുദൊക് വിളമ്പിയില്ലെങ്കിൽ പല ഉപഭോക്താക്കളും ഇവിടെനിന്ന് കഴിക്കില്ല,” ചന്ദൻ ചക്മ പറയുന്നു. 37 വയസ്സുള്ള ചന്ദനും 36 വയസ്സുള്ള ഭാര്യ ഷമാരുവും കഴിഞ്ഞ എട്ട് കൊല്ലമായി ഹോട്ടലിൽ വിളമ്പുന്ന വിഭവമാണ് അത്. പുളിപ്പിച്ച മത്സ്യവും പച്ചക്കറിയും ഉപയോഗിച്ചുണ്ടാക്കിയ ഗുദൊക്ക്, ത്രിപുരയിലെ ഉനകോടി ജില്ലയിലെ ചക്മ സമുദായക്കാരുടെ പരമ്പരാഗത ഭക്ഷണമാണ്.
വിവാഹിതരായി 20 വർഷം കഴിഞ്ഞ ഈ ദമ്പതികൾ, ശാന്തിനഗർ എന്ന അവരുടെ ഗ്രാമത്തിലാണ് ഈ ഹോട്ടൽ നടത്തുന്നത്. രണ്ട് പെണ്മക്കളുണ്ട് അവർക്ക്. 12—ആം ക്ലാസ്സുകാരി ജെസ്സിക്കയും, 8-ആം ക്ലാസുകാരി ചെവോണ്ണെയും.
“ഞങ്ങളുടെ സ്വത്വത്തിനോടടുത്തുനിൽക്കുന്ന വിഭവമാണിത്,” ത്രിപുരയിൽ പട്ടികഗോത്രമായി അടയാളപ്പെടുത്തിയിട്ടുള്ള ചക്മ സമുദായക്കാരുടെ എണ്ണം, ഏറ്റവുമൊടുവിലത്തെ സെൻസസനുസരിച്ച് 80,000-നടുത്താണ്.
ഹോട്ടലിൽ, വർഷത്തിൽ എല്ലാ മാസവും ലഭിക്കുന്ന വിഭവമാണ് ഗുദൊക്ക് എന്ന് അവർ പറയുന്നു. മൂന്ന് മുറികളുള്ള ജെസ്സിക്ക ഹോട്ടലിൽ ഒരുസമയത്ത് 40 പേർക്ക് ഭക്ഷണം കഴിക്കാം. താലിയുടെ (ഭക്ഷണത്തിന്റെ) വില 100-നും 160-രൂപയ്ക്കുമിടയിലാണ്. താലിയിലെ രുചികരമായ വിഭവമാണ് ഗുദൊക്ക്.
“വീട്ടിൽക്കൊണ്ടുപോകാൻ പാകത്തിൽ ഗുദൊക്ക് പ്രത്യേകമായി വിൽക്കാൻ ആളുകൾ ആവശ്യപ്പെടാറുണ്ട്,” ചന്ദൻ പറയുന്നു. വീട്ടിലും അവർ ഇത് ഉപയോഗിക്കാറുണ്ട്. “ഇവിടെയുള്ള എല്ലാ സമുദായക്കാർക്കും ഇഷ്ടമാണ് ഇത്,” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഹലാം, മോഗ്, ദെബ്ബർമ, ബംഗാളി സംസാരിക്കുന്നവർ എന്നിവരാണ് മറ്റ് ഗോത്രക്കാർ. ബംഗ്ലാദേശിൽനിന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് ശാന്തിനഗറിലേക്ക് കുടിയേറിയവരാണ് അവർ.
പുളിപ്പിച്ച മീനും പച്ചക്കറിയുമുപയോഗിച്ചുണ്ടാക്കുന്നതാണ് ഗുദൊക്ക്. പുളിപ്പിച്ച മീനിന് പ്രാദേശികഭാഷയിൽ ബെർമ അഥവാ ഷിദൾ എന്നാണ് പേര്. പുൺടി (പുണ്ടിയസ് സൊഫോർ), ഫായ്ഷ (സെപ്റ്റിപിന്നഫാസ) എന്നീ ഇനം മത്സ്യങ്ങളാണ് ഉപയോഗിക്കുന്നത്. “ഞങ്ങൾ ഫായ്ഷഹിദോളാണ് ഉപയോഗിക്കുന്നത്. അതിന് ഒരു വ്യത്യസ്തമായ രുചിയും എരിവുമുണ്ട്,” ചന്ദൻ പറയുന്നു. കിലോഗ്രാമിന് 500 രൂപയ്ക്കാണ് നാട്ടിലെ ചന്തയിൽനിന്ന് ഷിദൾ വാങ്ങുന്നത്.










